ചാംപ്യന്‍സ് ട്രോഫി നടത്തിപ്പില്‍ നഷ്ടമെന്ന റിപ്പോര്‍ട്ട് തള്ളി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. 29 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെത്തിയ ഐസിസി ടൂര്‍ണമെന്‍റ് ബോര്‍ഡിന്‍റെ വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടാക്കിയെന്ന് പാക്ക് ബോര്‍ഡ് അവകാശപ്പെട്ടു. 869 കോടി രൂപ ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാന് നഷ്ടമാണെന്നായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്.
ചാംപ്യന്‍സ് ട്രോഫി നടത്തിപ്പിലൂടെ പാക്കിസ്ഥാന്‍ ലോകത്തെ മൂന്നാമത്തെ വലിയ ക്രിക്കറ്റ് ബോര്‍ഡായി മാറിയെന്നാണ് പാക്കിസ്ഥാന്‍റെ അവകാശവാദം. പാക് ബോര്‍ഡ് 93 കോടി രൂപയോളം (3 ബില്യണ്‍ പാക് രൂപ) വരുമാനം നേടിയെന്ന് പിസിബി വക്താവ് ആമിർ മിർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജാവേദ് മുർതാസ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
എല്ലാ ചിലവുകളും ഐസിസിയാണ് ഏറ്റെടുത്തത്. ഗേറ്റ് മണി, ടിക്കറ്റ് വില്‍പ്പന എന്നിവയിലൂടെ ബോര്‍ഡിന് വരുമാനം ഉണ്ടായി. ചാംപ്യന്‍സ് ട്രോഫിയിലൂടെ 62.27 കോടിരൂപയുടെ വരുമാനമാണ് (2 ബില്യണ്‍ പാക് രൂപ) പാക് ബോര്‍ഡ് പ്രതീക്ഷിച്ചരുന്നത്. ഓഡിറ്റിന് ശേഷം 93 കോടി രൂപയോളം ഐസിസിയില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. 1,245.59 കോടി രൂപ ബോര്‍ഡ് നികുതി അടച്ചെന്നും മിര്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
താരങ്ങളുടെ മാച്ച് ഫീസ് 90 ശതമാനം കുറയ്ക്കാനുള്ള തീരുമാനം പിൻവലിച്ചതായും ബോര്‍ഡ് വ്യക്തമാക്കി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 10 ബില്യണ്‍ രൂപയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 40 ശതമാനം വര്‍ധനവ്. ഇതോടെ നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ലോകത്തെ മൂന്നാമത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡായി പാക്ക് ബോര്‍ഡ് മാറിയെന്നും പിസിബി അവകാശപ്പെട്ടു.
18 ബില്യണ്‍ രൂപയാണ് സ്റ്റേഡിയങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായി വകയിരുത്തിയത്. ഇതില്‍ 12 ബില്യണ്‍ ആദ്യഘട്ടത്തില്‍ അനുവദിച്ചു. 10.5 ബില്യണ്‍ ഇതുവരെ ചിലവഴിച്ചതായും ബോര്‍ഡ് വ്യക്തമാക്കി. ബാക്കി തുക ഉപയോഗപ്പെടുത്തി മറ്റു സ്റ്റേഡിയങ്ങളും കറാച്ചി, ഫൈസാബാജ്, റാവല്‍പിണ്ടി സ്റ്റേഡിയങ്ങളും നവീകരിക്കുമെന്നും ഇരുവരും വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ച വകയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് 869 കോടി രൂപ (85 മില്യണ്‍ ഡോളര്‍)യുടെ നഷ്ടമെന്നായിരുന്നു റിപ്പോര്‍ട്ട്. 58 മില്യണ്‍ ഡോളറാണ് റാവല്‍പിണ്ടി, ലോഹാര്‍, കറാച്ചി എന്നിവിടങ്ങളിലെ മൈതാനം നവീകരിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെലവാക്കിയത്. ആകെ ബജറ്റിന്‍റെ 50 ശതമാനത്തിലധികം ഈ ഇനത്തില്‍ ചിലവായി.
ഇതിനൊപ്പം 40 മില്യണ്‍ ഡോളര്‍ പരിപാടിയുടെ നടത്തിപ്പാനിയി ചിലവാക്കി. എന്നാല്‍ ഹോസ്റ്റിങ് ഫീസായി തിരികെ ലഭിച്ചതാകട്ടെ ആറു മില്യണ്‍ ഡോളര്‍ മാത്രമാണ്. ഇതോടെ പിസിബിക്ക് ഏകദേശം 85 മില്യൺ യുഎസ് ഡോളറിന്റെ നഷ്ടം സംഭവിച്ചതായാണ് നേരത്തെ വന്ന റിപ്പോര്‍ട്ട്.
----