വിരാട് കോലി പരിശീലനത്തിനിടെ.
ഇന്ത്യ–ഇംഗ്ലണ്ട് ഏകദിനപരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് ഒഡീഷയില്‍. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ആദ്യ മല്‍സരം ജയിച്ച ഇന്ത്യയ്ക്ക് ജയത്തോടെ പരമ്പര സ്വന്തമാക്കുകയാണ് ലക്ഷ്യം. നാഗ്പൂരില്‍ മുട്ടുവേദനകാരണം കളിക്കാതിരുന്ന വിരാട് കോലി ഇന്നിറങ്ങുമെന്നാണ് സൂചന.
കാല്‍മുട്ടിനേറ്റ പരുക്കില്‍ നിന്നും വിരാട് കോലി മോചിതനായതായി ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാന്‍ഷു കൊട്ടക് പറഞ്ഞു. 'വിരാട് കോലി മത്സരിക്കാന്‍ ഫിറ്റാണ്. പരിശീലനം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു' എന്നാണ് പരിശീലകന്‍ പറഞ്ഞത്. കോലിയും രോഹിത് ശര്‍മയും മണിക്കൂറുകളോളം പരിശീലനം നടത്തി.
അതേസമയം, കോലി ടീമില്‍ തിരിച്ചെത്തിയാല്‍ ആര് ടീമിന് പുറത്തിരിക്കണമെന്നതിനാലാണ് ആശയകുഴപ്പം. കോലിയുടെ പരിക്കിനെ തുടര്‍ന്ന് ടീമിലെത്തിയ ശ്രേയസ് അയ്യര്‍ ആദ്യ മത്സരത്തില്‍ ഫോമിലായതാണ് ഇക്കാര്യത്തില്‍ സംശയം കൂട്ടുന്നത്. ആദ്യ ഏകദിനത്തില്‍ ഓപ്പണിങ് തകര്‍ന്നപ്പോള്‍ കോലിക്ക് പകരം ഇറങ്ങിയ ശ്രേയസ് അയ്യരാണ് 36 പന്തില്‍ 59 റണ്‍സെടുത്ത് ഇന്ത്യന്‍ ബാറ്റിങിനെ ട്രാക്കിലാക്കിയത്.
അതിനാല്‍ തന്നെ ശ്രേയസ് അയ്യർ ടീമില്‍ സ്ഥാനം നിലനിർത്തിയേക്കും എന്നാണ് സൂചന. ശ്രേയസ് കളിച്ചാല്‍ നാഗ്പൂരിൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച യശസ്വി ജയ്‌സ്വാള്‍ ടീമിന് പുറത്തിരിക്കും. ശുഭ്മാന്‍ ഗില്ലാകും രോഹിതിനൊപ്പം ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുക.
ആദ്യ മല്‍സരത്തിലെ അതേ ടീമിനെ ഇംഗ്ലണ്ട് നിലനിര്‍ത്തിയേക്കും. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒന്നര മുതലാണ് മല്‍സരം. ഈ സ്റ്റേഡിയത്തില്‍ അഞ്ച് തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.
ഇന്ത്യയുടെ സാധ്യത ടീം– രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, വിരാട് കോലി, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്/വരുൺ ചക്രവർത്തി, മുഹമ്മദ് ഷമി.