പത്തനംതിട്ടയിൽ സെൻട്രൽ ജയിൽ നിർമിക്കാൻ ജയിൽ പരിഷ്ക്കരണ കമ്മിഷന്റെ നിർദേശം. ജയിൽ ജീവനക്കാരുടെ എണ്ണം അടിയന്തരമായി വർധിപ്പിക്കണം. സംസ്ഥാനത്തെ ജയിലുകളിൽ നിലവിൽ ഏറെ സുരക്ഷാവെല്ലുവിളികളും പോരായ്മകളുമുള്ളതായി കമ്മിഷൻ കണ്ടെത്തി. കമ്മിഷൻ നാളെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
2025 ജൂലൈ 24ന് പുലർച്ചെ കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിൽ നിന്ന് ഗോവിന്ദച്ചാമി തടവ് ചാടിയ സാഹചര്യത്തിലാണ് ജയിലിലെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി നിർദേശങ്ങൾ സമർപ്പിക്കാൻ കമ്മിഷനെ നിയോഗിച്ചത്. ജസ്‌റ്റിസ് സി.എൻ രാമചന്ദ്രൻ നായരും മുൻ ഡിജിപി ജേക്കബ് പുന്നൂസുമാണ് കമ്മിഷൻ അംഗങ്ങൾ. സംസ്ഥാനത്തെ ജയിലുകൾ നേരിട്ട് സന്ദർശിച്ചാണ് കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. തടവുകാരുടെ ബാഹുല്യം, ജീവനക്കാരുടെ അപര്യാപ്തത, കെട്ടിടങ്ങളുടെ കാലപ്പഴക്കവും സൗകര്യക്കുറവും എന്നിവ പ്രധാനപ്രശ്നങ്ങളായി കമ്മിഷൻ കണ്ടെത്തി.
പത്തനംതിട്ടയിൽ പുതിയ സെൻട്രൽ ജയിൽ നിർമ്മിക്കണമെന്നും കണ്ണൂർ, തിരുവനന്തപുരം, തൃശൂർ ജയിലുകൾ പുതുക്കിപ്പണിയണമെന്നും നിർദേശിക്കുന്നു. ജീവനക്കാരുടെ എണ്ണം ഉടൻ വർധിപ്പിക്കണം. വിരമിച്ച ജീവനക്കാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കണം. അത്യാധുനിക ഇലക്ട്രോണിക് പരിശോധന, നിരീക്ഷണ സംവിധാനങ്ങൾ വേണം. കെൽട്രോണുമായി ചേർന്ന് സുരക്ഷാ സംവിധാനങ്ങൾ പരിഷ്ക്കരിക്കണമെന്നും റിപ്പോർട്ടിലുണ്ട്. കമ്മിഷൻ അംഗങ്ങൾ നാളെ വൈകീട്ട് 7 ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.