ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നാളെ അഡ്‌ലെയ്ഡില്‍ തുടങ്ങും. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തിരിച്ചുവരുന്നതോടെ പിങ്ക് പന്തിനെ നേരിടാന്‍ ഒരുങ്ങുന്നത് ഇന്ത്യയുടെ സമ്പൂര്‍ണ ടീം തന്നെയാണ്. രണ്ടാം കുഞ്ഞിന്‍റെ ജനനത്തിന് ശേഷം കുടുംബത്തോടൊപ്പമായിരുന്ന രോഹിത് ശര്‍മയും തള്ളവിരലിന് പരിക്കേറ്റ ഗില്ലും ആദ്യ ടെസ്റ്റ് കളിച്ചിരുന്നില്ല. ഇരുവരും ടീമിലെത്തുമ്പോള്‍ ദേവദത്ത് പടിക്കലും ധ്രുവ് ജുറലും പുറത്തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Also Read: രാഹുല്‍ തന്നെ ഓപ്പണര്‍; രോഹിത് ശര്‍മ മധ്യനിരയില്‍

പെര്‍ത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ ഇന്ത്യയുടെ ഇതേ ഫോം അഡ്‌ലെയ്ഡില്‍ തുടരുമെന്നാണ് ആരാധകര്‍ പ്പതീക്ഷിക്കുന്നത്. പക്ഷെ അഡ്‌ലെയ്ഡില്‍ പിങ്ക് ബോളില്‍ ഓസീസിന് മേല്‍കൈയുള്ളതാണ്.

അഡ്‌ലെയ്ഡില്‍ കളിച്ച ഏഴ് ഡേ–ലൈറ്റ് ടെസ്റ്റിലും ഓസീസ് ജയിച്ചിരുന്നു. പെര്‍ത്തിലെ തിരിച്ചുവരവിന്‍റെ ആത്മവിശ്വാസം ഇന്ത്യയ്ക്ക് നല്‍കുന്ന കരുത്ത് ചെറുതല്ല. അഡ്‍ലെയ്ഡിലേക്ക് നോക്കുമ്പോള്‍ പല താരങ്ങളും വ്യക്തിഗത നേട്ടത്തിനും അരികെയാണ്. 

Also Read: ഡേ–നൈറ്റ് ടെസ്റ്റ് വെള്ളിയാഴ്ച; പിങ്ക് പന്തില്‍ ഇന്ത്യയ്ക്കോ ഓസ്ട്രേലിയയ്ക്കോ മേല്‍ക്കൈ

എട്ട് വിക്കറ്റെടുത്ത ബുറയുടെ പ്രകടനമാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ആദ്യ ഇന്നിങ്സില്‍ 30 റണ്‍സിന്  5 വിക്കറ്റും രണ്ടാം ഇന്നിങ്സില്‍ 42 റണ്‍സിന് മൂന്ന് വിക്കറ്റുമായിരുന്നു ബുറയുടെ പ്രകടനം. നിലവില്‍ ഓസീസിനെതിരെ 16 ഇന്നിങ്സില്‍ നിന്നായി 40 വിക്കറ്റാണ് താരം നേടിയത്. 10 വിക്കറ്റ് അപ്പുറെയാണ് 50 വിക്കറ്റ് എന്ന നാഴികകല്ല്. 

Also Read: സമ്പന്നം ഈ കായികമാമാങ്കം ; ലോകം കീഴടക്കി ഐപിഎല്‍

വിരാട് കോലിയുടെ സെഞ്ചറി ക്ഷാമത്തിന് പരിഹാരമായതും പെര്‍ത്ത് ടെസ്റ്റിലാണ്. ഓസ്‌ട്രേലിയയിൽ ആറ് ടെസ്റ്റ് സെഞ്ചറികൾ എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡും കോലി മറികടന്നു.

ഓസീസിനെതിരെ ആകെ ഒന്‍പത് ടെസ്റ്റ് സെഞ്ചറിയാണ് കോലി നേടിയത്. രണ്ടാം ടെസ്റ്റില്‍ കോലി സെഞ്ചറികളുടെ എണ്ണം പത്തിലേക്ക് എത്തിക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കെതിരെ പത്താം സെഞ്ചറി നേടാന്‍ സ്റ്റീവ് സ്മിത്തിനും അവസരമുണ്ട്. 

പരിക്കില്‍ നിന്നും തിരിച്ചു വന്ന ഗില്ലിന് ഓസീസിനെതിരെ ടെസ്റ്റില്‍‍ 500 റണ്‍സ് എന്ന റെക്കോര്‍ഡ് രണ്ടാം ടെസ്റ്റില്‍ സ്വന്തമാക്കാം. 11 ഇന്നിങ്സില്‍  നിന്നായി 444 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 56 റണ്‍സ് അകലെയാണ് നാഴികകല്ല്.  

ENGLISH SUMMARY:

India set for Pink ball test in Adleide, Kohli and Bumrah on acheving these record