എം. ശ്രീശങ്കര്‍, മുഹമ്മദ് ബാസില്‍ (Image: REUTERS)

എം. ശ്രീശങ്കര്‍, മുഹമ്മദ് ബാസില്‍ (Image: REUTERS)

  • കോമൺവെൽത്ത് ഗെയിംസ് ലോങ് ജംപിൽ മലയാളി താരം എം.ശ്രീങ്കറിന് വെള്ളി; പാരാ അത്‌ലറ്റിക്സിൽ നൂറ് മീറ്ററില്‍ മലയാളിയായ മുഹമ്മദ് ബാസിലിനും വെള്ളി; ഗെയിംസ് റെക്കോർഡ് തിരുത്തി സ്വർണനേട്ടവുമായി ഇന്ത്യയുടെ ദിലീപ് ഗാവിത്ത്

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് ലോങ് ജംപിൽ മലയാളി താരം എം.ശ്രീങ്കറിന് വെള്ളി. 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കറിന്റെ മെഡല്‍ നേട്ടം. കോമൺവെൽത്ത് ഗെയിംസിൽ ശ്രീശങ്കറിന്റെ രണ്ടാം വെള്ളിയാണിത്. ആദ്യ മൂന്നു ശ്രമങ്ങൾ കഴിഞ്ഞപ്പോള്‍ ഗോൾഡ് പൊസിഷനിലുണ്ടായിരുന്ന ശ്രീശങ്കറിനെ, നാലാംശ്രമത്തിൽ ജമൈക്കൻ താരം തജായ് ഗെയ്‌ലാണു പിന്തള്ളിയത്. 8.15 മീറ്ററാണ് ഗെയ്ൽ പിന്നിട്ടത്. ആദ്യ ശ്രമത്തിൽ 8.03 മീറ്ററാണു ശ്രീശങ്കര്‍ ചാടിയത്. രണ്ടാം ശ്രമത്തിലാണ്  8.09 മീറ്ററിലെത്തിയത്. മൂന്നും നാലും ശ്രമങ്ങൾ ഫൗളായി. 2022 ൽ ബർമിങ്ങാമിൽ നടന്ന ഗെയിംസിൽ 8.08 മീറ്റർ ചാടി ശ്രീശങ്കർ വെള്ളി മെഡൽ നേടിയിരുന്നു. മറ്റൊരു ഇന്ത്യൻ താരം ലോകേഷ് സത്യനാഥൻ അഞ്ചാമതായി ഫിനിഷ് ചെയ്തു. 7.97 മീറ്ററാണ് മികച്ച പ്രകടനം. സ്കോട്ട്ലൻഡിൻ്റെ സ്‌റ്റീഫൻ മക്കൻസിക്കാണ് വെങ്കലം.

ശ്രീശങ്കറിന്റെ വെള്ളിനേട്ടത്തിൽ ആഹ്ലാദിക്കുകയാണ് അമ്മ ബിജിമോളും സഹോദരി ശ്രീപാർവതിയും. ഓരോ ചാട്ടത്തിന് മുമ്പും പ്രാർഥനയോടെ കൈകൂപ്പി, മികച്ച ദൂരം പിന്നിട്ടപ്പോഴും മെഡൽ ഉറപ്പിച്ചപ്പോഴും എല്ലാം മറന്ന് കയ്യടിച്ച് ഇരുവരും ലോങ് ജംപ് ഫൈനൽ ആഘോഷമാക്കി. സ്വർണമാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും വെള്ളിയിൽ അതിയായ സന്തോഷം ഉണ്ടെന്ന് ഇരുവരും മനോരമ ന്യൂസിനോട് പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുന്നതിനിടെ ഗ്ലാസ്ഗോയിലെ സ്റ്റേഡിയത്തിൽ നിന്ന് ശ്രീശങ്കറിന്‍റെ അച്ഛൻ മുരളി വിഡിയോ കോളിൽ ഇരുവർക്കുമൊപ്പം ചേർന്നു.

അതേസമയം, കോമൺവെൽത്ത് ഗെയിംസില്‍ പാരാ അത്‌ലറ്റിക്സിലും തകര്‍‌പ്പന്‍ പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ചത്. പുരുഷന്മാരുടെ 100 മീറ്റർ ടി47 ഫൈനലിൽ ഇന്ത്യയുടെ ദിലീപ് ഗാവിത്ത് സ്വര്‍ണം നേടി. ഗെയിംസ് റെക്കോർഡ് തിരുത്തിയാണ് ദിലീപ് സ്വർണം നേടിയത്. 10.71 സെക്കൻഡിൽ ആണ് ദിലീപ് ഫിനിഷ് ചെയ്‌തത്. ഇതേ ഇനത്തിലാണ് മലയാളി താരം മുഹമ്മദ് ബാസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയത്. 10.83 സെക്കൻഡിലാണ് ബാസില്‍ ഫിനിഷ് ചെയ്‌തത്. ഇംഗ്ലണ്ട് താരം കെവിൻ സൻ്റോസ് വെങ്കലവും നേടി.

മാത്രമല്ല, കോമൺവെൽത്ത് ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യയുടെ അഭിമാനമുയർത്തി ബോക്സർമാരും. ഇന്ത്യൻ ബോക്സർമാർ 10 മെഡലുകളാണ് ഉറപ്പിച്ചത്. ഒരു കോമൺവെൽത്ത് ഗെയിംസിൽ ബോക്‌സിങ്ങിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മെഡൽ നേട്ടമാണിത്. അങ്കുഷ് യാദവ്, സാക്ഷി ചൗധരി, അരുന്ധതി ചൗധരി, സച്ചിൻ സിവാച്, നരേന്ദർ ബെർവാൾ, ജയ്‌സ്‌മിൻ ലംബോരി എന്നിവർ ഏഴാം ദിനം ബോക്‌സിങ്ങിൽ വിജയിച്ചു.

ENGLISH SUMMARY:

Malayali athlete M. Sreeshankar won the silver medal in the long jump at the Glasgow Commonwealth Games with a jump of 8.09 meters, finishing behind Jamaica's Tajay Gayle (8.15 meters) and marking his second consecutive Commonwealth silver after Birmingham 2022. On the same day, para-athlete Dilip Gavit secured gold in the men's 100m T47 with a games record of 10.71 seconds, while fellow Malayali athlete Muhammed Basil claimed silver with 10.83 seconds. Additionally, Indian boxers had a historic day on day seven by ensuring 10 medals following impressive wins by Ankush Yadav, Sakshi Choudhary, Arundhati Choudhary, Sachin Siwach, Narender Berwal, and Jaismine Lamboria.