Image Credit:facebook.com/Naveen.odisha
ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഹൈജംപില്‍ സ്വര്‍ണമെഡലിനായുള്ള ഇന്ത്യയുടെ 25 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമിട്ട് 18വയസ്സുകാരി പൂജ സിങ്ങ്. ദക്ഷിണകൊറിയയില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ആദ്യ അവസരത്തില്‍ തന്നെ 1.89 മീറ്റര്‍ ഉയരം മറികടന്നാണ് സ്വര്‍ണനേട്ടം. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് കൗമാരതാരത്തിന്റെ മിന്നുംപ്രകടനം. സ്വര്‍ണം ഉറപ്പിച്ചതിന് പിന്നാലെ ദേശീയ റെക്കോര്‍ഡായ 1.92 മീറ്റര്‍ മറികടക്കാനുള്ള പൂജയുടെ ശ്രമം പരാജയപ്പെട്ടു. മൂന്ന് സെന്റീമീറ്ററിന്റെ വിത്യാസത്തിലാണ് 2012ല്‍ സഹനകുമാരി കുറിച്ച ദേശീയ റെക്കോര്‍ഡ് നേട്ടം മറികടക്കാനാകാതെ പോയത്. ഏഷ്യന്‍ അണ്ടര്‍ 18 ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുള്ള പൂജയുടെ സീനിയര്‍ കരിയറിലെ ആദ്യ മെഡലാണ് കൊറിയയിലേത്. 2000ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ബോബി അലോഷ്യസാണ് ഇന്ത്യയ്ക്കായി ഇതിനുമുമ്പ് ഹൈജംപില്‍ സ്വര്‍ണം നേടിയിട്ടുള്ള വനിതാതാരം.
ഉമി ചാക്കില്‍ നിറച്ച് പരിശീലനം
ഹരിയാനയിലെ ഫത്തേബാദ് സ്വദേശിയാണ് പൂജ സിങ്. നിര്‍മാണമേഖലയിലെ തൊഴിലാളിയായ ഹന്‍സ്്രാജിന്റെ മകള്‍ പത്തുവയസുകാരി പൂജയെ ഗ്രാമത്തിലെ ഒരു യോഗാ പരിപാടിയില്‍ നിന്നാണ് അത്്ലറ്റിക്സ് പരിശീലകന്‍ ബല്‍വന്‍ സിങ് കണ്ടെത്തുന്നത്. യോഗയും മറ്റ് കായികവിനോദങ്ങളും പരിശീലിപ്പിക്കുന്ന ബല്‍വന്‍ സിങ്ങിന്റെ ഹരിയാനയിലെ പാര സ്പോര്‍ട്സ് അക്കാദമിയിലേക്ക് പൂജയ്ക്ക് ക്ഷണംലഭിച്ചത് കരിയറില്‍ വഴിത്തിരിവായി. ആദ്യഘട്ടത്തില്‍ യോഗയില്‍ മാത്രമായിരുന്നു പരിശീലമെങ്കില്‍, ഹൈജംപ് ഒന്ന് പരീക്ഷിച്ചനോക്കാന്‍ ആവശ്യപ്പെട്ട ബല്‍വന്‍ സിങിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല.
ഹൈജംപ് പരീശീലിക്കാന്‍ ആവശ്യമായ ഒരു ലാന്റിങ് മാറ്റുപോലും അക്കാദമിയിലില്ലായിരുന്നു. ലാന്റിങ് മാറ്റിന് പകരം ഉമി ചാക്കില്‍ നിറച്ചായിരുന്നു ഹൈജംപിലെ ഫോസ്ബറി ഫ്ലോപ്പ് പൂജ പരിശീലിച്ചത്. ടേക്ക് ഓഫ് ടെക്നിക്ക് മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്ന സ്പ്രിങ് ബോര്‍ഡിന്റെ അഭാവത്തില്‍ പരിശീലനം റബര്‍ ടയറുകള്‍ ഉപയോഗിച്ച്. പരിശീനസൗകര്യങ്ങളില്‍ പിന്നിലെങ്കിലും ബ്ലോക്ക്– ജില്ലാ– സംസ്ഥാന തല ടൂര്‍ണമെന്റുകളില്‍ പൂജ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലായി.
പരുക്കിനെ തോല്‍പ്പിച്ച ചാട്ടം
അണ്ടര്‍ 14 വിഭാഗത്തില്‍ 1.41 മീറ്റര്‍ ഉയരം കണ്ടെത്തി സ്വര്‍ണം നേടി. തൊട്ടുപിന്നാലെ പരുക്ക് കരിയറില്‍ ആദ്യമായി വില്ലനായെത്തി. നിര്‍മാണത്തൊഴിലാളിയായ അച്ഛന്‍ മകള്‍ക്ക് ഡല്‍ഹിയില്‍ മികച്ച ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ഉറപ്പാക്കി. എന്നും അക്കാദമിയില്‍ സൈക്കിള്‍ ചവിട്ടി പോകുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഒരു സ്കൂട്ടറും വാങ്ങിനല്‍കി. പരുക്ക് പുറത്തിരുത്തിയ 15 മാസത്തിന് ശേഷം ജൂനിയര്‍ നാഷനല്‍സിലായിരുന്നു പൂജയുടെ തിരിച്ചുവരവ്. 1.76 മീറ്റര്‍ മറികടന്ന് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണനേട്ടം. അണ്ടര്‍ 16, അണ്ടര്‍ 18, അണ്ടര്‍ 20 ദേശീയ റെക്കോര്‍ഡുകള്‍ ഈ പതിനെട്ടുകാരിയുടെ പേരിലാണ്.