ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പിന്നാലെ വിരാട് കോലിയും വിരമിക്കുന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പരിശീലകന്‍ ഗൗതം ഗംഭീറുമായുള്ള പ്രശ്നങ്ങള്‍, ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയിലെ മോശം പ്രകടനം എന്നിങ്ങനെ വിരമിക്കലിന് ആരാധകര്‍ പല കാരണം പറഞ്ഞു. വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാന്‍ കാരണം കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണെന്നാണ് റിപ്പോര്‍ട്ട്.
ഏപ്രില്‍ ആദ്യവാരം തന്നെ വിരാട് കോലി ടെസ്റ്റ് മതിയാക്കുന്ന കാര്യം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെയും ബിസിസിഐ ഉന്നതരെയും അറിയിച്ചിരുന്നു. കുടുംബവുമായി കൂടുതല്‍ നേരെ ചിലവഴിക്കുന്നതിനായാണ് വിരമിക്കുന്നത് എന്ന് കോലി ഇവരെ അറിയിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനം വാതില്‍ക്കല്‍ നില്‍ക്കെ കോലിയുടെ തീരുമാനത്തോട് ബിസിസിഐ യോജിച്ചില്ല.
ധൃതിയില്‍ തീരുമാനമെടുക്കരുതെന്നും വിരമിക്കുന്നതിനെ പറ്റി കൂടുതല്‍ ചിന്തിക്കണമെന്നുമാണ് ബിസിസിഐയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും കോലിയോട് ആവശ്യപ്പെട്ടതായും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കോലി തീരുമാനത്തില്‍ ഉറച്ചു നിന്ന കോലി മേയ് ഏഴിന് കോലി വീണ്ടും ഇതേ ആവശ്യം ഉന്നയിച്ചു. ഓപ്പറേഷന്‍ സിന്ദൂരും പാക്കിസ്ഥാനെതിരായ സൈനിക നടപടിയും മൂര്‍ച്ചിച്ച സമയത്ത് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് മാറ്റിവെയ്ക്കാന്‍ ബിസിസിഐ കോലിയോട് ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍ ധാരണ പുറത്തുവന്നതിന് പിന്നാലെ തിങ്കളാഴ്ച വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് കോലി ബിസിസിഐയെയും സെലക്ടര്‍മാരെയും അറിയിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് മല്‍സരം കോലി കളിച്ചിരുന്നില്ല. രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനത്തിന് പിന്നാലെയാണ് തീരുമാനം. 2023 ഡിസംബറിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് കോലി കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പറന്നു. 2024 ല്‍ ഇന്ത്യ ട്വന്‍റി20 ലോകകപ്പ് നേടിയ ശേഷം കോലി ഇന്ത്യയിലേക്ക് മടങ്ങിയത് പ്രത്യേക വിമാനത്തിലാണ്. ഇന്ത്യയില്‍ ടീമിനൊപ്പം ആഘോഷത്തില്‍ പങ്കെടുത്ത ശേഷം ഇതേ വിമാനത്തില്‍ കോലി ഇംഗ്ലണ്ടിലേക്കാണ് മടങ്ങിയത്.
ഓസ്ട്രേലിയ്ക്കെതിരെ ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയില്‍ 1-3 ന് ടീം തോറ്റതിന് ശേഷം ദൈര്‍ഘ്യമേറിയ പര്യടനങ്ങളില്‍ 14 ദിവസത്തില്‍ കൂടുതല്‍ ദിവസം കുടുംബാംഗങ്ങളെ കൂടെകൂട്ടുന്നതിനെ ബിസിസിഐ വിലക്കിയിരുന്നു. ഇതില്‍ കോലി അതൃപ്തനായാണ് കോലി വിരമിക്കല്‍ തീരുമാനം കൈകൊണ്ടതെന്നാണ് റിപ്പോര്‍ട്ട്.