Cricket - Second Test - England v India - Edgbaston Cricket Ground, Birmingham, Britain - July 5, 2025 India's Shubman Gill celebrates after completing his century Action Images via Reuters/Paul Childs TPX IMAGES OF THE DAY
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ലോര്‍ഡ്സില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ കാത്ത് റെക്കോര്‍ഡ് പൂരം. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍റെയും ഗവാസ്കറിന്‍റെയും വിരാട് കോലിയുടെയുമടക്കമുള്ള റെക്കോര്‍ഡുകളാണ് ഗില്ലിനെ കാത്തിരിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് മാത്രം 585 റണ്‍സാണ് ഗില്‍ ഇതുവരെ അടിച്ചു കൂട്ടിയത്. ഇതില്‍ 430 റണ്‍സും എജ്ബാസ്റ്റനിലാണ് പിറന്നത്. എജ്ബാസ്റ്റനിലെ ജയത്തോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1–1 എന്ന നിലയിലാണ്. എജ്ബാസ്റ്റനില്‍ ഇന്ത്യയുടെ ആദ്യ ജയംകൂടിയായി ഇത്. എജ്ബാസ്റ്റനിലെ ആദ്യ ഇന്നിങ്സില്‍ 269 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 161 റണ്‍സും നേടിയ ഗില്‍ പ്ലെയര്‍ ഓഫ് ദ് മാച്ചുമായി.
India's captain Shubman Gill waves to the fans after their win against England on day five of the second cricket test match at Edgbaston in Birmingham, England, Sunday, July 6, 2025. (AP/PTI)(AP07_06_2025_000446B)
ഒറ്റ ഇന്നിങ്സില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന കോലിയുടെ റെക്കോര്‍ഡും ഒറ്റ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന റണ്‍സെന്ന ഗവാസ്കറുടെ റെക്കോര്‍ഡും ഗില്‍ തകര്‍ത്തിരുന്നു. ഇതിന് പുറമെ SENA രാജ്യങ്ങളില്‍ ഇരട്ട സെഞ്ചറി നേടുന്ന ആദ്യ ഏഷ്യന്‍ ബാറ്റസ്മാനും ഇരട്ട സെഞ്ചറി കൂടാതെ 150 റണ്‍സ് അതേ ടെസ്റ്റില്‍ നേടുന്ന ആദ്യ ബാറ്ററുമായി ഗില്‍ മാറി.
തകര്‍പ്പന്‍ ഫോം നിലനിര്‍ത്താനായാല്‍ നൂറ്റാണ്ട് പഴക്കമുള്ള സാക്ഷാല്‍ ബ്രാഡ്മാന്‍റെ റെക്കോര്‍ഡും ഗില്ലിന് മുന്നില്‍ വീഴും. 1936–37 ആഷസില്‍ ക്യാപ്റ്റനായിരിക്കെ ബ്രാഡ്മാന്‍ നേടിയ 810 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ഗില്ലിന് മുന്നിലുള്ളത്. നിലവില്‍ ഈ റെക്കോര്‍ഡില്‍ നിന്നും 225 റണ്‍സ് മാത്രം അകലെയാണ് ഗില്‍. അഞ്ച് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 90ന് മേല്‍ ശരാശരിയില്‍ മൂന്ന് സെഞ്ചറികളാണ് ബ്രാഡ്മാന്‍ നേടിയത്. 1930 ലെ ആഷസില്‍ ബ്രാഡ്മാന്‍ അടിച്ചു കൂട്ടിയ 974 റണ്‍സെന്ന റെക്കോര്‍ഡും ഗില്ലിനെ കാത്തിരിപ്പുണ്ട്. ആറ് ഇന്നിങ്സുകളില്‍ നിന്നായി 390 റണ്‍സ് നേടിയാല്‍ ഗില്‍ ഈ റെക്കോര്‍ഡിനൊപ്പമെത്തും.
Image Credit: AP
ഗില്‍ മിന്നും ഫോം തുടരുമെന്നും റെക്കോര്‍ഡ് സ്വന്തം പേരിലാക്കുമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലിപ് വെങ്സര്‍ക്കാറും പറയുന്നു. 'ഗില്‍ റെക്കോര്‍ഡ് തകര്‍ക്കുമോ എന്നതിനെക്കാള്‍, ഗില്ലിന് മുന്നില്‍ അതിനുള്ള സാധ്യതകള്‍ ഉണ്ടെന്നതാണ് പ്രധാനം. കിടിലന്‍ ഫോമിലാണ് ഗില്‍. ഗില്ലിന് അത് സാധിക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 11 ഇന്നിങ്സുകളില്‍ നിന്നാണ് ബ്രാഡ്മാന്‍ ആയിരം റണ്‍സ് തികച്ചത്. ആറ് ഇന്നിങ്സ് ബാക്കി നില്‍ക്കെ ഗില്ലിന് ഈ നേട്ടത്തിലെത്താന്‍ 415 റണ്‍സ് കൂടി മതി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൂന്ന് സെഞ്ചറികള്‍ ഗില്‍ ഇതിനകം നേടി. ഫോം തുടര്‍ന്നാല്‍ 1955 ല്‍ ഓസീസിനെതിരെ ക്ലൈഡ് വാല്‍കോട്ട് നേടിയ അഞ്ച് സെഞ്ചറിയെന്ന റെക്കോര്‍ഡും 1947 ല്‍ ബ്രാഡ്മാന്‍ ഇന്ത്യയ്ക്കെതിരെ നേടിയ 4 സെഞ്ചറികളെന്ന റെക്കോര്‍ഡും ഗില്‍ തകര്‍ക്കും.
148 റണ്‍സ് കൂടി നേടിയാല്‍ ടെസ്റ്റ് പരമ്പരയില്‍ ഒരിന്ത്യന്‍ ക്യാപ്റ്റന്‍ നേടിയ ഏറ്റവുമധികം റണ്‍സെന്ന സുനില്‍ ഗവാസ്കറിന്‍റെ (732) റെക്കോര്‍ഡ് പഴങ്കഥയാകും. 1978–79 സീസണിലായിരുന്നു ഈ റെക്കോര്‍ഡ് പിറന്നത്. 18 റണ്‍സ് കൂടി നേടിയാല്‍ ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരിന്ത്യന്‍ ബാറ്ററുടെ ഏറ്റവും മികച്ച പ്രകടനമെന്ന ദ്രാവിഡിന്‍റെ റെക്കോര്‍ഡ് മറികടക്കാം. 127 റണ്‍സിലേറെ നേടിയാല്‍ യശസ്വിയുടെ (712) ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരകളില്‍ ഒരിന്ത്യന്‍ ബാറ്ററുടെ ഏറ്റവും മികച്ച സ്കോറെന്ന നേട്ടവും സ്വന്തമാക്കാം.