ബര്‍മിങ്ങാം ടെസ്റ്റില്‍ ഇന്ത്യയ്ക്കു വിജയ പ്രതീക്ഷയേകി ഇംഗ്ലണ്ടിന്റെ എട്ടാം വിക്കറ്റു വീണു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. സ്പിന്നർ വാഷിങ്ടൻ സുന്ദറിന്റെ പന്തിൽ സ്റ്റോക്സ് വിക്കറ്റിനു മുന്നിൽ കുടുങ്ങി. രണ്ടാമിന്നിങ്സില്‍ ആകാശ് ദീപ് 5 വിക്കറ്റുകള്‍ വീഴ്ത്തി. ബ്രൈഡൺ കാർസെയും ജോഷ് ടംഗുമാണ് ക്രീസില്‍.
നേരത്തെ, ക്രിസ് വോക്‌സും ജാമി സ്മിത്തും തമ്മിലുള്ള 46 റൺസിന്റെ കൂട്ടുകെട്ട് അവസാനിപ്പിച്ച് നിര്‍ണായകമായ ഏഴാം വിക്കറ്റ് സമ്മാനിച്ചത് പ്രശസ്ത് കൃഷ്ണയാണ്. വോക്‌സിനെ ഏഴ് റൺസിനാണ് പ്രശസ്ത് പുറത്താക്കിയത്. നേരത്തെ, ജാമി സ്മിത്ത് അഞ്ചാം അർദ്ധസെഞ്ച്വറി നേടിയപ്പോൾ ഇംഗ്ലണ്ടിന്റെ സമനില പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചിരുന്നു.
മഴ കാരണം ഒരു മണിക്കൂറിലേറെ വൈകിയാണ് അഞ്ചാം ദിവസത്തെ കളി തുടങ്ങിയത്. ഒലി പോപ് (50 പന്തിൽ 24), ഹാരി ബ്രൂക്ക് (32 പന്തിൽ 23) എന്നിവരാണ് അവസാന ദിനം പുറത്തായ മറ്റ് ഇംഗ്ലണ്ട് ബാറ്റർമാർ. പേസർ ആകാശ്ദീപിനാണു രണ്ടു വിക്കറ്റുകളും. നാലാം ദിനം ബാറ്റിങ് അവസാനിപ്പിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ബെൻ ഡക്കറ്റ് (15 പന്തിൽ 25), സാക് ക്രൗലി (പൂജ്യം), ജോ റൂട്ട് (16 പന്തിൽ ആറ്) എന്നിവര്‍ നാലാം ദിനം തന്നെ പുറത്തായിരുന്നു