FILE PHOTO: Cricket - Third Test - England v West Indies - Emirates Old Trafford, Manchester, Britain - July 25, 2020 England's Jofra Archer in action, as play resumes behind closed doors following the outbreak of the coronavirus disease (COVID-19) Martin Rickett/Pool via REUTERS/File Photo
നാലുവര്‍ഷത്തെ നീണ്ട ഇടവേള അവസാനിപ്പിച്ച് ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നു. ജൂലൈ രണ്ടിനാരംഭിക്കുന്ന എജ്ബാസ്റ്റന്‍ ടെസ്റ്റില്‍ ആര്‍ച്ചര്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടര്‍ന്ന് 2021 ഫെബ്രുവരിക്ക് ശേഷം ആര്‍ച്ചര്‍ ടീമില്‍ ഇടംപിടിച്ചിരുന്നില്ല. ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റ് ജയിച്ചതോടെയാണ് ബോളിങ് കൂടുതല്‍ മികച്ചതാക്കാന്‍ ലക്ഷ്യമിട്ട് ആര്‍ച്ചറെ ടീമിലേക്ക് വിളിച്ചത്. കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അഞ്ച് സെഞ്ചറികള്‍ നേടിയത് ഇംഗ്ലണ്ടിന് ക്ഷീണമായിരുന്നു.
ഐസിസി ചാംപ്യന്‍സ്ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായാണ് ആര്‍ച്ചര്‍ ഏകദിനത്തില്‍ അവസാനമായി കളിച്ചത്. നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്തയിടെയാണ് താരം ആഭ്യന്തര ക്രിക്കറ്റിലേക്കും മടങ്ങി വന്നത്. 13 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 42 വിക്കറ്റുകളാണ് ആര്‍ച്ചര്‍ ഇതുവരെ നേടിയത്. ജോഫ്ര ടീമിനൊപ്പം ചേരുന്നതിനായി കാത്തിരിക്കുകയാണെന്ന് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും പറയുന്നു.
ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സ് വിജയലക്ഷ്യം അനായാസമാണ് ഇംഗ്ലണ്ട് അവസാന ദിവസം മറികടന്നത്. അഞ്ച് വിക്കറ്റിന്‍റെ മിന്നുന്ന ജയം ഇംഗ്ലണ്ടിനായി ബെന്‍ ഡക്കറ്റും സാകും ജോ റൂട്ടും ജെയ്മിയും ഒത്തുപിടിച്ച് നേടി. നാലാം ഇന്നിങ്സില്‍ ഇത് രണ്ടാം തവണയാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്.
രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം ഇങ്ങനെ: ബെന്‍ സ്റ്റോക്സ്, ജോഫ്ര ആര്‍ച്ചര്‍, ഷോയബ് ബഷീര്‍, ജേക്കബ് ബെഥെല്‍, ഹാരി ബ്രൂക്, ബ്രൈഡന്‍ കാര്‍സ്, സാം കുക്, സാക് ക്രൗവ്ലി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ടന്‍, ഒലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്ത്, ജോഷ് ടങ്, ക്രിസ് വോക്സ്.