ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയ്ക്കായി ഓസ്ട്രേലിയക്ക് പോകുമ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍താരം കയറ്റി അയച്ചത് 250 കിലോ ലഗേജെന്ന് വെളിപ്പെടുത്തല്‍. 17 ബാറ്റുകള്‍ ഉള്‍പ്പടെ 27 ബാഗുകള്‍ താരത്തിനുണ്ടായിരുന്നുവെന്നും ലക്ഷങ്ങള്‍ ബിസിസിഐ അധികത്തുകയായി അടയ്ക്കേണ്ടി വന്നുവെന്നുമാണ് 'ദൈനിക് ജാഗരണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്.
താരത്തിന്‍റെ ബാഗുകള്‍ക്ക് പുറമെ കുടുംബാംഗങ്ങളുടെയും സഹായികളുടെയും സ്വകാര്യ ബാഗുകളും ഇക്കൂട്ടത്തില്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്‍റേതൊഴികെയുള്ള ലഗേജുകള്‍ക്ക് ആകുന്ന അധികത്തുക താരം തന്നെ അടയ്ക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടുവെങ്കിലും അതുണ്ടായില്ലെന്നും ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലേക്കും തിരിച്ചുമുള്ള ചെലവ് ബോര്‍ഡ് നല്‍കേണ്ടിവന്നുവെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ലഗേജ് കൊണ്ടുപോയതിന് പുറമെ കുടുംബാംഗങ്ങളും മുഴുവന്‍ സമയം താരത്തിനൊപ്പമുണ്ടായിരുന്നുവെന്നും വാര്‍ത്തകളുണ്ട്.
കളിക്കാരുടേതല്ലാത്ത ലഗേജുകള്‍, അത് കുടുംബത്തിന്‍റെയോ പഴ്സനല്‍ സ്റ്റാഫുകളുടെയോ ആയാലും വേറെ തന്നെ അയയ്ക്കണമെന്നാണ് ബിസിസിഐയുടെ ചട്ടം. സൂപ്പര്‍താരത്തെ കൊണ്ട് നട്ടം തിരിഞ്ഞതോടെയാണ് ലഗേജ് സംബന്ധിച്ചും ടീമിനൊപ്പം താരങ്ങളുടെ കുടുംബം വരുന്നതിലും ബിസിസിഐ നിയമം കടുപ്പിച്ചതെന്നാണ് സൂചന. 150 കിലോ ലഗേജാണ് പരമാവധി ഒരു കളിക്കാരന് കൊണ്ടുവരാനാവുകയെന്നും അധികമായി വരുന്ന ലഗേജിന്‍റെ പണം താരങ്ങള്‍ തന്നെ നല്‍കേണ്ടി വരുമെന്നും ബോര്‍ഡ് സര്‍ക്കുലര്‍ പുറത്തിറക്കി. കളിക്കാര്‍ ടീമിനൊപ്പം ടീം ബസില്‍ മാത്രമേ യാത്ര ചെയ്യാവൂവെന്നും ടീമിനൊപ്പമുള്ള യാത്രയില്‍ നിന്ന് ആര്‍ക്കും ഇളവ് അനുവദിക്കുകയില്ലെന്നും പുതിയ ചട്ടത്തില്‍ വ്യക്തമാക്കുന്നു.
ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ മുതല്‍ പുതിയ ചട്ടം ബാധകമാണ്. ചാംപ്യന്‍സ് ട്രോഫിക്കായുള്ള യാത്രയില്‍ കളിക്കാര്‍ക്കൊപ്പം കുടുംബത്തെ അനുവദിക്കുകയില്ലെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് നല്‍കേണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്.