Image Credit: X/ AdarshCrkt
സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് പാക്കിസ്ഥാന്‍, അതിര്‍ത്തിയില്‍ ഇന്ത്യയ്ക്കെതിരെ പ്രകോപനം തുടങ്ങിയത്. ഇന്ത്യന്‍ തിരിച്ചടിയില്‍ പാക്കിസ്ഥാനിലെ സൂപ്പര്‍ ലീഗ് മല്‍സരങ്ങളും മാറ്റി. പാക്കിസ്ഥാനിലെ സംഘര്‍ഷാവസ്ഥ കണ്ട് വിദേശതാരങ്ങള്‍ കുട്ടികളെ പോലെ കരഞ്ഞുകൊണ്ടാണ് രാജ്യം വിട്ടതെന്നാണ് പുതിയ വിവരം.
എയര്‍പോര്‍ട്ട് അടച്ചെന്ന വാര്‍ത്ത ലഭിച്ചതോടെ ഇംഗ്ലീഷ് താരം ടോം കറന്‍ കുട്ടിയെ പോലെ കരഞ്ഞു. ഇനി പാക്കിസ്ഥാനിലേക്ക് ഇല്ലെന്നാണ് ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചല്‍ പറഞ്ഞത്. സംഘര്‍ഷ സമയത്ത് സഹതാരങ്ങള്‍ അനുഭവിച്ച സമ്മര്‍ദ്ദം വെളിപ്പെടുത്തിയ ബംഗ്ലാദേശ് സ്പിന്നര്‍ റാഷിദ് ഹുസൈനാണ് ഇക്കാര്യം പറഞ്ഞത്. പിഎസ്എല്ലിലെ വിദേശതാരങ്ങളെ യുഎഇയിലെത്തിച്ച ശേഷം അവിടെ നിന്നാണ് അവരുടെ നാട്ടിലേക്ക് വിമാനം ഏര്‍പ്പാടാക്കിയത്.
'സാം ബില്ലിംങ്സ്, ഡാരിൽ മിച്ചൽ, കുശാൽ പെരേര, ഡേവിഡ് വീസ്, ടോം കറൻ തുടങ്ങിയ വിദേശ കളിക്കാരെല്ലാം ഭയന്നിരുന്നു. ദുബായിൽ വന്നിറങ്ങിയപ്പോൾ, മിച്ചൽ എന്നോട് പറഞ്ഞു, ഇനി ഒരിക്കലും പാകിസ്ഥാനിലേക്ക് പോകില്ലെന്ന്, മൊത്തത്തിൽ അവരെല്ലാം ഭയന്നുപോയി' റിഷാദ് പറഞ്ഞു. ടോം കറന്‍ എയര്‍പോര്‍ട്ടിലെത്തിയ സമയം വിമാനത്തവളം അടച്ചിരുന്നു. അദ്ദേഹം ഒരുകുട്ടിയെ പോലെ കരഞ്ഞു. രണ്ടുമൂന്നു പേര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ചതെന്നും റിഷാദ് പറയുന്നു.
ശനിയാഴ്ച ചാർട്ടർ വിമാനം പറന്നുയർന്ന് 20 മിനുറ്റിന് ശേഷം വിമാനത്താവളത്തില്‍ മിസൈൽ ആക്രമണമുണ്ടായെന്ന് കേട്ടു. ഭയപ്പെടുത്തുന്ന വാര്‍ത്തയായിരുന്നു അത്. ദുബായിൽ എത്തിയപ്പോഴാണ് ആശ്വാസമായതെന്നും റിഷാദ് ഹുസൈന്‍ പറഞ്ഞു. ലാഹോർ ഖലന്ദേഴ്‌സ് താരമാണ് റിഷാദ്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് മുടങ്ങിയ പിഎസ്എല്‍ യുഎഇയില്‍ നടത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡ് താല്‍പര്യം കാണിക്കാത്തതിനാല്‍ മല്‍സരം നടത്തിപ്പ് പ്രതിസന്ധിയിലാണ്.