ഇംഗ്ലീഷ് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് മദ്യപാനം നിര്‍ത്തി. തല്‍ക്കാലത്തേക്ക് മദ്യപാനം നിര്‍ത്തിയെന്ന് ഒരു പോഡ്കാസ്റ്റില്‍ ബെന്‍ സ്റ്റോക്സ് തന്നെയാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ജനുവരി രണ്ട് മുതൽ ഒരു തുള്ളി മദ്യം പോലും കുടിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
തുടയുടെ പിന്‍ഭാഗത്തെ മസിലുകള്‍ക്കേറ്റ പരുക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ബെന്‍ സ്റ്റോക്സ് ആറുമാസത്തോളമായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഡിസംബറിൽ നടന്ന ന്യൂസീലൻഡ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെയാണ് മുപ്പത്തിമൂന്നുകാരനായ ബെന്‍ സ്റ്റോക്സിന് പരുക്കേറ്റത്. മല്‍സരത്തിന് നാലഞ്ചുദിവസം മുന്‍പ് മദ്യപിച്ചതാണോ പരുക്കിന് കാരണമായതെന്ന് അദ്ദേഹം സംശയിക്കുന്നു.
"ആദ്യത്തെ ഗുരുതര പരുക്കിന് ശേഷം, ഇത് എങ്ങനെ സംഭവിച്ചു എന്ന് ആലോചിച്ചു. നാലഞ്ച് ദിവസം മുമ്പ് മദ്യപിച്ചിരുന്നു, അത് പരുക്കിന് കാരണമായോ എന്നാണ് സംശയം. മദ്യപിക്കുന്നത് ഫിറ്റ്നസിന് ഗുണം ചെയ്യില്ലെന്ന് ഞാൻ മനസ്സിലാക്കി. അതുകൊണ്ട് ജീവിതശൈലി മാറ്റേണ്ടത് അത്യാവശ്യമായിരുന്നു." സ്റ്റോക്സ് പോഡ്കാസ്റ്റില്‍ പറഞ്ഞു. പരുക്ക് പൂര്‍ണമായും ഭേദമായി, കളിക്കളത്തിലേക്ക് തിരിച്ചെത്തും വരെ മദ്യപിക്കില്ലെന്നാണ് ബെന്‍ സ്റ്റോക്സിന്റെ നിലപാട്.
"ഞാൻ എന്നന്നേക്കുമായി മദ്യം ഉപേക്ഷിച്ചുവെന്ന് പറയാൻ കഴിയില്ല, പക്ഷേ ജനുവരി രണ്ട് മുതൽ ഞാൻ ഒരു തുള്ളി മദ്യവും കുടിച്ചിട്ടില്ല. പരുക്കിൽ നിന്ന് മുക്തി നേടുകയും കളിക്കളത്തിലേക്ക് തിരിച്ചുവരികയും ചെയ്യുന്നതുവരെ കുടിക്കില്ലെന്ന് ഞാൻ പ്രതിജ്ഞ ചെയ്തു."
വ്യാഴാഴ്ച സിംബാബ്‌വെയ്ക്കെതിരായ ട്രെന്റ് ബ്രിജ് ടെസ്റ്റില്‍ ബെന്‍ സ്റ്റോക്സ് ടീമില്‍ തിരിച്ചെത്തും. പരമ്പരാഗത വൈരികളായ ഓസ്ട്രേലിയക്കെതിരെ ഈ വര്‍ഷം അവസാനം തുടങ്ങുന്ന ആഷസ് ടെസ്റ്റ് പരമ്പരയ്ക്കു മുന്‍പായി പഴയ ഫോമിലേക്ക് തിരിച്ചെത്തുകയാണ് ബെന്‍ സ്റ്റോക്സിന്റെ ലക്ഷ്യം.