image: instagram.com/abhisheksharma
വാങ്കഡെയിലെ തകര്‍പ്പന്‍ സെഞ്ചറിക്ക് പിന്നാലെ അഭിഷേക് ശര്‍മയെ കുറിച്ച് തിരയുകയാണ് സൈബര്‍ ലോകവും ക്രിക്കറ്റ് പ്രേമികളും. പഞ്ചാബിലെ അമൃത്സറില്‍ 2000 സെപ്റ്റംബറിലാണ് അഭിഷേക് ജനിച്ചത്. വിനു മങ്കാദ് ട്രോഫിയില്‍ പഞ്ചാബിനായി നേടിയ സെഞ്ചറിയിലൂടെയാണ് അഭിഷേക് ശ്രദ്ധയാകര്‍ഷിക്കുന്നത്. 2016 ല്‍ അണ്ടര്‍19 ഏഷ്യ കപ്പിലും അഭിഷേക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
2024 ജൂലൈയില്‍ സിംബാംബ്വെയ്ക്കെതിരായാണ് രാജ്യാന്തര ക്രിക്കറ്റില്‍ അഭിഷേകിന്‍റെ അരങ്ങേറ്റം. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനായും ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായുമായാണ് അഭിഷേക് കളിക്കുന്നത്. കളിക്കളത്തില്‍ യുവരാജാവാണെങ്കിലും അഭിഷേകിന്‍റെ പ്രണയങ്ങള്‍ വന്‍വിവാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. മുന്‍കാമുകിയും മോഡലുമായ ടാനിയ സിങ് ജീവനൊടുക്കിയതോടെയാണ് അഭിഷേക് സംശയനിഴലില്‍ ആയത്.
മുന്‍കാമുകിയുടെ അവസാന മെസേജും ആത്മഹത്യയും
2024 ഫെബ്രുവരിയില്‍ അഭിഷേകിന്‍റെ കാമുകിയായിരുന്ന ടാനിയയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ടാനിയയുടെ ഫോണില്‍ നിന്ന് അഭിഷേകിന് സന്ദേശമയച്ചായി കണ്ടെത്തിയതിനെ തുടര്‍ന്ന് സൂററ്റ് പൊലീസ് താരത്തെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു. ഇന്ത്യ.കോമിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ടാനിയയുടെ ഫോണില്‍ നിന്നും അവസാനമായി പോയ കോള്‍ അഭിഷേകിന്‍റെ ഫോണിലേക്കായിരുന്നു. വാട്സാപ്പില്‍ ടാനിയ മെസേജ് അയച്ചിരുന്നുവെങ്കിലും അഭിഷേക് അതിന് മറുപടി നല്‍കിയിരുന്നില്ല. ഏഴുമാസം മാത്രമാണ് ഇരുവരുടെയും ബന്ധം നീണ്ടതെന്നും ടാനിയയുടെ ഫോണ്‍ നമ്പര്‍ അഭിഷേക് ബ്ലോക്ക് ചെയ്തിരുന്നതായി ഇന്ത്യന്‍ എക്സ്പ്രസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആത്മഹത്യക്കുറിപ്പുകളൊന്നും ടാനിയയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നുമില്ല. നാലുമണിക്കൂറോളമാണ് കേസില്‍ അഭിഷേകിനെ പൊലീസ് അന്ന് ചോദ്യം ചെയ്തത്.
ടാനിയ (ഇടത്ത് നിന്നാദ്യം: ചിത്രം Free press journal), ദിയ മേത്ത, ലൈല ഫൈസല്‍ (X)
ഇന്‍ഫ്ലുവന്‍സറും വനിതകളുടെ ലക്ഷ്വറി ബ്രാന്‍ഡായ എല്‍ആര്‍എഫിന്‍റെ സ്ഥാപകയുമായ ലൈല ഫൈസലുമായി അഭിഷേക് പ്രണയത്തിലാണെന്ന് കഴിഞ്ഞ ഡിസംബറില്‍ വാര്‍ത്തകള്‍ പുറത്തുവന്നു. അതിനും മുന്‍പ് മോഡലായിരുന്ന ദിയ മേത്തയുമായി പ്രണയത്തിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഫോട്ടോഷൂട്ടില്‍ ഇരുവരും ഒന്നിച്ചുണ്ടായതിന് ശേഷമായിരുന്നു ഗോസിപ്പുകള്‍ പ്രത്യക്ഷപ്പെട്ടത്.
സണ്‍റൈസേഴ്സിന്‍റെ മിന്നും താരം
image: instagram
16 കോടി രൂപയ്ക്കാണ് അഭിഷേകിനെ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് നിലനിര്‍ത്തിയത്. 16 കോടി രൂപയാണ് അഭിഷേകിന്‍റെ ഏകദേശ ആസ്തി. 14 കോടി രൂപ ഐപിഎല്ലില്‍ നിന്ന് മാത്രം ലഭിക്കുമ്പോള്‍ പരസ്യങ്ങളില്‍ നിന്ന് ആറു മുതല്‍ എട്ടുലക്ഷം രൂപവരെയും താരത്തിന്‍റെ അക്കൗണ്ടിലെത്തുന്നുണ്ട്.
അച്ഛന്‍റെ വഴിയേ മകനും
ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് അഭിഷേകിന്‍റെ വരവ്. പിതാവ് രാജ് കുമാര്‍ ശര്‍മ മുന്‍ ക്രിക്കറ്റ് താരവും നിലവില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അമൃത്സര്‍ ശാഖയിലുമാണ്. അമ്മ മഞ്ജു ശര്‍മയും സഹോദരിമാരായ കോമള്‍ ശര്‍മയും സാനിയ ശര്‍മയും അടങ്ങുന്നതാണ് താരത്തിന്‍റെ കുടുംബം. വാങ്കഡെയില്‍ അഭിഷേക് കളിക്കുന്നത് കാണാന്‍ അമ്മയും സഹോദരിയും എത്തിയിരുന്നു. കുടുംബാംഗങ്ങളെ സാക്ഷിയാക്കി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും താരം മല്‍സരശേഷം സന്തോഷം പ്രകടിപ്പിച്ചിരുന്നു. 54 പന്തുകളില്‍ നിന്ന് 135 റണ്‍സെന്ന കൂറ്റന്‍ സ്കോറാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്‍റി20യില്‍ അഭിഷേക് കുറിച്ചത്.രാജ്യാന്തര ട്വന്‍റി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറും ട്വന്‍റി20യില്‍ ഇന്ത്യന്‍ താരം നേടുന്ന രണ്ടാമത്തെ അതിവേഗ സെഞ്ചറിയുമാണിത്.