വിരാട് കോലിയുടെ 18–ാം നമ്പര്‍ ജേഴ്സിയെച്ചൊല്ലി വിവാദം. ടെസ്റ്റില്‍ നിന്ന് വിരമിച്ച ഇതിഹാസത്തിന്റെ ജേഴ്സി നമ്പര്‍ റിട്ടയര്‍ ചെയ്യണമെന്നാണ് ആവശ്യം. ഇന്ത്യ എ ടീമിന്റെ മല്‍സരത്തില്‍ പേസര്‍ മുകേഷ് കുമാര്‍ 18–ാം നമ്പര്‍ ജേഴ്സിയണിഞ്ഞ് ഇറങ്ങിയതാണ് കോലി ആരാധകരെ ചൊടിപ്പിച്ചത്.
ഇംഗ്ലണ്ടില്‍ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യ എയ്ക്കായി പേസര്‍ മുകേഷ് കുമാര്‍ 18–ാം നമ്പര്‍ ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. സച്ചിന്റെ പത്താം നമ്പറും ധോണിയുടെ ഏഴാം നമ്പറും പോലെ കോലിയുടെ 18–ാം നമ്പറും റിട്ടയര്‍ ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് എത്തുന്ന പുതുമുഖങ്ങളായ സായി സുദര്‍ശനും അര്‍ഷ്ദീപ് സിങ്ങിനും പതിനെട്ടാം നമ്പര്‍ ജേഴ്സിയല്ല നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
സച്ചിന്റെ 10–ാം നമ്പർ 2013ൽ അദ്ദേഹം വിരമിച്ചതിനു ശേഷം പേസ് ബോളർ ഷാർദൂൽ ഠാക്കൂർ ഉപയോഗിച്ചിരുന്നു. വ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്ന് ഷാർദൂൽ പിന്നീട് 54–ാം നമ്പർ ജഴ്സിയിലേക്കു മാറി. പിന്നീടാർക്കും 10–ാം നമ്പർ ജഴ്സി ബിസിസിഐ നൽകിയതുമില്ല. ഐസിസി ചട്ടപ്രകാരം 1 മുതൽ 100 വരെയുള്ള ഏതൊരു ജഴ്സി നമ്പറും കളിക്കാർക്ക് ഉപയോഗിക്കാം.
ഏതെങ്കിലും പ്രത്യേക നമ്പർ ഔദ്യോഗികമായി റിട്ടയർ ചെയ്തതായി തീരുമാനിക്കാൻ അസോസിയേഷനുകൾക്ക് അധികാരമില്ല. അതിനാൽ സച്ചിന്റെയും ധോണിയുടെയും ജഴ്സി നമ്പർ റിട്ടയർമെന്റും അനൗദ്യോഗിക തീരുമാനമാണ്. ആരാധക രോഷം ഭയന്ന് ഇനിയാരും കോലിയുടെ 18–ാം നമ്പര്‍ ജേഴ്സിയണിയാനും സാധ്യതയില്ല. ബിസിസിഐ ഇതുവരെ ജേഴ്സി വിവാദത്തില്‍ പ്രതികരിച്ചിട്ടില്ല