Image: facebook.com/WorldArchery
പാരാ വേൾഡ് ആർച്ചറി ചാമ്പ്യൻഷിപ്പിൽ വനിതാ കോമ്പൗണ്ട് വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യൻ ആംലെസ് അമ്പെയ്ത്ത് താരം ശീതൾ ദേവിക്ക് സ്വര്‍ണം. ലോക ഒന്നാം നമ്പർ താരം തുർക്കിയിലെ ഒസ്നൂർ കുർ ഗിർഡിയെ 146-143 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് 18കാരി ശീതള്‍ ചരിത്രം സൃഷ്ടിച്ചത്. ഉന്നം പിടിക്കാൻ ഇരു കൈകളുമില്ലെങ്കിലും കാൽവിരൽകൊണ്ടു ഞാൺ വലിച്ചാണ് ശീതള്‍ ലോക ചാമ്പ്യനായത്. മത്സരത്തിലെ കൈകളില്ലാത്ത ഒരേയൊരു അമ്പെയ്ത്ത് താരംകൂടിയാണ് ശീതള്‍.
പാരാ വേൾഡ് ആർച്ചറി ചാമ്പ്യൻഷിപ്പിലെ ശീതളിന്‍റെ മൂന്നാമത്തെ മെഡല്‍ കൂടിയാണിത്. കോമ്പൗണ്ട് ഇനത്തിൽ ടോമൻ കുമാറിനൊപ്പം മിക്സഡ് ടീം വെങ്കലം നേടിയിരുന്നു. ബ്രിട്ടന്റെ ഗ്രിൻഹാമിനെയും നഥാൻ മക്വീനെയും 152-149 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇരുവരും ഫൈനലിൽ കടന്നത്. മാത്രമല്ല കോമ്പൗണ്ട് വനിതാ ഓപ്പൺ ടീം ഇനത്തിൽ ശീതളും സരിതയും ഫൈനലിൽ വെള്ളി മെഡലും കരസ്ഥമാക്കിയിരുന്നു.
തുർക്കിയിലെ ഒസ്നൂർ കുർ ഗിർഡിയുമായുള്ള ശീതളിന്‍റെ വ്യക്തിഗത ഫൈനൽ കടുത്ത മല്‍സരമായിരുന്നു. ആദ്യ എൻഡ് 29–26 എന്ന് സ്കോറില്‍ സമനിലയിലായിരുന്നു. രണ്ടാം എൻഡിൽ ശീതൾ ലീഡ് നേടി. മൂന്നാം എൻഡും സമനിലയിൽ തുടർന്നു. നാലാം എൻഡിൽ ശീതൾ 116-114 എന്ന നിലയിൽ രണ്ട് പോയിന്റ് ലീഡ് നിലനിർത്തി. ഫൈനൽ എൻഡില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശീതള്‍ 30 റൺസ് നേടി സ്വർണ്ണ മെഡൽ ഉറപ്പിക്കുകയായിരുന്നു. 2023 ലെ പിൽസെൻ ലോക ചാമ്പ്യൻഷിപ്പില്‍ ഒസ്നൂർ കുർ ഗിർഡി ശീതളിനെ 140-138 എന്ന സ്കോറിന് പരാജയപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ ശീതളിനിത് ഒരു മധുര പ്രതികാരം കൂടിയാവുകയായിരുന്നു.
ജമ്മു കശ്മീർ സ്വദേശിനിയാണ് ശീതള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യൻ ആർമി സംഘടിപ്പിച്ച കായിക മത്സരത്തിൽ പങ്കെടുത്തതാണ് ശീതളിന്‍റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. സൈന്യത്തിന്റെ പിന്തുണയോടെ ആർച്ചറി അക്കാദമിയിൽ ചേർന്നു പരിശീലനം ആരംഭിച്ച ശീതൾ അന്നുമുതൽ കാലുകൊണ്ട് അമ്പെയ്തു ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ഏഷ്യൻ പാരാ ഗെയിംസിൽ ഒരു ചാംപ്യൻഷിപ്പിൽ 2 സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും ശീതളിന് സ്വന്തമാണ്.