ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്‍റെ ബാറ്റിങ് മികവിലാണ് ഇന്ത്യ മുന്നേറുന്നത്. 229 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യന്‍ സ്കോര്‍ ഇതിനകം തന്നെ 4 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് കടന്നിട്ടുണ്ട്.
ഏകദിന കരിയറിലെ 16-ാം അര്‍ധ സെഞ്ചറി തികച്ച ഗില്‍ ഒരു അനാവശ്യ റെക്കോര്‍ഡും ഇതിനിടയില്‍ നേടി. ഏകദിന ക്രിക്കറ്റിലെ തന്‍റെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ സെഞ്ചറികളിലൊന്നാണ് ഗില്‍ ദുബായില്‍ ബംഗ്ലാദേശിനെതിരെ നേടിയത്. 69 പന്തില്‍ നിന്നാണ് ഗില്ലിന്‍റെ അര്‍ധ സെഞ്ചറി.
36 പന്തില്‍ 41 റണ്‍സ് നേടിയ രോഹിത് ശര്‍മ 11,000 ഏകദിന റണ്‍സ് കുറിച്ചു. വേഗത്തില്‍ 11,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് രോഹിത്. 261 ഇന്നിങ്സില്‍ നിന്നാണ് ഈ നേട്ടം. 276 ഇന്നിങ്സില്‍ നിന്നും ഈ നേട്ടത്തിലെത്തിയ സച്ചിനെയാണ് രോഹിത് മറികടന്നത്. 222 ഇന്നിങ്സില്‍ നിന്നും നേട്ടത്തിലെത്തിയ കോലിയാണ് മുന്നില്‍.
മറ്റൊരു റെക്കോര്‍ഡ് പേസര്‍ മുഹമ്മദ് ഷമിക്കാണ്. അഞ്ച് വിക്കറ്റ് നേടിയ ഷമി ഏകദിനത്തില്‍ വേഗത്തില്‍ 200 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോര്‍ഡും ഷമി സ്വന്തം പേരിലാക്കി. 10 ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്താണ് ഷമി അഞ്ചു വിക്കറ്റ് നേടിയത്.
എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തിലാണ് വേഗത്തില്‍ 200 വിക്കറ്റ് നേടുന്ന താരമായി ഷമി മാറിയത്. 5126 പന്തുകളില്‍ നിന്നാണ് ഷമി 200 ഏകദിന വിക്കറ്റ് നേടിയത്. ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് ഷമി മറികടന്നത്. 5240 പന്തില്‍ നിന്നാണ് സ്റ്റാര്‍ക്ക് 200 വിക്കറ്റ് നേടിയത്.
5,451 പന്തിൽ 200 വിക്കറ്റ് നേടിയ പാക്കിസ്ഥാന്‍റെ സ്പിന്നര്‍ സഖ്‌ലെയ്ൻ മുഷ്താഖാണ് മൂന്നാമത്. ഓസ്ട്രേലിയന്‍ പേസര്‍ ബ്രറ്റ് ലീ, ന്യൂസിലാന്‍ഡിന്‍റെ ട്രെന്‍ഡ് ബോള്‍ഡ്, പാക് ഇതിഹാസം വഖാർ യൂനിസ് എന്നിവരെയാണ് ഷമി മറികടന്നത്.
അതിവേഗത്തില്‍ 200 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറായും ഷമി മാറി. 133 മത്സരങ്ങളില്‍ നിന്ന് 200 വിക്കറ്റ് നേടിയ അഗാര്‍ക്കറെയാണ് ഷമി പിന്തള്ളിയത്. 104 കളിയില്‍ നിന്നാണ് ഷമിയുടെ നേട്ടം.