ലീഡ്സ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ തിരിച്ചടിച്ച് ഇംഗ്ലണ്ട്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തിട്ടുണ്ട്. ഒലി പോപ്പിന്റെ സെഞ്ചുറിയും ബെന്‍ ഡക്കറ്റിന്റെ അര്‍ധസെഞ്ചുറിയുമാണ് ഇംഗ്ലണ്ടിന് കരുത്തായത്. ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റും വീഴ്ത്തിയത് ജസ്പ്രിത് ബുംറയാണ്.
125 പന്തുകളിലാണ് ഒലി പോപ്പ് സെഞ്ചറി തികച്ചത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സാക്ക് ക്രോലിയെ നഷ്ടമായെങ്കിലും ഇംഗ്ലണ്ടിനായി ഡക്കറ്റ് – പോപ്പ് സഖ്യം സെഞ്ചുറി കൂട്ടുകെട്ടൊരുക്കി. ബുംറയ്ക്ക് മുന്നില്‍ വിറച്ചെങ്കിലും ആദ്യസ്പെലില്‍ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഫീല്‍ഡര്‍മാരും കളിമറന്നതോടെയാണ് ഇംഗ്ലണ്ട് പിടിമുറുക്കിയത്. 62 റണ്‍സെടുത്ത ഡക്കറ്റിനെയും 28 റണ്‍സെടുത്ത ജോ റൂട്ടിനെയും പുറത്താക്കാന്‍ ബുംറ തന്നെ വേണ്ടിവന്നു. ബുംറയുെട നോബോളില്‍ ജീവന്‍ തിരിച്ചുകിട്ടിയ ഹാരി ബ്രൂക്കും ഒലി പോപ്പുമാണ് രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ക്രീസില്‍. ജസ്പ്രീത് ബുംറ 48 റണ്‍സ് വഴങ്ങിയ മൂന്നുവിക്കറ്റ് വീഴ്ത്തി.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 471 റണ്‍സിലാണ് അവസാനിച്ചത്. സെഞ്ചറിയടിച്ച ഋഷഭ് പന്തിന്‍റെ വിക്കറ്റിന് ശേഷം ഇന്ത്യന്‍ നിരയില്‍ മികച്ച ആര്‍ക്കും പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. രണ്ടാം ദിനം 41 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് ഏഴു വിക്കറ്റുകള്‍ നഷ്ടമായത്. രണ്ടാം ദിനം മൂന്നിന് 359 റണ്‍സ് എന്ന നിലയില്‍ മല്‍സരം പുനരാംരംഭിച്ച ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ. 20 റണ്‍സ് കൂട്ടിച്ചേര്‍ത്ത് 147 റണ്‍സിലാണ് ഗില്‍ പുറത്തായത്. പിന്നാലെ വന്ന കരുണ്‍ നായര്‍ പൂജ്യത്തിന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 137 റണ്‍സുമായി പന്ത് പുറത്തായതോടെ ഇന്ത്യന്‍ വാലറ്റത്തിന് കാര്യമായൊന്നും ചെയ്യാനായില്ല.
രവീന്ദ്ര ജഡേജ 11 റണ്‍സെടുത്തു. ജസപ്രീത് ബുംറ പൂജ്യത്തിന് പുറത്തായപ്പോള്‍ ഷര്‍ദുല്‍ ഠാക്കൂറും പ്രസിദ് കൃഷണയും ഓരോ റണ്‍സ് വീതം നേടി. മൂന്ന് റണ്‍സെടുത്ത മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ നിരയില്‍ പുറത്താകാതെ നിന്നത്.ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്കും ജോഷ് ടോങും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ന് വീണ ഏഴില് ആറു വിക്കറ്റും നേടിയത് ഇരുവരുമാണ്. ബൈഡന്‍ ക്രേസും ഷോയിബ് ബഷീറിനും ഓരോ വിക്കറ്റുണ്ട്.