ടീം ഇന്ത്യയുടെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയ്ക്ക് ചാംപ്യന്‍സ് ട്രോഫി നഷ്ടമായേക്കുമെന്ന് അഭ്യൂഹങ്ങള്‍. ബെംഗളൂരുവിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത പരിശോധനയും നിര്‍ണായക സ്കാനുകളും ഇന്നലെ പൂര്‍ത്തിയായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് അല്‍പ്പ സമയത്തിനകം പുറത്തുവരും. പരുക്കില്‍ നിന്നും പൂര്‍ണമായും മുക്തി നേടാത്ത താരം, ഡോ. റൊവാന്‍ ഷോട്ടന്‍റെ നിര്‍ദേശപ്രകാരം തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. 2023 ല്‍ ബുംറയുടെ പുറം ശസ്ത്രക്രിയ ചെയ്തത് ഡോ. റൊവാനായിരുന്നു.
പരുക്കില്‍ നിന്നും മോചിതനാവാത്ത ബുംറയെ വിശ്രമിക്കാന്‍ അനുവദിക്കുകയാണ് ടീം ചെയ്യേണ്ടതെന്നും ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സമയം നല്‍കണമെന്നും മുതിര്‍ന്ന താരങ്ങളും മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബോളര്‍ വെര്‍നന്‍ ഫിലാന്‍ഡറും പറയുന്നു. ചെറിയ മല്‍സരങ്ങളില്‍ ബുംറയ്ക്ക് വിശ്രമം നല്‍കുകയെന്ന തീരുമാനമാണ് ഇപ്പോള്‍ കൈക്കൊള്ളേണ്ടതെന്നും വലിയ മാച്ചുകള്‍ക്കായി ബുംറയെ കാത്തുവയ്ക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പരമ്പരകളിലെ സമ്മര്‍ദവും അമിതഭാരവും ബുംറയ്ക്ക് താങ്ങാനായിട്ടില്ലെന്നും മറ്റ് ബോളര്‍മാര്‍ക്ക് അവസരം നല്‍കുകയാണിപ്പോള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരുക്കില്‍ നിന്ന് മോചിതനായി ടീമിലേക്ക് മടങ്ങിയെത്തിയ ഷമി, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ഇന്ത്യയുടെ ആക്രമണം നയിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ തീരുമാനമെടുക്കാന്‍ ബിസിസിഐക്കും കഴിയുമെന്നും അതോടെ ടീം സന്തുലിതമായ അവസ്ഥയിലെത്തുമെന്നും ആരാധകരും പ്രതീക്ഷിക്കുന്നു. ചാംപ്യന്‍സ് ട്രോഫിക്കുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള കാലാവധിയും വൈകാതെ അവസാനിക്കും. ബുംറയുടെ സ്കാന്‍ റിപ്പോര്‍ട്ടിന് ശേഷം പ്രതികരിക്കാമെന്നായിരുന്നു നാഗ്പുര്‍ ടെസ്റ്റിന് മുന്‍പ് രോഹിതും പറഞ്ഞിരുന്നത്.
ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ബുംറയ്ക്ക് പകരം വരുണ്‍ ചക്രവര്‍ത്തിയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ബുംറ ചാംപ്യന്‍സ് ട്രോഫിക്കില്ലെന്ന് ഉറപ്പിച്ചാല്‍ വരുണിനെയാകുമോ അതോ ഹര്‍ഷിത് റാണയെ ആകുമോ മാനെജ്മെന്‍റ് തിരഞ്ഞെടുക്കുകയെന്നതും കാത്തിരുന്ന് കാണേണ്ടി വരും. ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ മല്‍സരം.