ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ദുലീപ് മെന്‍ഡിസ് ക്ഷണിച്ചു, കേരള ക്രിക്കറ്റ് ടീം ക്ഷണം സ്വീകരിച്ചു. ഒമാന്‍ ദേശീയ ടീമിന്‍റെ ക്രിക്കറ്റ് ഡയറക്ടറാണ് ലൂയിസ് റോഹന്‍ ദുലീപ് മെന്‍ഡിസ്. രഞ്ജിട്രോഫി ക്രിക്കറ്റിന്‍റെ ഫൈനലിലെത്തിയ കേരളത്തിന്‍റെ പ്രകടനമാണ് അദ്ദേഹത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയത്. പിന്നാലെ ഒമാനിലേക്ക് ക്ഷണമെത്തി.

ശ്രീലങ്കയെ ലോകനിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് മെന്‍ഡിസ്. 1981 ല്‍  രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ടെസ്റ്റ് പദവി നല്‍കിയ ശ്രീലങ്കയ്ക്ക് വേണ്ടി 82 ല്‍ മെന്‍ഡിസ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ അരങ്ങേറി. മെന്‍ഡിസ് ക്യാപ്റ്റനും അര്‍ജുന രണതുംഗ വൈസ് ക്യാപ്റ്റനുമായിരുന്ന കാലത്താണ് ശ്രീലങ്ക അവഗണിക്കാനാകാത്ത ക്രിക്കറ്റ് ശക്തിയായി മാറിയത്. റോയ് ഡയസ്, റുമേഷ് രത്നായകെ, രവി രത്നായകെ, രഞ്ജന്‍ മെദുഗലെ തുടങ്ങിയവരൊക്കെ താരപദവിയിലേക്ക് ഉയര്‍ന്നതും അക്കാലത്താണ്.

1996 ല്‍ ശ്രീലങ്ക ലോകകപ്പ് നേടിയപ്പോള്‍ ടീ മാനേജറായിരുന്നു ദുലീപ്. ഇപ്പോള്‍ ഒമാന്‍ ക്രിക്കറ്റ് ടീം ഡയറക്ടറാണ് അദ്ദേഹം. രഞ്ജിട്രോഫി ക്രിക്കറ്റ് ഫൈനല്‍വരെ കുതിച്ചെത്തിയ കേരള ക്രിക്കറ്റ് ടീമിന്‍റെ  പ്രകടനം അദ്ദേഹം കൃത്യമായി പിന്തുടരുന്നുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ കേരള ടീമിന് നല്ലൊരു അവസരമായി മാറിയത്‌. നാലുദിവസത്തെ പരിശീലനത്തിന് ശേഷം കേരള  കേരള ടീം യാത്രതിരിച്ചു. പകലും രാത്രിയുമായി അഞ്ച് ഏകദിന മല്‍സരങ്ങളാണ് ഒമാനില്‍ കളിക്കുന്നത്. പരിശീലന മല്‍സരമാണെങ്കിലും ഐ.സി.സിയുടെ റാങ്കിങ്ങിലും ഇവ പരിഗണിക്കും. 

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ അംഗീകാരമുള്ള അഞ്ച് ഏകദിന മല്‍സരങ്ങളിലാണ് മുഹമ്മദ് അസറുദീന്‍റെ നേതൃത്വത്തിലുള്ള കേരള ടീം മാറ്റുരയ്ക്കുക. രഞ്ജിട്രോഫി ഫൈനലിലെത്തിയ കേരള ടീമിന്‍റെ ക്യാപറ്റന്‍ സച്ചിന്‍ ബേബി ഐ.പി.എല്ലില്‍ സണ്‍റൈസസ് ഹൈദ്രാബാദ് ടീമിലാണ്. പകരം മുഹമ്മദ് അസറുദീനാണ് ടീമിനെ നയിക്കുന്നത്. മംഗലപുരം സ്റ്റേഡിയത്തിലായിരുന്നു അവസാനവട്ട പരിശീലനം.

മുന്‍ഇന്ത്യന്‍ താരം ലാല്‍ചന്ദ് രാജ്‌പുത് പരിശീലിപ്പിക്കുന്ന യു.എ.ഇ ക്രിക്കറ്റ് ടീമുമായുള്ള പരിശീലന മല്‍സരത്തിനും കേരളത്തിന് ക്ഷണം കിട്ടിയിരുന്നു. രണ്ടുരാജ്യങ്ങള്‍ക്കെതിരെയും കളിക്കാനായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആലോചന. എന്നാല്‍ തീയതികള്‍ തമ്മില്‍ പ്രശ്നമുള്ളതിനാല്‍ ആദ്യം ക്ഷണിച്ചത് ഒമാനായതില്‍ അത് സ്വീകരിക്കുകയായിരുന്നുവെന്ന് കെ.സി.എ. സെക്രട്ടറി വിനോദ് എസ്. കുമാര്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അമേയ് ഖുറേസിയുടെ മേല്‍നോട്ടത്തിലാണ് പരിശീലനം. ഇതൊരു വലിയ അവസരമാണെന്നും യുവതാരങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും കേരള ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ പറയുന്നു. റെഡ്ബോളില്‍ നമ്മള്‍ മികവുകാട്ടി. അതേസമയം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വലിയ ടൂര്‍ണമെന്റുകള്‍ ജയിച്ചിട്ടില്ല. വൈറ്റ് ബോളിലും ജയങ്ങള്‍ നേടാനുള്ള വലിയ തയാറെടുപ്പുകൂടിയാണ് ഒമാനെതിരായ മല്‍സരമെന്നും അസര്‍ വിലയിരുത്തുന്നു. ശാരീരിക ക്ഷമതയ്ക്കുപുറമെ സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാനുള്ള വിദ്യകളും അമേയ് ഖുറേസിയ ടീമിനെ ശീലിപ്പിക്കുന്നു. പ്രാണായാമം, ചെറുയോഗമുറകള്‍ ഇതൊക്കെ പരിശീലനത്തിന്റെ ഭാഗമാണ്. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് മനസുപാകപ്പെടുത്താനും ഈ പരിശീലനം സഹായിക്കുന്നുവെന്ന് സല്‍മാന്‍ നിസാര്‍.

കേരളത്തിന്റെ അതിഥി താരങ്ങളായ ജലജ് സക്സേന, ആദിത്യ സെര്‍വാതെ, ബാബാ അപരാജിത് എന്നിവരും ടീമില്‍ ഇല്ല. പകരം യുവതാരങ്ങള്‍ക്ക് അവസരം നല്‍കി.അസറുദീന്‍,  രോഹന്‍ എസ് കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, സല്‍മാന്‍ നിസാര്‍, ഷോണ്‍ റോജര്‍ , പി എ അബ്ദുള്‍ ബാസിത് , ഗോവിന്ദ് ദേവ് ഡി. പൈ, ഏദന്‍ അപ്പിള്‍ ടോം ,അക്ഷയ് മനോഹര്‍, എന്‍. എം, ഷറഫുദീന്‍,എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍, ജൂനിയര്‍ തലത്തിലെ മികവുകൊണ്ട് ശ്രദ്ധനേടിയ അഭിഷേക് നായര്‍,  എസ് ശ്രീഹരി നായര്‍, ബിജു നാരായണന്‍ എന്‍, മാനവ് കൃഷ്ണ എന്നിവരാണ് ടീമില്‍. 20 മുതല്‍ 26 വരെയാണ് മല്‍സരങ്ങള്‍.

ENGLISH SUMMARY:

The former Sri Lankan cricket team captain Duleep Mendis has extended an invitation to the Kerala cricket team for a series of training matches in Oman. Duleep Mendis, currently serving as the Director of Cricket for Oman, has been following Kerala's impressive run to the Ranji Trophy final closely. His deep involvement in Sri Lankan cricket, especially during their 1996 World Cup win, marks him as a key figure in international cricket.