രോഹിത് ശര്‍മയ്ക്ക് പിന്നാലെ വിരാട് കോലികൂടെ വിരമിച്ചതോടെ ആരാധകരുടെ മനസില്‍ വില്ലനായി പരിശീലകന്‍ ഗൗതം ഗംഭീര്‍. സച്ചിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റ മുഖമായ വിരാട് കോലിക്ക് ഒരു വിടവാങ്ങല്‍ മല്‍സരം പോലും ഒരുക്കിയില്ലെന്നത് ബിസിസിഐയോടുള്ള ആരാധകരുടെ എതിര്‍പ്പിനും കാരണമാകുന്നു
ഇംഗ്ലണ്ടില്‍ ഒരുമല്‍സരമെങ്കിലും തോറ്റാല്‍ ഗൗതം ഗൗഭീറിനെ വിധിക്കാന്‍ കാത്തിരിക്കുന്നത് ഏറ്റവുംവലിയ രണ്ട് ഫാന്‍ ഗ്രൂപ്പുകളാണ്. ഹിറ്റ്മാന്‍ ഫാന്‍സും കിങ് കോലി ഫാന്‍സും. കഴിഞ്ഞ ഒരുപതിറ്റാണ്ട് കാലം ഇന്ത്യന്‍ ക്രിക്കറ്റിനെ ചുമിലേറ്റിയ വിരാട് കോലി ഈ വിടവാങ്ങലാണോ അര്‍ഹിച്ചതെന്നാണ് ആരാധകരുടെ ചോദ്യം. ഒപ്പം ഇംഗ്ലണ്ട് പര്യടനത്തിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ കോലി വിരമിക്കല്‍ പ്രഖ്യാപിച്ചത് ബിസിസിഐയുടെയും പരിശീലകന്റെയും സമ്മര്‍ദംകൊണ്ടാണന്ന് മറ്റൊരു വിഭാഗം. ഗംഭീര്‍ ചുമതലയേറ്റതിന് പിന്നാലെ ഇന്ത്യന്‍ ടീമിലെ സ്റ്റാര്‍ കള്‍ച്ചറിന് അന്ത്യമിടുമെന്ന് പ്രഖ്യാപനമെത്തിയിരുന്നു. പിന്നാലെ ദേശീയടീമില്‍ ഇടംവേണമെങ്കില്‍ രഞ്ജി ട്രോഫിയിലും കളിക്കണമെന്ന് നിബന്ധനയെത്തിയതോടെ കോലിയും രോഹിത്തും സംസ്ഥാനങ്ങള്‍ക്കായി കളത്തിലിറങ്ങി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാനായില്ലെങ്കില്‍ മൂന്ന് മുതിര്‍ന്ന താരങ്ങള്‍ക്ക് ടീമില്‍ ഇടംനഷ്ടമാകുമെന്നും ഭീഷണിയുയര്‍ന്നിരുന്നു. ഏതായാലും ഗംഭീര്‍ ആഗ്രഹിച്ചതുപോലെ യുവ ഇന്ത്യയെയാണ് പുതിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സൈക്കിളിന് തുടക്കമാകുമ്പോള്‍ കയ്യില്‍ കിട്ടിയിരിക്കുന്നത്. ഇനി ഇംഗ്ലണ്ടില്‍ എന്തുസംഭവിക്കുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍