വിശാഖപട്ടണം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റ് ജയം. ദക്ഷിണാഫിക്ക് ഉയര്‍ത്തിയ 271 റണ്‍സ് വിജയലക്ഷ്യം 39.5 ഓവറില്‍ മറികടന്നു. യശസ്സി ജയസ്വാളിന്‍റെ 116 റണ്‍സ് സെഞ്ചറിയും രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അര്‍ധ സെഞ്ചറിയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. റാഞ്ചിയിലെ ആദ്യ ഏകദിനം ഇന്ത്യ ജയിച്ചിരുന്നു. നാഗപ്പൂരിലെ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു ജയം.
75 റണ്‍സെടുത്ത രോഹിത് ശര്‍മ കേശവ് മഹാരാജിന്‍റെ പന്തില്‍ പുറത്തായി. 65 റണ്‍സെടുത്ത കോലി പുറത്താകാതെ നിന്നു. ജയ്സ്വാളും രോഹിതും 155 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം വിക്കറ്റില്‍ 116 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് കോലിക്കൊപ്പം ജയ്സ്വാള്‍ ഉണ്ടാക്കിയത്.
ദക്ഷിണാഫ്രിക്ക 270 റണ്‍സിന് പുറത്തായി. ക്വിന്റന്‍ ഡി കോക്ക് സെഞ്ചുറി നേടി. ഒരുവിക്കറ്റിന് 114 റണ്‍സെന്ന നിലയില്‍ നിന്നാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായത്. 102 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എട്ടുവിക്കറ്റുകള്‍ നഷ്ടമായി. ടെംബാ ബാവുമ 48 റണ്‍സെടുത്തു. 106 റണ്‍സെടുത്ത ഡി കോക്ക് ഇന്ത്യയില്‍ ഏറ്റവുമധികം സെഞ്ചുറികളെന്ന ഡിവില്ലിയേഴ്സിന്റെ റെക്കോഡിന് ഒപ്പമെത്തി. ഡികോക്കിന്റെ ഇന്ത്യയിലെ ഏഴാം ഏകദിന സെഞ്ചുറിയാണ്. പ്രസിദ്ധ് കൃഷ്ണയും കുല്‍ദീപ് യാദവും നാലുവിക്കറ്റ് വീതം വീഴ്ത്തി.