Image Credit: X/CrickTrack360
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് ശേഷം രാജ്യാന്തര മല്‍സരങ്ങളിലേക്ക് കടന്നിരിക്കുകയാണ് പാക്കിസ്ഥാന്‍. ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടക്കുന്ന മൂന്ന് ട്വന്‍റി 20 മല്‍സരങ്ങളുള്ള പരമ്പരയാണ് അടുത്തത്. പരമ്പരയില്‍ ഡിആര്‍എസ് ടെക്നോളജി ഒഴിവാക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. വലിയ ചെലവ് വരുമെന്നതിനാലാണ് പരമ്പരയില്‍ നിന്നും ഡിആര്‍എസ് ഒഴിവാക്കാനുള്ള തീരുമാനം.
പരമ്പരയോടുള്ള താല്‍പര്യ കുറവും പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. പരമ്പരയില്‍ ഡിആര്‍എസ് ഉപയോഗിക്കുന്നത് ബോര്‍ഡിനോ ബ്രോഡ്കാസ്റ്റര്‍ക്കോ ഗുണകരമല്ലെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യ–പാക്ക് സംഘര്‍ഷത്തിന് ശേഷം പുനരാരംഭിച്ച പാക്ക് ലീഗിലും ഡിആര്‍എസ് സൗകര്യമുണ്ടായിരുന്നില്ല.
പല പ്രമുഖ താരങ്ങളുമില്ലാതെയാണ് ബംഗ്ലാദേശ് ടീം എത്തുന്നത്. ഐപിഎല്‍ കളിക്കുന്നതിനിടെ പരിക്കേറ്റ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ പാക്കിസ്ഥാനിലേക്ക് എത്തില്ല. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പല താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും പരമ്പരയില്‍ നിന്നും പിന്മാറിയിട്ടുണ്ട്. മൂന്ന് മല്‍സരങ്ങളുള്ള പരമ്പരയില്‍ ലിട്ടന്‍ ദാസാണ് ബംഗ്ലാദേശിനെ നയിക്കുക. യുഎഇക്കെതിരായ ട്വന്‍റി 20 പരമ്പര 2-1 ന് തോറ്റ ശേഷമാണ് ബംഗ്ലാദേശ് പാക്കിസ്ഥാനിലേക്ക് എത്തുന്നത്.
ബുധനാഴ്ച മുതലാണ് മൂന്ന് മല്‍സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്. എല്ലാ മല്‍സരങ്ങളും ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് നടക്കുക. സാങ്കേതിക പ്രവര്‍ത്തകരില്ലാത്തതിനാല്‍ പിഎസ്എലിന്‍റെ രണ്ടാം ഘട്ടത്തിലും ഡിആര്‍എസ് ഇല്ലാതെയാണ് പാക്കിസ്ഥാന്‍ ടൂര്‍ണമെന്‍റ് നടത്തിയത്.