രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ അരങ്ങേറ്റം ക്രിക്കറ്റ് പ്രേമികള്‍ അത്ര പെട്ടെന്ന് മറക്കില്ല. ട്വന്റി20 ലോകകപ്പില്‍ ഇവിടെ നടന്നത് 8 മത്സരങ്ങളും ഫാസ്റ്റ് ബോളര്‍മാര്‍ക്ക് അനുകൂലമായപ്പോള്‍ ലെങ്ത് മാത്രമായിരുന്നു ശ്രദ്ധിക്കേണ്ടി വന്നത്. കണക്കുകളില്‍ നിന്ന് വ്യക്തമാണ് എത്രമാത്രമാണ് ബാറ്റേഴ്സിന് നാസ കൗണ്ടി സ്റ്റേഡിയത്തിലെ നാല് പിച്ചുകള്‍ ദുസ്വപ്നമായി മാറിയതെന്ന്.
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കാനഡ കണ്ടെത്തിയ 137 റണ്‍സായിരുന്നു ഈ വേദിയിലെ ട്വന്റി20 ലോകകപ്പിലെ ഉയര്‍ന്ന സ്കോര്‍. കാനഡക്കെതിരെ അയര്‍ലന്‍ഡ് ചെയ്സ് ചെയ്ത് 20 ഓവറില്‍ കണ്ടെത്തിയത് 125 റണ്‍സ്. ഇവരെ കൂടാതെ മറ്റൊരു ടീമും ഈ വേദിയില്‍ 120ന് മുകളില്‍ സ്കോര്‍ കണ്ടെത്തിയില്ല.
അയര്‍ലന്‍ഡിന് എതിരെ 7.86 എന്ന റണ്‍റേറ്റിലാണ് ഇന്ത്യ 97 റണ്‍സ് എന്ന വിജയ ലക്ഷ്യം മറികടന്നത്. 16 ഇന്നിങ്സുകള്‍ ട്വന്റി20 ലോകകപ്പില്‍ ഈ വേദിയില്‍ വന്നപ്പോള്‍ ഏഴിന് മുകളില്‍ റണ്‍റേറ്റ് കണ്ടെത്താനായത് ഇന്ത്യക്ക് മാത്രം. 113 റണ്‍സ് ആണ് ഈ വേദിയില്‍ ആദ്യം ബാറ്റ് ചെയ്ത ടീം വിജയകരമായി പ്രതിരോധിച്ച ഏറ്റവും കുറഞ്ഞ ടോട്ടല്‍. രണ്ടാമത് ഇന്ത്യയുടടെ 119 റണ്‍സും.
26 റണ്‍സ് ആണ് ഇവിടുത്തെ ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട്. അയര്‍ലന്‍ഡിന് എതിരെ കാനഡയും ഇന്ത്യക്കെതിരെ പാക്കിസ്ഥാനും ഓപ്പണിങ്ങില്‍ കണ്ടെത്തിയത്. ഓപ്പണിങ്ങില്‍ അര്‍ധ സെഞ്ചറി കൂട്ടുകെട്ട് ഇല്ലാത്ത രണ്ടാമത്തെ മാത്രം ട്വന്റി20 ടൂര്‍ണമെന്റ് വേദിയുമാണ് ന്യൂയോര്‍ക്കിലേത്. ഫുള്‍ ടോസിലും ഫുള്‍ ലെങ്ത് ഡെലിവറിയിലുമാണ് ഇവിടെ ബാറ്റേഴ്സിന്റെ സ്ട്രൈക്ക്റേറ്റ് ഉയര്‍ന്ന് നില്‍ക്കുന്നത്. ഫുള്‍ ടോസില്‍ 154.83 ആണെങ്കില്‍ ഷോര്‍ട്ട് ബോളിലേക്ക് വരുമ്പോള്‍ ഇത് 111ലേക്ക് വരുന്നു. ലെങ്ത് ഡെലിവറികളില്‍ ഇത് 62.89 ആണ്, യോര്‍ക്കറില്‍ 56.75.
ന്യൂയോര്‍ക്ക് ഗ്രൗണ്ടില്‍ ആകെ നടന്ന ട്വന്റി20 മത്സരങ്ങളില്‍ 82 വിക്കറ്റാണ് പേസര്‍മാര്‍ വീഴ്ത്തിയത്. സ്പിന്നര്‍മാര്‍ 15 വിക്കറ്റും. 236.1 ഓവറാണ് പേസര്‍മാര്‍ എറിഞ്ഞത്. പേസര്‍മാരുടെ ഇക്കണോമി 5.45. സ്പിന്നര്‍മാരുടേത് 6.22. 61 ഓവറാണ് ഇവിടെ സ്പിന്നര്‍മാരുടെ കൈകളിേക്ക് ക്യാപ്റ്റന്മാര്‍ പന്ത് നല്‍കിയത്.