ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 800 ലധികം റണ്‍സ് നേടിയിട്ടും ഇന്ത്യയുടെ തോല്‍വിയിലെ പ്രധാന കാരണം ഫീല്‍ഡര്‍മാരുടെ മോശം പ്രകടനമായിരുന്നു. നാല് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയ യശസ്വി ജയ്സ്വാള്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. അവസാന ദിവസം ഇംഗ്ലീഷ് താരം ബെന്‍ ഡക്കറ്റിന്‍റെ നിര്‍ണായക ക്യാച്ചാണ് ജയ്സ്വാള്‍ നഷ്ടപ്പെടുത്തിയത്. മുഹമ്മദ് സിറാജിന്‍റെ ഓവറിലായിരുന്നു സംഭവം.
മുഹമ്മദ് സിറാജ് എറിഞ്ഞ 39–ാം ഓവറിലായിരുന്നു സംഭവം. ബെന്‍ ഡക്കറ്റ് ഉയർത്തിയടിച്ച പന്ത് പിടിച്ചെടുക്കാന്‍ ജയ്സ്വാൾ ഓടിയെത്തിയെങ്കിലും കയ്യിലൊതുങ്ങിയില്ല. ഡൈവ് ചെയ്തുള്ള ജയ്സ്വാളിന്‍റെ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതോടെ അലറിവിളിച്ചാണ് സിറാജ് ദേഷ്യം പ്രകടിപ്പിച്ചത്. ഡ്രസിങ് റൂമിലുണ്ടായിരുന്ന ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ജയ്സ്വാളിന്റെ പിഴവിൽ അസ്വസ്ഥനായി. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്‍റെ ടോപ്പ് സ്കോററായ ഡക്കറ്റ് വിജയത്തില്‍ നിര്‍ണായക സ്വാധീനമായി. 170 പന്തില്‍ നിന്ന് 149 റണ്‍സെടുത്താണ് ഡക്കറ്റ് പുറത്തായത്.
ലീഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. 371 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റിന്റെ തകർപ്പൻ സെഞ്ചുറിയുടെ (149 റൺസ്) മികവിൽ അനായാസം വിജയം കണ്ടു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. നേരത്തെ, ആദ്യ ഇന്നിങ്‌സിൽ 471 റൺസെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനെ 465 റൺസിന് പുറത്താക്കി ആറ് റൺസിന്റെ നേരിയ ലീഡ് നേടിയിരുന്നു.
രണ്ടാം ഇന്നിങ്‌സിൽ 364 റൺസിന് ഓൾഔട്ടായ ഇന്ത്യ, ഇംഗ്ലണ്ടിന് 371 റൺസ് വിജയലക്ഷ്യം നൽകി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 373 റൺസെടുത്ത് വിജയത്തിലെത്തുകയായിരുന്നു.