രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഓസ്ട്രേലിയന്‍ പ്രൈംമിനിസ്റ്റേഴ്സ് ഇലവനെതിരായി നടന്ന സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മ.
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ മിന്നുന്ന തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. പെര്‍ത്തില്‍ 295 റണ്‍സിന്‍റെ ആധികാരിക ജയത്തോടെ തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിന് അഡ്‍ലെയ്ഡില്‍ ഇറങ്ങുമ്പോള്‍ ചില മാറ്റങ്ങള്‍ മത്സരത്തിലുണ്ട്. ഡേ–നൈറ്റില്‍ പിങ്ക് പന്തിലാണ് രണ്ടാം ടെസ്റ്റ്. ഇന്ത്യ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തൊരു വേദിയാണ് അഡ്‍ലെയ്ഡിലെ ഓവല്‍ സ്റ്റേഡിയം.
Also Read: പിങ്ക് പന്തില്‍ കസറാന്‍ ഇന്ത്യ; കോലിയും ബുംറയും ഫോം തുടര്‍ന്നാല്‍ റെക്കോര്‍ഡ് ഉറപ്പ്
2020 ലെ ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സില്‍ വെറും 36 റണ്‍സിനാണ് ഇന്ത്യ അഡ്‍ലെയ്ഡില്‍ ഓള്‍ഔട്ടായത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ ടോട്ടല്‍. ഒപ്പം എതിരാളികളുടെ 'സ്വന്തം' മൈതാനം എന്നതും ഇന്ത്യയ്ക്ക് ഉറക്കം കെടുത്തുന്നതാണ്. കളിച്ച് ഏഴ് ഡേ നൈറ്റ് മത്സരങ്ങളും അഡ്‍ലെയ്ഡില്‍ ഓസ്ട്രേലിയ ജയിച്ചിട്ടുണ്ട്.
ഡേ–നൈറ്റ് ടെസ്റ്റ് ഓസീസിന്‍റെ കുത്തകയാണ്. 12 ഡേ–നൈറ്റ് ടെസ്റ്റ് കളിച്ചതില്‍ 11 ലും ജയിച്ചു. തോറ്റത് വെസ്റ്റ്ഇന്‍ഡീസിനെതിരെ. ഇന്ത്യയും മോശക്കാരല്ല. നാല് മത്സരങ്ങള്‍ മാത്രമെ കളിച്ചുള്ളൂവെങ്കിലും മൂന്നിലും ജയിച്ചു. തോറ്റത് അഡ്‍ലെയ്ഡില്‍ മാത്രം. 2023 ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസീസിനെ തോല്‍പ്പിക്കാനും ഇന്ത്യയ്ക്കായിട്ടുണ്ട്.
Also Read: ഡേ–നൈറ്റ് ടെസ്റ്റ് വെള്ളിയാഴ്ച; പിങ്ക് പന്തില്‍ ഇന്ത്യയ്ക്കോ ഓസ്ട്രേലിയയ്ക്കോ മേല്‍ക്കൈ
പിങ്ക് ബോൾ ടെസ്റ്റുകളിൽ ഓസ്‌ട്രേലിയൻ ബാറ്റസ്മാന്‍മാര്‍ക്കാണ് ആധിപത്യം. എട്ട് മത്സരങ്ങളിൽ നിന്ന് 63.85 ശരാശരിയോടെ 894 റൺസുമായി മാർനസ് ലബുഷാഗ്നെയാണ് സ്കോറര്‍മാരില്‍ മുന്നിൽ.
സ്റ്റീവ് സ്മിത്ത് 11 മത്സരങ്ങളില്‍ നിന്ന് 760 റണ്‍സ് നേടിയിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍– 753 റണ്‍സ്, ട്രാവിസ് ഹെഡ്– 543, ഉസ്മാന്‍ ഖവാജ- 516 എന്നിങ്ങനെയാണ് പിങ്ക് പന്തിലെ ടോപ്പ് സ്കോറര്‍മാര്‍. ആദ്യ അഞ്ചില്‍ ഒരു ഇന്ത്യൻ ബാറ്ററുമില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
ബൗളിങിലും ഓസ്ട്രേലിയന്‍ ആധിപത്യമാണ്. മിച്ചല്‍ സ്റ്റാര്‍ക്ക് 23 ഇന്നിങ്സില്‍ നിന്ന് 66 വിക്കറ്റുമായി ഒന്നാമതുണ്ട്. നാഥന്‍ ലിയോണ്‍ 20 വിക്കറ്റാണ് ഡേ–നൈറ്റില്‍ നേടിയത്.
മത്സരം 9.30 തുടങ്ങും
ബോര്‍ഡര്‍–ഗവാസ്കര്‍ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മല്‍സരം അഡ്‍ലെയ്ഡില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30ന് തുടങ്ങും. ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ടീമിലെത്തിയതോടെ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ മാറ്റമുണ്ടാകും. ദേവദത്ത് പടിക്കലിന് പകരം ഗില്ലിന് ഇടം ലഭിച്ചേക്കും. ധ്രുവ് ജുറൈലും അന്തിമ ഇലവനിലുണ്ടായേക്കില്ല.