മൂന്നാം ഏകദിനത്തില്‍ സെഞ്ചറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്‍റെ പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 112 പന്തില്‍ 14 ഫോറും മൂന്ന് സിക്സറും സഹിതമാണ് ഗില്‍ 112 റണ്‍സ് നേടിയത്. 50–ാം ഏകദിനത്തില്‍ നേടിയ സെഞ്ചറി ഒരുപിടി റെക്കോര്‍ഡുകളും താരത്തിന് സമ്മാനിച്ചു.
50-ാം ഏകദിനത്തില്‍ സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മത്സരത്തില്‍ ഗില്‍ സ്വന്തമാക്കി. ഗില്ലിന്‍റെ ഏഴാം സെഞ്ചറിയാണ് അഹമ്മദാബാദിലേത്. ഏകദിനത്തില്‍ വേഗത്തില്‍ ഏഴ് സെഞ്ചറി നേടുന്ന താരമായും ഗില്‍ മാറി.
ഒരേ വേദിയില്‍ ഏകദിന, ടെസ്റ്റ്, ട്വന്‍റി 20 സെഞ്ചറികള്‍ നേടുന്ന അഞ്ചാമത്ത താരമെന്ന റെക്കോര്‍ഡാണ് അടുത്തത്. ഫാഫ് ഡു പ്ലെസിസ് (വാണ്ടറേഴ്സ്), ഡേവിഡ് വാർണർ (അഡ്ലെയ്ഡ് ഓവൽ), ബാബർ അസം (നാഷണൽ സ്റ്റേഡിയം), ക്വിൻ്റൺ ഡി കോക്ക് (സൂപ്പർസ്പോർട്ട് പാർക്ക്) എന്നിവരാണ് മൂന്ന് ഫോർമാറ്റിലും ഒരു വേദിയിൽ സെഞ്ചറി നേടിയ മറ്റ് താരങ്ങള്‍.
ഏകദിനത്തില്‍ വേഗത്തില്‍ 2500 റണ്‍സ് എന്ന നേടുന്ന താരം ഇനി ഗില്ലാണ്. 50 ഇന്നിങ്‌സുകളില്‍ നിന്ന് 2500 റണ്‍സിലേക്കെത്തിയ ഗില്‍ മറികടന്നത് ദക്ഷിണാഫ്രിക്കന്‍ താരമായിരുന്ന ഹാഷിം അംലയെയാണ്. 51 ഇന്നിങ്‌സുകളില്‍ നിന്നാണ് ഹാഷിം അംല 5,000 റണ്‍സ് കടന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും 5000 റണ്‍സും ഗില്‍ നേടി.