ഇംഗ്ലണ്ടിന്റെ ബാസ്ബോളിന് ബ്രേക്കിട്ട് ഇന്ത്യ. ലോര്‍ഡ്സ് ടെസ്റ്റില്‍ ആദ്യം ദിനം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് നാലുവിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയില്‍. 99 റണ്‍സുമായി ജോ റൂട്ട് ഇന്ന് ബാറ്റിങ് പുനരാരംഭിക്കും. കൈവിരലിന് പരുക്കേറ്റ് ഋഷഭ് പന്ത് കളംവിട്ടത് ഇന്ത്യയ്ക്ക് ആശങ്കയായി. പകരം ധ്രുവ് ജ്യുറേലാണ് വിക്കറ്റ് കീപ്പറായത്.
ബാസ്ബോള്‍ കാലത്ത് ലോര്‍ഡ്സില്‍ ബാറ്റുചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന്റെ ശരാശരി മൂന്നുറണ്‍സ് മാത്രം. ഇംഗ്ലണ്ടിന്റെ സ്കോര്‍ 100 കടന്നത് 35ാം ഓവറിലെ നാലാം പന്തില്‍. ബാസ്ബോള്‍ എറയിലെ രണ്ടാമത്തെ വേഗതകുറഞ്ഞ ഇന്നിങ്സ്. ബുമ്രയെയും ആകാശ് ദീപിനെയും കരുതലോടെ നേരിട്ട ഇംഗ്ലീഷ് ഓപ്പണര്‍മാരെ മടക്കിയത് നിതീഷ് കുമാര്‍ റെഡ്ഡി. പിന്നെ കണ്ടത്ത് ക്ലാസിക ജോ റൂട്ട് ഇന്നിങ്സ്. റൂട്ടിന് കൂട്ടായി നിന്ന ഒലി പോപ്പ് 44 റണ്‍സില്‍ വീണു.
അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റനെ കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലണ്ടിനെ കാത്തു. ഇന്ത്യയ്ക്കെതിരെ 3000 ടെസ്റ്റ് റണ്‍സ് നേടുന്ന ആദ്യ താരമായി ജോ റൂട്ട്. 99 റണ്‍സില്‍ നില്‍ക്കെ സെഞ്ചുറി കുറിക്കാനുള്ള ജഡേജയടെ ക്ഷണം നിരസിച്ച റൂട്ട് സസ്പെന്‍സ് ഇന്നത്തേക്ക് മാറ്റിവച്ചു.