രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭ ശക്തമായ നിലയില്‍. ഒന്നാംദിനം കളിയവസാനിക്കുമ്പോള്‍ ആതിഥേയര്‍ നാലുവിക്കറ്റിന് 254 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചറി നേടിയ ഡാനിഷ് മലേവാറും യഷ് താക്കുറുമാണ് ക്രീസില്‍. ഒരുഘട്ടത്തില്‍ മൂന്നിന് 24 എന്ന നിലയില്‍ പതറിയ വിദര്‍ഭയെ ഡാനിഷും മലയാളിതാരം കരുണ്‍ നായരും ചേര്‍ന്ന് നാലാംവിക്കറ്റില്‍ പടുത്തുയര്‍ത്തിയ ഡബിള്‍ സെഞ്ചറി കൂട്ടുകെട്ടാണ് രക്ഷിച്ചത്. തകര്‍പ്പന്‍ ഫോം തുടരുന്ന ഡാനിഷ് മലേവാര്‍ പുറത്താകാതെ 138 റണ്‍സെടുത്തു. 259 പന്തില്‍ 14 ബൗണ്ടറികളും രണ്ട് സിക്സറും ചേര്‍ന്നതാണ് മലേവാറിന്‍റെ ഇന്നിങ്സ്. സെഞ്ചറിയിലേക്ക് നീങ്ങുകയായിരുന്ന കരുണ്‍ നായരെ റോഹന്‍ കുന്നുമ്മല്‍ റണ്ണൗട്ടാക്കി. 188 പന്തില്‍ 86 റണ്‍സാണ് കരുണിന്‍റെ സംഭാവന. യഷ് താക്കുര്‍ അഞ്ചുറണ്‍സോടെ ക്രീസിലുണ്ട്.
ടോസ് നേടി വിദര്‍ഭയെ ബാറ്റിങ്ങിനയച്ച കേരളത്തിന്‍റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ആദ്യ രണ്ട് മണിക്കൂറുകള്‍. വെറും 24 റണ്‍സെടുക്കുന്നതിനിടെ വിദര്‍ഭയ്ക്ക് മൂന്ന് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായി. ഉജ്വലപ്രകടനം തുടര്‍ന്ന പേസര്‍ എം.ഡി.നിധീഷ് രണ്ടാം പന്തില്‍ പാര്‍ഥ് റേഖഡെയെ പുറത്താക്കി. ഏഴാം ഓവറില്‍ ദര്‍ശന്‍ നല്‍ഖണ്ഡെയെ നിധീഷ് ബേസിലിനെ കൈകളിലെത്തിച്ചു. അധികം വൈകാതെ രണ്ടാമത്തെ ഓപ്പണര്‍ ധ്രുവ് ഷോറെ ഈഡന്‍ ആപ്പിള്‍ ടോമിന്‍റെ പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി.
വിദര്‍ഭ വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഡാനിഷ് മലേവാറും കരുണ്‍ നായരും ഒന്നിച്ചത്. കേരള പേസര്‍മാരെയും സ്പിന്നര്‍മാരെയും ജാഗ്രതയോടെ നേരിട്ട സഖ്യം പിന്നീട് അനായാസം മുന്നേറി. നിധീഷിനും ഈഡനുമൊപ്പം കേരളത്തിന്‍റെ വിദര്‍ഭ താരം ആദിത്യ സര്‍വാതെയും ജലജ് സക്സേനയും ബേസിലും നന്നായി പന്തെറിഞ്ഞെങ്കിലും വിക്കറ്റ് കിട്ടിയില്ല.
നാഗ്പുരിലാണ് രഞ്ജി ട്രോഫി ഫൈനല്‍ അരങ്ങേറുന്നത്. രണ്ടുതവണ ജേതാക്കളായ വിദര്‍ഭയുടെ നാലാം ഫൈനലാണിത്. കേരളം ചരിത്രത്തിലാദ്യമായാണ് രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുന്നത്. ഒന്നാമിന്നിങ് ലീഡ് നിര്‍ണായകമായതിനാല്‍ വിദര്‍ഭയെ പരമാവധി കുറഞ്ഞ സ്കോറില്‍ ഒതുക്കാനാണ് കേരളത്തിന്‍റെ ശ്രമം. രണ്ടാംദിനം മുതല്‍ മികച്ച ബാറ്റിങ് ട്രാക്കായിരിക്കുമെന്ന സൂചനയാണ് നാഗ്പുര്‍ പിച്ച് നല്‍കുന്നത്.
Google Trending Topic - Vidarbha vs Kerala Ranji Trophy Final match