Image Credit: x.com/IndTennisDaily
കസഖിസ്ഥാനില്‍ നടക്കുന്ന ജൂനിയര്‍ ഡേവിസ് കപ്പ് മല്‍സരത്തില്‍ ഇന്ത്യയോടേറ്റ പരാജയത്തിന് പിന്നാലെ കളിക്കാരന്‍റെ കയ്യില്‍ തല്ലിയും ചുമലിനിടിച്ചും പാക് താരം. പ്ലേ ഓഫില്‍ തോറ്റ് പുറത്തായതോടെ കളിക്ക് ശേഷം പതിവ് ഹസ്തദാനം ചെയ്യാനെത്തിയ ഇന്ത്യന്‍ താരത്തോട് പാക് താരം അപമര്യാദയായി പെരുമാറുകയായിരുന്നു.
അംപയര്‍മാരടക്കം നോക്കി നില്‍ക്കവെ മുന്നോട്ട് നടന്നു പോയ ശേഷം തിരികെ വന്ന് വീണ്ടും ഇന്ത്യന്‍ താരത്തെ പാക് താരം അടിക്കുന്നത് വിഡിയോയില്‍ കാണാം. കായികതാരത്തിന് നിരക്കാത്ത പ്രവൃത്തിയാണ് ഇതെന്ന് സമൂഹമാധ്യമങ്ങളില്‍ പലരും കമന്‍റ് ചെയ്തിട്ടുണ്ട്. മൂന്ന് ദിവസം മുന്‍പ് നടന്ന കളിയിലായിരുന്നു പാക് താരത്തിന്‍റെ രോഷപ്രകടനം. ഇന്ത്യന്‍ താരം ശാന്തനായി കളിക്കളത്തില്‍ നില്‍ക്കുന്നതും വിഡിയോയില്‍ കാണാം.
മല്‍സരത്തില്‍ 2–0ത്തിനാണ് ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചത്. പ്രകാശ് സരണ്‍, താവിഷ് പഹ്വ എന്നിവര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സിംഗിള്‍സില്‍ തകര്‍പ്പന്‍ ജയം നേടിയിരുന്നു. ടൂര്‍ണമെന്‍റില്‍ പതിനൊന്നാം സ്ഥാനത്തായി ഇന്ത്യ ഫിനിഷ് ചെയ്തു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ–പാക് ബന്ധം വഷളായത്. 26 നിരപരാധികളുടെ ജീവനെടുത്ത പാക് ഭീകരരുടെ പ്രവര്‍ത്തിക്ക് ഇന്ത്യ ഓപറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി നല്‍കിയിരുന്നു.