FILE PHOTO: Cricket - 2025 ICC World Test Championship Final - South Africa v Australia - Lord's Cricket Ground, London, Britain - June 12, 2025 Australia's Marnus Labuschagne reacts after being cought by South Africa's Kyle Verreynne of the bowling of Marco Jansen Action Images via Reuters/Andrew Boyers/File Photo
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഓസീസ് ടീമില്‍ നിന്ന് മാര്‍നസ് ലബുഷെയ്ന്‍ പുറത്ത്. പരുക്കേറ്റ സ്റ്റീവന്‍ സ്മിത്തും കളിക്കില്ല. സാം കോണ്‍സ്റ്റസും ജോഷ് ഇംഗ്ലിസുമാണ് പകരക്കാര്‍. ബാര്‍ബഡോസില്‍ ബുധനാഴ്ചയാണ് ആദ്യ ടെസ്റ്റ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വിക്ക് പിന്നാലെ ബാറ്റിങ് ലൈനപ്പില്‍ അടിമുടി മാറ്റവുമായാണ് ഓസീസ് ഇറങ്ങുക.
Image: AFP
കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പരകളില്‍ പുറത്തിരുന്ന ശേഷമാണ് കോണ്‍സ്റ്റസ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഇംഗ്ലിസാവട്ടെ കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ തന്നെ സെഞ്ചറിയും നേടിയിരുന്നു. ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ മോശം പ്രകടനമാണ് ലബുഷെയ്ന് പുറത്തേക്കുള്ള വഴി വെട്ടിയതെന്നാണ് വിലയിരുത്തല്‍. ഫൈനലില്‍ ഓപ്പണറായി ഇറങ്ങിയിട്ടും 17 ഉം 22 റണ്‍സ് മാത്രമെടുക്കാനെ ലബുഷെയ്ന് കഴിഞ്ഞുള്ളൂ. ടീമിന്‍റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ലബുഷെയ്ന് സാധിക്കുന്നില്ലെന്നും ഫോം വീണ്ടെടുത്താല്‍ താരത്തിനായി ടീമിന്‍റെ വാതിലുകള്‍ തുറന്ന് തന്നെ കിടക്കുമെന്നും മുഖ്യ സെലക്ടറായ ജോര്‍ജ് ബെയ്ലി വ്യക്തമാക്കി. 2023 ല്‍ 34.91 ആയിരുന്നു ലബുഷെയ്ന്‍റെ ശരാശരി. കഴിഞ്ഞ വര്‍ഷമായപ്പോഴേക്ക് ഇത് 30.93ലേക്ക് ഇടിഞ്ഞു.
ലോര്‍ഡ്സ് ടെസ്റ്റിന്‍റെ മൂന്നാം ദിനം പന്ത് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നതിനിടെ ചെറുവിരലിന് പരുക്കേറ്റതാണ് സ്മിത്തിന് വിനയായത്. ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും സ്മിത്ത് ഒഴിവാക്കി. ടീമിനൊപ്പം ബാര്‍ബഡോസിലേക്ക് സ്മിത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ എട്ടാഴ്ച കൂടി സ്പ്ലിന്‍റ് ധരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
Australia's Josh Inglis plays a shot during the first one-day international (ODI) cricket match between India and Australia at the Punjab Cricket Association Stadium in Mohali on September 22, 2023. (Photo by ARUN SANKAR / AFP)
ബോക്സിങ് ഡേ ടെസ്റ്റില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കെതിരായി മികച്ച പ്രകടനം പുറത്തെടുത്തതിനാല്‍ കോണ്‍സ്റ്റസ് തന്നെയാകും ഉസ്മാന്‍ ഖവാജയ്ക്കൊപ്പം ഓപ്പണറാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലിസ് മധ്യനിരയിലും ഇറങ്ങിയേക്കും. ബാറ്റിങ് ഓര്‍ഡറില്‍ ഓസീസ് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പിച്ചിന്‍റെ സ്വഭാവം വിലയിരുത്തിയ ശേഷം രണ്ട് സ്പിന്നര്‍മാരെ ടീമില്‍ നിലനിര്‍ത്തണോ എന്നതിലും തീരുമാനമെടുക്കും.