5 പന്തില്‍ 5 വിക്കറ്റെടുക്കാനാകുമോ സക്കീര്‍ ഭായ്ക്ക്? സക്കീര്‍ ഭായ്ക്ക് പറ്റില്ലായിരിക്കും. പക്ഷേ അയര്‍ലണ്ടിന്‍റെ കര്‍ട്ടിസ് കാംഫെറിന് പറ്റും. ഇന്‍റര്‍ പ്രൊവിന്‍ഷ്യല്‍ ടി–20 ട്രോഫിയിലാണ് കാംഫെറിന്‍റെ ഈ അത്ഭുത ബൗളിങ് പ്രകടനം.
നോര്‍ത്ത് വെസ്റ്റ് വാരിയേഴ്സിനെതിരെ ബൗള്‍ ചെയ്യാന്‍ പന്തെടുക്കുമ്പോള്‍ ഇത് ചരിത്രമാകുമെന്ന് കര്‍ട്ടിസ് കാംഫെര്‍ പോലും ചിന്തിച്ചു കാണില്ല. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 5 പന്തില്‍ 5 വിക്കറ്റ് നേടുന്ന ആദ്യ ക്രിക്കറ്റ് താരം എന്ന പെരുമ കാംഫെറിന് സ്വന്തം. മണ്‍സ്റ്റര്‍ റെഡ്സും നോര്‍ത്ത് വെസ്റ്റ് വാരിയേഴ്സും തമ്മിലായിരുന്നു മത്സരം.
മണ്‍സ്റ്ററിന്‍റെ നായകനും ഓള്‍റൗണ്ടറുമാണ് കാംഫെര്‍. 189 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ച് വാരിയേഴ്സിനെ എറിഞ്ഞു വീഴ്ത്താന്‍ കാത്തിരുന്നു കാംഫെറും സംഘവും. വാരിയേഴ്സ് വീണതാകട്ടെ ഒരു വലിയ വാരിക്കുഴിയിലും. കാംഫെര്‍ എറിഞ്ഞ രണ്ട്, മൂന്ന് ഓവറുകളിലാണ് 5 വിക്കറ്റും വീണത്.
87 ന് 5 എന്ന നിലയില്‍ പരുങ്ങിയ നോര്‍ത്ത് വെസ്റ്റ് വാരിയേഴ്സിന്‍റെ സ്കോര്‍ 88 ആയപ്പോഴേക്കും എല്ലാവരും വീണു, 2.3 ഓവറില്‍ 16 റണ്‍സ് വിട്ടുനല്‍കിയാണ് കാംഫെര്‍ 5 വിക്കറ്റ് വീഴ്ത്തിയത്. വിരലിനേറ്റ പരുക്ക് കാരണം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി–20 സീരീസുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരമാണ് ഈ കക്ഷി.