anju-usha

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി.ടി.ഉഷയുടെ തോൽവിയില്‍ പ്രതികരിച്ച് മലയാളി അത്‍ലീറ്റ് അ‍ഞ്ജു ബോബി ജോർജ്. എല്ലാവരും മത്സരിക്കുന്നത് വിജയിക്കാനാണ്. എന്നാൽ ജയവും തോൽവിയും ഒരുപോലെ അംഗീകരിക്കാൻ കഴിയണമെന്നും അഞ്ജു പറഞ്ഞു. കൂടുതൽ വോട്ട് നേടി വിജയിച്ചത് തനിക്കുള്ള അംഗീകാരമായാണ് കാണുന്നതെന്നും അഞ്ജു പറയുന്നു.

 

ആരൊക്കെയാണ് തനിക്ക് വോട്ട് ചെയ്തതെന്ന് അറിയില്ല. ഇത്രയും വോട്ട് ലഭിക്കുമെന്ന് എങ്ങനെ മുൻകൂട്ടി പറയാനാകുമെന്നും അഞ്ജു ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കണം. ചില പ്രശ്നങ്ങൾ തനിക്കും തോന്നിയിരുന്നുവെന്നും അഞ്ജു വ്യക്തമാക്കി.

 

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കാൻ ആസൂത്രിത നീക്കവും അട്ടിമറിയും നടന്നതായി പി.ടി. ഉഷ ആരോപിച്ചിരുന്നു. 9-ന് നടന്ന 'സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെറിറ്റ്' തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഉഷ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിരുന്നത്. 

 

വോട്ടെടുപ്പിൽ മറ്റൊരു മലയാളി അത്‍ലീറ്റ് അ‍ഞ്ജു ബോബി ജോർജും മുൻ ബാഡ്മിന്റൻ താരം സൈന നെഹ്‍വാളും ഉൾപ്പെട്ട പാനലിലെ എല്ലാവരും വിജയിച്ചിരുന്നു. സ്പോർട്സ്മാൻ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തിൽ വനിതകളുടെ നാലു സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പി.ടി.ഉഷ ഉൾപ്പെടെ ആറു പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇനി ഡിസംബർ 5ന് നടക്കുന്ന ഐഒഎ തിരഞ്ഞെടുപ്പിൽ ഉഷയ്ക്ക് മത്സരിക്കണമെങ്കിൽ ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്റെ (എൻഎസ്എഫ്) നാമനിർദേശം ലഭിക്കണം. എന്നാൽ അതിനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തൽ.

 

അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) രണ്ടു പ്രതിനിധികളിൽ ഒരാളായി ഉഷ തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയില്ലെന്നാണ് സൂചന. ഐഒഎ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നയാൾ എസ്ഒഎം അംഗമോ ജനറൽ അസംബ്ലി അംഗമോ ആയിരിക്കണം. 2022ൽ എസ്ഒഎം വിഭാഗത്തിലൂടെ എതിരില്ലാതെയാണ് ഉഷ ഐഒഎയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്

 

മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജി, മുൻ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ എന്നിവരാണ് എസ്ഒഎം ആയി തിരഞ്ഞെടുക്കപ്പെട്ട മറ്റു രണ്ടു പേർ. 40 പുരുഷന്മാരും 40 വനിതകളുമടക്കം ആകെ 80 എസ്ഒഎം അംഗങ്ങളാണ് നാലു വനിതാ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടർ പട്ടികയിലുള്ളത്. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഒളിംപിക് മെഡൽ ജേതാക്കളായ ഗഗൻ നാരംഗ്, വിജേന്ദർ സിങ്, യോഗേശ്വർ ദത്ത്, മുൻ ടേബിൾ ടെന്നിസ് താരം കമലേഷ് മേത്ത എന്നിവർ എതിരില്ലാതെ പുരുഷ വിഭാഗത്തിലെ നാല് എസ്ഒഎം സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റു എട്ടു സ്ഥാനാർഥികൾ നാമനിർദേശ പത്രിക പിൻവലിച്ചതോടെയാണ് ഇവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

ENGLISH SUMMARY:

PT Usha IOA election defeat highlights the recent controversies surrounding the Indian Olympic Association polls and Anju Bobby George's response. The article details the election results, the reactions of prominent athletes, and the ongoing leadership developments in Indian sports.