ബര്‍മിങ്ങാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 336 റണ്‍സ് ജയം. 608 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് 10 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് മാത്രമെ കൂട്ടിചേര്‍ക്കാന്‍ കഴിഞ്ഞുള്ളു. മഴ കാരണം ഒരു മണിക്കൂറിലേറെ വൈകിയാണ് അഞ്ചാം ദിവസത്തെ കളി തുടങ്ങിയത്. രണ്ടാമിന്നിങ്സില്‍ ആകാശ് ദീപ് 06 വിക്കറ്റുകള്‍ വീഴ്ത്തി. മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയലാണ് ഇംഗ്ലണ്ട് ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. ബര്‍മിങ്ങാമിലെ ഇന്ത്യയുടെ ആദ്യ ജയമാണ് ഇത്. 5 മല്‍സരങ്ങളുടെ പരമ്പരയില്‍ ജയത്തോടെ ഇന്ത്യ 1-1ന് സമനിലയില്‍ എത്തി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് കീഴില്‍ ഇന്ത്യയുടെ ആദ്യ വിജയമാണ്. റൺസ് അടിസ്ഥാനത്തിൽ വിദേശ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.
99 പന്തിൽ 88 റൺസെടുത്ത ജെയ്മി സ്മിത്താണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ ജെയ്മി സ്മിത്തിന്റെ പുറത്താകലോടെ തന്നെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ ഏറക്കുറെ അവസാനിച്ചിരുന്നു. ഒലി പോപ് (50 പന്തിൽ 24), ഹാരി ബ്രൂക്ക് (32 പന്തിൽ 23), ബെന്‍ സ്റ്റോക്സ് (73 പന്തിൽ 33), ക്രിസ് വോക്സ് (ഏഴ്), ബ്രൈഡൻ കാഴ്സ് (48 പന്തിൽ 38), ജോഷ് ടോങ് (രണ്ട്) എന്നിവരാണ് അവസാന ദിനം പുറത്തായ മറ്റ് ഇംഗ്ലണ്ട് ബാറ്റർമാർ.
മഴ കാരണം ഒരു മണിക്കൂറിലേറെ വൈകിയാണ് അഞ്ചാം ദിവസത്തെ കളി തുടങ്ങിയത്. ഒലി പോപിനെയും ഹാരി ബ്രൂക്കിനെയും പുറത്താക്കി പേസർ ആകാശ് ദീപാണ് അവസാന ദിനം ഇന്ത്യയ്ക്ക് ആദ്യ പ്രതീക്ഷകൾ നൽകിയത്. ബെൻ സ്റ്റോക്സും ജെയ്മി സ്മിത്തും സമനിലയ്ക്കായി പ്രതിരോധിച്ചു നിന്നതോടെ ഇന്ത്യ അപകടം മണത്തു. എന്നാൽ സ്പിന്നർ വാഷിങ്ടൻ സുന്ദറിന്റെ 41–ാം ഓവറിൽ സ്റ്റോക്സിനു പിഴച്ചു. പന്തിനു മേൽ നിയന്ത്രണം നഷ്ടമായപ്പോൾ സ്റ്റോക്സ് എൽബിഡബ്ല്യു ആയി മടങ്ങി.
ഒന്നാമിന്നിങ്‌സിൽ 180 റൺസ് ലീഡ് നേടിയ ഇന്ത്യ രണ്ടാമിന്നിങ്‌സിൽ ആറ് വിക്കറ്റിന് 427 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിങ്‌സിൽ ഇരട്ട സെഞ്ചറി നേടിയിരുന്ന ഗിൽ രണ്ടാമിന്നിങ്‌സിൽ 161 റൺസടിച്ചു. രവീന്ദ്ര ജഡേജ (69), ഋഷഭ് പന്ത് (65), കെ.എൽ. രാഹുൽ (55) എന്നിവർ അർധസെഞ്ചറികളുമായി തിളങ്ങി. കരുൺ നായർ 26 റൺസിന് പുറത്തായി. ഇതോടെയാണ് ഇന്ത്യയ്ക്ക് മൊത്തം 607 റൺസ് ലീഡ് ലഭിച്ചത്.