Image: x.com/rajasthanroyals
ഇന്ത്യന്‍ ക്രിക്കറ്റിലെ അദ്ഭുത ബാലനായ വൈഭവ് സൂര്യവംശി ഐപിഎലിലെ വൈറല്‍ താരമാണ്. 14കാരനായ വൈഭവിന്‍റെ തകര്‍പ്പന്‍ കളിക്ക് ലോകമെങ്ങും ആരാധകരുമുണ്ട്. ഇപ്പോഴിതാ, മുതിര്‍ന്ന താരമായ നിതീഷ് റാണയോട് 'ഒരു ബാറ്റു തരുമോ' എന്ന് കെഞ്ചുന്ന വൈഭവിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സാണ് സമൂഹമാധ്യമത്തിലൂടെ വിഡിയോ പുറത്തുവിട്ടത്.
റാണയുടെ ബാറ്റുകളില്‍ ഒന്ന് തരുമോയെന്ന വൈഭവിന്‍റെ ചോദ്യത്തിന് 'അഞ്ചെണ്ണം തരാം, പക്ഷേ നിന്‍റെ കയ്യില്‍ 14 ബാറ്റില്‍ കൂടുതല്‍ ഉണ്ടാവരുതെ'ന്നാണ് കളിയായി റാണ പറയുന്നത്. വൈഭവ് തിരിച്ചടിക്കുന്നുണ്ടെങ്കിലും കുട്ടിത്താരത്തിന്‍റെ കൈവശമുള്ള ബാറ്റുകളുടെ എണ്ണം കണ്ട് റാണ അമ്പരന്നിരിക്കുന്നത് വിഡിയോയില്‍ കാണാം.
അപ്പോള്‍ 'ഒരു ബാറ്റല്ലേ ചോദിച്ചുള്ളൂ, തന്നാലെന്താ' എന്ന ലൈനിലായി വൈഭവ്. ഒടുവില്‍ റാണ ആ സത്യം കണ്ടെത്തി. വൈഭവിന്‍റെ കയ്യില്‍ ഒന്നല്ല, പത്തുബാറ്റുകള്‍ ഉണ്ട്. ഞെട്ടല്‍ മാറാതെ, 'നിനക്ക് 10 ബാറ്റെന്തിനാ? കുറേയുണ്ടല്ലോ, വിരാട് ഭായ്ക്ക് പോലും ഇത്രയും ബാറ്റില്ല' എന്നായിരുന്നു റാണയുടെ മറുപടി. ഒടുവില്‍ കയ്യും കാലും പിടിച്ച് റാണയുടെ ബാറ്റുകളിലൊന്ന് വാങ്ങിയാണ് വൈഭവ് മടങ്ങിയതും. കന്നി ഐപിഎലിലെ മൂന്നാമത്തെ മല്‍സരത്തിലാണ് വൈഭവ് അതിവേഗ സെഞ്ചറി കുറിച്ചത്.
വൈഭവിന് ഐപിഎല്‍ അടിപൊളി ആയിരുന്നുവെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് ഇക്കുറി അങ്ങനെ ആയിരുന്നില്ല. 11 മല്‍സരങ്ങളില്‍ എട്ടും തോറ്റ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമായി. സഞ്ജുവിന്‍റെ അസാന്നിധ്യത്തില്‍ റിയാന്‍ പരാഗായിരുന്നു ടീമിനെ നയിച്ചത്. മൂന്ന് മല്‍സരങ്ങള്‍ കൂടിയാണ് രാജസ്ഥാന് ഈ സീസണില്‍ ശേഷിക്കുന്നത്.