Virat Kohli
ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരാട് കോലി വിരമിച്ചു. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം. പ്രയാസമുള്ളതെങ്കിലും ശരിയായ തീരുമാനമെന്ന് കോലി. വിരമിക്കുന്നത് പൂര്‍ണ സംതൃപ്തിയോടെ. പുഞ്ചിരിയോടെ കരിയര്‍ ഓര്‍മിക്കുമെന്നും കോലി. രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് കോലിയുടെയും വിരമിക്കല്‍ പ്രഖ്യാപനം.
2014 ഡിസംബറിലാണ് കോലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായത്. 36കാരനായ കോലി 123 ടെസ്റ്റുകളില്‍ നിന്നായി 9230 റണ്‍സുകളാണ് നേടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കോലിയുടെ ശരാശരി കുത്തനെ ഇടിഞ്ഞിരുന്നു. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ അഞ്ച് മല്‍സരങ്ങളില്‍ 23.75 ആയിരുന്നു കോലിയുടെ ശരാശരി. ഓഫ് സ്റ്റംപിലാണ് പരമ്പരയില്‍ ഏഴുതവണ കോലി പുറത്തായത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ താന്‍ ഒരിക്കല്‍ പോലും ഓസ്ട്രേലിയയില്‍ കളിച്ചിട്ടുണ്ടായിരുന്നില്ലെന്ന് ഇതേക്കുറിച്ച് കോലി ഐപിഎലിനിടയില്‍ പറഞ്ഞിരുന്നു. കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് ആ സമയത്ത് കടന്നുപോയതെന്നും താരം തുറന്ന് പറഞ്ഞു.
പുറത്ത് നിന്നും നിരാശപ്പെടുത്തുന്ന ഊര്‍ജത്തെ ഉള്ളിലേക്ക് എടുത്താല്‍ നിങ്ങള്‍ നിങ്ങളെ തന്നെ കടുത്ത സമ്മര്‍ദത്തിലാക്കും. പിന്നീട് രണ്ടോ മൂന്നോ ദിവസം മാത്രമേ ഈ പര്യടനത്തിലുണ്ടാകൂ, മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് സദാ ചിന്തിക്കും. കൂടുതല്‍ നിരാശയിലേക്ക് വീഴും. അതാണ് സത്യത്തില്‍ ഓസ്ട്രേലിയയില്‍ വച്ച് എനിക്ക് സംഭവിച്ചത്'- കോലി വിശദീകരിച്ചു. ആദ്യ ടെസ്റ്റില്‍ നന്നായി സ്കോര്‍ ചെയ്യാന്‍ പറ്റി. ഇതോടെ, കൊള്ളാം എന്ന് തോന്നി. പക്ഷേ കാര്യങ്ങള്‍ ഞാന്‍ വിചാരിച്ചത് പോലെയല്ല നടന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് സംഭവിച്ചത്. ഞാന്‍ എന്നോട് നീതി പുലര്‍ത്തേണ്ടതുണ്ട് എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും കോലി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം വിന്‍ഡീസിനെ തകര്‍ത്ത് ട്വന്‍റി20 ലോകകപ്പ് നേടിയതിന് പിന്നാലെ കോലി രാജ്യാന്തര ട്വന്‍റി20യില്‍ നിന്ന് വിരമിച്ചിരുന്നു. ഐപിഎല്‍ ഈ സീസണില്‍ 11 കളികളില്‍ നിന്നായി മൂന്ന് അര്‍ധ സെഞ്ചറികള്‍ ഉള്‍പ്പടെ 505 റണ്‍സാണ് കോലി അടിച്ചു കൂട്ടിയത്.