ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്‍റി20യില്‍ മിന്നുന്ന ജയത്തോടെയാണ് ഇന്ത്യ പരമ്പര അവസാനിപ്പിച്ചത്. അഭിഷേക് ശര്‍മയുടെ സെഞ്ചറിയുടെ മികവില്‍ 150 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. രാജ്യാന്തര ട്വന്‍റി20യില്‍ ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്കോര്‍ കുറിച്ച അഭിഷേക് ശര്‍മ 54 പന്തില്‍ 135 റണ്‍സെടുത്താണ് പുറത്തായത്. 37 പന്തിലാണ് സെഞ്ചറി.
അവസാന മത്സരത്തിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു നടത്തിയത്. രണ്ട് സിക്സറും ഒരു ബൗണ്ടറിയും സഹിതം 16 റണ്‍സാണ് സഞ്ജു നേടിയത്. എന്നാല്‍ മത്സരത്തിനിടെ സഞ്ജുവിന് പരിക്കേല്‍ക്കുകയും പരിക്കുമായി താരം ബാറ്റ് ചെയ്യുകയുമായിരുന്നു. ബാറ്റിങിനിടെ ജോഫ്ര ആര്‍ച്ചറുടെ പന്തിലാണ് സഞ്ജുവിന് പരിക്കേറ്റത്. ആര്‍ച്ചറിന്റെ മൂന്നാം പന്ത് സഞ്ജുവിന്‍റെ ഗ്ലൗവിലാണ് കൊണ്ടത്.
ഫിസിയോയുടെ സഹായം തേടിയ ശേഷം വിരലില്‍ ബാന്‍ഡേജ് ചുറ്റിയയാണ് സഞ്ജു തുടര്‍ന്ന് ബാറ്റ് ചെയ്തത്. പരിക്കേറ്റതിന് ശേഷം രണ്ടാം ഇന്നിങ്സില്‍ സഞ്ജു ഫീല്‍ഡിങിനായി ഇറങ്ങിയിരുന്നില്ല. സഞ്ജുവിന് പകരം ധ്രുവ് ജുറെലാണ് ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്സില്‍ കീപ്പ് ചെയ്തത്. ഇതോടെ സഞ്ജു വരുന്ന ഐപിഎല്‍ സീസണില്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്.
ഇംഗ്ലണ്ട് ബാറ്റിങ് സമയം ഡഗ്ഔട്ടില്‍ സഹതാരങ്ങള്‍ക്കൊപ്പം സഞ്ജു കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പരിക്ക് ഗുരുതരമുള്ളതാണെങ്കില്‍ സഞ്ജുവിനെ ഉടനടി സ്കാനിങിന് വിധേയമാക്കുമായിരുന്നു. അതോടൊപ്പം പരിക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്നതും പരിക്ക് ഗുരുതര സ്വഭാവമുള്ളതല്ലെന്നാണ് കാണിക്കുന്നത്. രണ്ടാം ഇന്നിങിസില്‍ മുന്‍കരുതലിന്‍റെ ഭാഗമായാണ് സഞ്ജുവിനെ കീപ്പിങിന് ഇറക്കാതിരുന്നതെന്നാണ് സൂചന.
2025 മാര്‍ച്ച് 21 നാണ് ഐപിഎല്‍ 2025 സീസണ്‍ ആരംഭിക്കുന്നത്. മത്സരത്തിന് ധാരളം സമയമുള്ളിനാല്‍ ഐപിഎല്ലിന് മുന്നോടിയായി സഞ്ജു സാംസണ്‍ പരിക്കില്‍ നിന്നും മോചിതനാകുമെന്നാണ് വിവരം.