ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ക്രീസില്‍ നിലയുറപ്പിച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റേഴ്സിന്റെ താളം നഷ്ടപ്പെടുത്താന്‍ ഋഷഭ് പന്ത് പ്രയോഗിച്ച തന്ത്രം വെളിപ്പെടുത്തിയാണ് അടുത്തിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എത്തിയത്. രോഹിത്തിന്റെ വെളിപ്പെടുത്തലില്‍ ഇപ്പോള്‍ പ്രതികരിക്കുകയാണ് ഋഷഭ് പന്ത്. പരുക്ക് അഭിനയിച്ച് സമയം കളയുകയായിരുന്നു ലക്ഷ്യമെന്ന് തുറന്ന് പറയുകയാണ് പന്ത്.
ദക്ഷിണാഫ്രിക്കന്‍ ബാറ്റേഴ്സ് റണ്‍സ് നല്ല റണ്‍റേറ്റില്‍ നേടിക്കൊണ്ടിരിക്കുകയായിരുന്നു. ഗ്രൗണ്ടിലേക്ക് എത്തിയ ഫിസിയോയോട് ഞാന്‍ പറഞ്ഞു വേണ്ട സമയം എടുത്തുകൊള്ളാന്‍, സമയം പാഴാക്കിക്കൊണ്ടിരിക്കാന്‍. എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ഫിസിയോ ചോദിച്ചു. വെറുതെ അഭിനിയിക്കുകയാണ് എന്ന് ഞാന്‍ പറഞ്ഞു. ചില സമയങ്ങളില്‍ ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും. എല്ലായ്പ്പോഴും ഫലിക്കണം എന്നില്ല, പന്ത് പറയുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് 30 പന്തില്‍ ജയിക്കാന്‍ 30 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് കളിയുടെ ഗതി തിരിക്കാന്‍ ഋഷഭ് പന്ത് തന്ത്രം പ്രയോഗിച്ചത്. ഇതിനെ കുറിച്ച് രോഹിത് ശര്‍മ വെളിപ്പെടുത്തിയത് ഇങ്ങനെ, കളി താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പന്ത് തന്റെ ബുദ്ധി ഉപയോഗിച്ചു. കാല്‍മുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് ഫിസിയോയെ പന്ത് ഗ്രൗണ്ടിലേക്ക് വിളിച്ചു. ഇത് കളിയുടെ വേഗം കുറച്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റേഴ്സിന്റെ താളം കളഞ്ഞു.
'എത്രയും പെട്ടെന്ന് ഡെലിവറികള്‍ നേരിടാനാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റേഴ്സ് ആ സമയം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് ആ താളം തെറ്റിക്കണമായിരുന്നു. ഞാന്‍ ബോളറുമായി സംസാരിച്ച് ഫീല്‍ഡ് സെറ്റ് ചെയ്യുന്ന സമയം പന്ത് ഗ്രൗണ്ടില്‍ വീഴുന്നത് കണ്ടു. ഫിസിയോ ഗ്രൗണ്ടിലേക്ക് വന്ന് പന്തിനെ പരിശോധിച്ചു. ഈ സമയം മത്സരം എത്രയും പെട്ടെന്ന് പുനരാരംഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു ക്ലാസന്‍. ഇത് മാത്രമാണ് ഫൈനലില്‍ നമ്മളെ ജയിപ്പിച്ചത് എന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ ഇതും കാരണങ്ങളിലൊന്നാണ്', രോഹിത് പറയുന്നു.