ടി20 ലോകകപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മുതിര്‍ന്ന താരങ്ങളായ കോലിക്കും രോഹിത് ശര്‍മയ്ക്കുമെതിരെ ഒളിയമ്പുമായി മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. താനായിരുന്നുവെങ്കില്‍ കൂടുതല്‍ പുതിയ താരങ്ങളുള്ള ടീമിനെയാകും തിരഞ്ഞെടുക്കുകയെന്നും മുതിര്‍ന്ന താരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചപ്പോഴെല്ലാം പാളിപ്പോയിട്ടുണ്ടെന്നും മഞ്ജരേക്കര്‍ പറയുന്നു. പക്ഷേ നിലവില്‍ ഇന്ത്യയ്ക്ക് കോലിയെയും രോഹിതിനെയുമല്ലാതെ ഓപണിങ് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ആളില്ലെന്നും താനായിരുന്നുവെങ്കില്‍ യശസ്വിയെ ഇറക്കിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി20യില്‍ അത്ര മികച്ച പ്രകടനമൊന്നുമല്ലാതിരുന്നിട്ടും സെലക്ടര്‍ മുതിര്‍ന്ന താരങ്ങളിലാണ് വിശ്വാസമര്‍പ്പിച്ചതെന്നും സ്വകാര്യ മാധ്യമത്തില്‍ അദ്ദേഹം വിശദീകരിച്ചു. 'കോലിയെ മൂന്നാമനായി ഇറക്കുന്നത് ആലോചിക്കാനേ കഴിയില്ല. അങ്ങനെ ഇറക്കിയാല്‍ കോലിയെ പൂര്‍ണരീതിയില്‍ പ്രയോജനപ്പെടുത്താനാവില്ല. പിന്നെ രോഹിത് ആണുള്ളത്. അതുകൊണ്ടാണ് ഓപണിങ് ജോഡിയായി മറ്റാരെയും പരീക്ഷിക്കാന്‍ പോലും സാധിക്കാത്തത്.'
യശസ്വിക്ക് അവസാന ഇലവനില്‍ ഇടം കണ്ടെത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും മഞ്ജരേക്കര്‍ പറയുന്നു. തികച്ചും പുത്തന്‍ പരീക്ഷണങ്ങള്‍ക്കാകും താന്‍ തയ്യാറാവുകയെന്നും അങ്ങനെ വരുമ്പോള്‍ വ്യത്യസ്തമായി ചിലതൊക്കെ ചെയ്യാന്‍ യശസ്വിക്ക് സാധിച്ചേനെയെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍വര്‍ഷങ്ങളില്‍ മുതിര്‍ന്ന താരങ്ങളുടെ ചുമലില്‍ പ്രതീക്ഷയര്‍പ്പിച്ചത് അത്ര കണ്ട് ഫലം ചെയ്തിട്ടില്ലെന്നും എന്നാലിത്തവണ ആ പേര് ദോഷം മാറിക്കിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഹമ്മദ് ആമിറും ഷഹീന്‍ ഷാ അഫ്രീദിയും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകുമെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളി.ആമിര്‍ അവസാന ടി20 കളിച്ചത് ഏഴ് വര്‍ഷം മുമ്പാണ്. എന്ത് ഫോമിലാണെന്നതിനെ കുറിച്ച് ഒരു പിടിയുമില്ല. അഫ്രീദിയും രണ്ട് വര്‍ഷം മുമ്പത്തെ ബോളറൊന്നുമല്ല. ഏഷ്യാ കപ്പില്‍ അഫ്രീദിയെയൊക്കെ ഇന്ത്യ കൈകാര്യം ചെയ്ത് വിട്ടതാണ്. പാക്കിസ്ഥാന്‍ ഒരിക്കലും ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്നും അദ്ദേഹം തുറന്നടിച്ചു.