Nagpur: Vidarbha's batter Karun Nair celebrates his century during the fourth day of the Ranji Trophy 2024-25 final cricket match between Kerala and Vidarbha, at Vidarbha Cricket Association (VCA) Stadium, in Nagpur, Saturday, March 1, 2025. (PTI Photo) (PTI03_01_2025_000227B)
എട്ടുവര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഒരു ഗംഭീര തിരിച്ചുവരവ് തന്നെ കാണാമെന്നതിന്റെ സൂചന നല്‍കി സന്നാഹമല്‍സരത്തില്‍ സെഞ്ചറി നേടി കരുണ്‍ നായര്‍. ഇംഗ്ലണ്ട് ലയണ്‍സ് – ഇന്ത്യ എ അനൗദ്യോഗിക ടെസ്റ്റ് മല്‍സരത്തിലാണ് കരുണിന്റെ സെഞ്ചറി നേട്ടം. മൂന്നാമനായി ഇറങ്ങിയ കരുണ്‍ നായര്‍ 155 പന്തില്‍ നിന്നാണ് സെഞ്ചറി തൊട്ടത്. കൗണ്ടി ക്രിക്കറ്റില്‍ കളിച്ചുള്ള പരിചയസമ്പത്തുമായാണ് കരുണ്‍ നായര്‍ ബാറ്റുചെയ്തത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ നോർത്താംപ്ടൻഷറിനായി കളിച്ചിട്ടുള്ള കരുണ്‍ ഗ്ലമോർഗനെതിരായ മല്‍സരത്തില്‍ 253 പന്തിൽ 202 റൺസ് നേടിയിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ, ചേതേശ്വർ പൂജാര എന്നിവര്‍ക്ക് ശേഷം ഇംഗ്ലിഷ് കൗണ്ടിയിൽ ഇരട്ടസെഞ്ചറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം കൂടിയാണ് കരുൺ നായർ.
മൂന്നാം നമ്പറിലിറങ്ങി സെഞ്ചറി നേടിയ കരുണിനെ എക്സ് പോസ്റ്റില്‍ അശ്വിന്‍ പ്രശംസിച്ചു. കോലിയും രോഹിത് ശര്‍മയുമില്ലാത്ത ബാറ്റിങ് നിരയുമായി ഇംഗ്ലണ്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഇന്ത്യയ്ക്കുള്ള ശുഭവാര്‍ത്തകൂടിയാണ് കരുണിന്റെ നേട്ടം. ഇതോടെ ലീഡ്സില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ തന്നെ കരുണിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാനുള്ള സാധ്യതയുമേറി
കരുണ്‍ – സര്‍ഫറാസ് ഖാന്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മല്‍സരത്തില്‍ 181 റണ്‍സ് നേടി. ഇന്ത്യ എ ടീമിനായി, നായകന്‍ അഭിമന്യൂ ഈശ്വരനും യശസ്വി ജയ്സ്വാളുമാണ് ഇന്നിങ്സ് ഓപണ്‍ ചെയ്തത്. അഭിമന്യൂ എട്ടുറണ്‍സെടുത്ത് പുറത്തായപ്പോള്‍ ജയ്സ്വാളിന് 24 റണ്‍സാണ് നേടാനായത്. സെഞ്ചറിക്ക് വെറും എട്ടുറണ്‍സ് അകലെ സര്‍ഫറാസ് ഖാന്‍ പുറത്തായി.