TOPICS COVERED

വേദി– അഫ്ഗാനിസ്ഥാനിലെ ദേശീയ ക്രിക്കറ്റ് ലീഗ്, മല്‍സരിക്കുന്നത് അമോ റീജിയണും ഐനക് റീജിയണും. പന്തെറിയുന്നത് അഫ്ഗാനിസ്ഥാന് രാജ്യാന്തര ക്രിക്കറ്റില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത ഐനക് റീജിയണ്‍  താരം ഓള്‍റൗണ്ടര്‍, മുഹമ്മദ് നബി. മറുവശത്ത് ബാറ്റുചെയ്യുന്നത് പതിനെട്ടുകാരന്‍ പയ്യന്‍ ഹസന്‍ ഇസഖീല്‍. എട്ടാം ഓവറിലെ ആദ്യ പന്ത് തന്നെ ഹസന്‍ ഇസഖീല്‍ സിക്സറടിച്ചതോടെ ക്രിക്കറ്റിലെ അപൂര്‍വകാഴ്ച പിറവിയെടുത്തു. കളത്തില്‍ സിക്സറടിച്ച് അച്ഛനെ വരവേറ്റ മകനായി ഹസന്‍ ഇസഖീല്‍. 36 പന്തില്‍ 52 റണ്‍സെടുത്ത ഇസഖീലിന്റെ മികവില്‍ അമോ റീജിയണ്‍ 162 റണ്‍സെടുത്തു. ടീമിന്റെ ടോപ് സ്കോററായി ഇസഖീല്‍. ഒരോവര്‍ മാത്രമെറിഞ്ഞ മുഹമ്മദ് നബി വഴങ്ങിയത് 12 റണ്‍സ്.

കഴിഞ്ഞവര്‍ഷം  ചാംപ്യന്‍സ് ട്രോഫിക്ക് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനിരുന്ന മുഹമ്മദ് നബി, തീരുമാനം മാറ്റാന്‍ കാരണം മകനാണ്. ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മകനൊപ്പം രാജ്യാന്തര മല്‍സരം കളിക്കുന്നത് ഒരു സ്വപ്നമാണെന്ന് നബി വെളിപ്പെടുത്തിയിരുന്നു. ഓപ്പണിങ് ബാറ്ററായ ഹസന്‍ ഇസഖീല്‍ 25 ട്വന്റി 20 മല്‍സരങ്ങളില്‍ നിന്നായി 599 റണ്‍സ് നേടിയിട്ടുണ്ട്. അഫ്ഗാന്‍ ജേഴ്സിയില്‍ അച്ഛനെയും മകനെയും കാണാനും അധികം കാത്തിരിക്കേണ്ടി വരില്ല.

ഓപ്പണിങ് ബാറ്ററായ ഹസന്‍ കഴിഞ്ഞവര്‍ഷം 45 പന്തില്‍ നിന്ന് 150 റണ്‍സ് അടിച്ചെടുത്തതോടെയാണ് ശ്രദ്ധേയനാകുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയ ചരിത്രവുമുണ്ട് ഹസന്‍ ഇസഖീലിന്. 16ാം വയസില്‍ അഫ്ഗാനിസ്ഥാന്‍ അണ്ടര്‍ 19 ടീമിനായി അരങ്ങേറ്റം കുറിച്ച ഹസന്‍ ഇന്ത്യ അണ്ടര്‍ 19 ടീമിനെതിരായ മല്‍രത്തില്‍ 32 പന്തില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 19 ലോകകപ്പിലും ഹസന്‍ അഫ്ഗാന്‍ ജേഴ്സിയണിഞ്ഞു.

ENGLISH SUMMARY:

In a rare moment in Afghan cricket, 18-year-old Hasan Ishaqil hit a six off his father Mohammad Nabi’s delivery during a National League match between Amo and Ainak Regions. Hasan top-scored with 52 off 36 balls, while Nabi conceded 12 runs in a single over. The emotional encounter symbolized a full-circle cricketing moment. Once planning to retire, Nabi had stayed in cricket to play alongside his son — a dream now nearing reality as the duo prepares for a possible national call-up. Hasan’s rise includes a 150-run blitz, U-19 World Cup representation, and a debut first-class century.