TAGS

ലോകപ്രശസ്ത ചിപ് നിര്‍മാണ കമ്പനി എന്‍വിഡിയുടെ സി.ഇ.ഒ ജെൻസെൻ ഹുവാങ്ങിന്റെ പോക്കും വരവുമാണ് ലോകം ചര്‍ച്ച ചെയ്യുന്നത്. ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന ആലിസ് ഹുവാങ്ങുമായുള്ള ബന്ധത്തെത്തുടര്‍ന്ന് രാജിവച്ച ജെന്‍സന്‍ മടങ്ങിയെത്തിയിരിക്കുന്നു. ആ രാജിയും വീണ്ടുമുള്ള വരവും ഒരു കമ്പനിയുടെ മാത്രം കാര്യമല്ല. യുഎസും ചൈനയുമെന്ന രണ്ട് വമ്പന്‍ രാഷ്ട്രങ്ങളുടെ നിലപാടുകളുടേയും സാങ്കേതികവിദ്യകളുടെ രഹസ്യാത്മകതയുമായൊക്കെ ബന്ധപ്പെട്ടിരിക്കുന്നു. രാജിയും പുനഃപ്രവേശവും കൊണ്ട് ആ ചാപ്റ്റര്‍ അവസാനിച്ചിട്ടില്ല. രഹസ്യങ്ങളും സാങ്കേതികവിദ്യയുടെ പേരിലുള്ള ശീതയുദ്ധവുമെല്ലാം ഇനിയും നാം കാണേണ്ടിയും കേള്‍ക്കേണ്ടിയും വരും.

നവംബര്‍ അവസാനത്തോടെയാണ് യുഎസിനെ ലോകത്തെ ഞെട്ടിച്ച ആ വാര്‍ത്ത പുറത്തുവരുന്നത്. പ്രമുഖ അമേരിക്കൻ ചിപ് നിർമാതാക്കളായ എൻവിഡിയയുടെ സിഇഒ ജെൻസെൻ ഹുവാങ്ങുമായി അടുത്ത ബന്ധമുണ്ടാക്കിയ ചൈനീസ് ബിസിനസുകാരി ചാരപ്പണിയെടുത്തെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ വെളിപ്പെടുത്തല്‍. അമേരിക്കൻ എഐ ചിപ്പുകൾ സംബന്ധിച്ച് ചൈനയ്ക്ക് അവർ വിവരങ്ങൾ ചോർത്തി നൽകിയത് യുഎസ് ഏജൻസികൾ കണ്ടെത്തിയിരുന്നതായി ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. ആലീസ് ഹുവാങ് എന്ന ചൈനക്കാരി സിംഗപ്പൂർ ആസ്ഥാനമായ ഡേറ്റ സെന്റർ കമ്പനിയായ മെഗാസ്പീഡിന്റെ സീനിയർ എക്സിക്യൂട്ടീവാണ്. ചൈനാവിഷയത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾ സംബന്ധിച്ചും എൻവിഡിയയെക്കുറിച്ചും അവർ വിവരങ്ങൾ ചോർത്തി. എഐ ചിപ്പുകൾ വാങ്ങുന്നതിന് യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണം മറികടക്കാൻ ചൈനയെ ആലീസ് സഹായിച്ചിട്ടുണ്ടാകുമെന്നാണു റിപ്പോർട്ടിൽ പറയുന്നത്. രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ ഒരുവർഷം മുൻപേ ട്രംപിനെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം തുടർനടപടി വേണ്ടെന്നു തീരുമാനിച്ചതായും റിപ്പോർട്ട് ആരോപിക്കുന്നു. ചൈന–യുഎസ് വ്യാപാരചർച്ചയെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് ട്രംപ് വിഷയം അവഗണിച്ചതെന്നും റിപ്പോര്‍ട്ട്. എൻവിഡിയയുടെ ചിപ്പുകൾ ഉപയോഗിച്ചുള്ള മെഗാസ്പീഡിന്റെ ഡേറ്റസെന്ററുകൾ ആലിബാബ അടക്കം ചൈനീസ് കമ്പനികൾക്കു വാടകയ്ക്ക് നൽകിയിരുന്നു. മെഗാസ്പീഡ് വാങ്ങിയ അമേരിക്കൻ ചിപ്പുകൾ ചൈനയിലേക്കു നിയമവിരുദ്ധമായ കടത്തിയെന്നും യുഎസ് ഏജൻസികൾ സംശയിക്കുന്നു. സിംഗപ്പൂർ അധികൃതർ ആലീസിനെ 2025 ൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ചൈന ആരോപണം നിഷേധിച്ച് രംഗത്തെത്തി. എഐ ചിപ്പുകൾ വാങ്ങുന്നതിന് യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണം മറികടക്കാൻ ചൈനയെ ആലീസ് സഹായിച്ചിട്ടുണ്ടാകുമെന്ന റിപ്പോർട്ട് ചൈന തള്ളി. 

എൻവിഡിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനു മുന്നില്‍ ജെൻസെൻ വിവാഹേതര ബന്ധം സമ്മതിച്ചു. ഭാര്യയോട് വിശ്വാസവഞ്ചന കാണിച്ചെന്നും തന്റെ പ്രവൃത്തിക്ക് ന്യായീകരണമില്ലെന്നും ജീവനക്കാർക്കയച്ച ഇമെയിലിൽ ജെൻസെന്റെ കുറ്റസമ്മതം. പിന്നാലെ ചാരവനിതയെ ഉപയോഗിച്ച് ചൈന ചിപ് നിർമാണ രഹസ്യങ്ങൾ ചോർത്തിയോ എന്നു കണ്ടെത്താൻ എൻവിഡിയ അന്വേഷണം പ്രഖ്യാപിച്ചു. 33 വർഷമായി സിഇഒ ആയി തുടരുന്ന ജെൻസെനെതിരെ കമ്പനി നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന് സ്വതന്ത്ര ഡയറക്ടർമാരും പുറത്തുനിന്നുള്ള അഭിഭാഷകരും അടങ്ങുന്ന സമിതിയാണ് മേല്‍നോട്ടം വഹിച്ചത്. നിർണായക വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നു കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു. പുറത്തുവന്ന വിവരങ്ങളുടെ നിജസ്ഥിതിയാണ് അന്വേഷിക്കുന്നത്. സ്ഥാപനം തുടർന്നും ജെൻ‌സെൻ നയിക്കുമെന്നായിരുന്നു ആദ്യ പ്രതികരണം. 

വാർത്ത പുറത്തുവന്നതിനു പിന്നാലെ എൻവിഡിയയുടെ ഓഹരികൾ ഇടിഞ്ഞു. ജെന്‍സനെ പുറത്താക്കണമെന്നും അല്ല നിലനിര്‍ത്തിക്കൊണ്ട് അന്വേഷണം മതിയാകുന്നും ആവശ്യമുയര്‍ന്നു. പ്രസിഡന്റ് ട്രംപ് ജെന്‍സന് പൂര്‍ണപിന്തുണ അറിയിച്ചു. ട്രംപിന് ചൈനീസ് സന്ദര്‍ശനത്തിന് മുന്നടോടിയായിട്ടായിരുന്നു ഈ വിവാദവെളിപ്പെടുത്തല്‍. ഒരുപാടു വർഷങ്ങളുടെ കഠിനാധ്വാനംകൊണ്ടും പിഴയ്ക്കാത്ത തന്ത്രങ്ങൾ കൊണ്ടും വളർത്തിയെടുത്ത അതികായവ്യക്തിത്വത്തിന് വിവാദച്ചുഴലിയിൽ ആ പരിവേഷം നഷ്ടമാകുന്ന സാഹചര്യം. 

ജെൻസെൻ ഹുവാങ്ങിന് ആലീസുമായുള്ള ബന്ധം ചൈനയിലേക്കുള്ള 750 കോടി ഡോളറിന്റെ ചിപ്പ് കയറ്റുമതിക്കു സഹായകമായെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ട്. ആലീസും ഭർത്താവും സഹോദരിയും ചേർന്ന് ചൈനയിലും സിംഗപ്പൂരിലുമായി കമ്പനികളുടെ ശൃംഖല രൂപീകരിച്ചാണ് എൻവിഡിയ ചിപ്പുകൾ സ്വന്തമാക്കിയതെന്നും റിപ്പോർട്ട് പറയുന്നു. 'ഷാങ്ഹായ് സെഞ്ചറി ലിറ്റോങ്' കമ്പനിയാണ് ഈ ശൃംഖലയുടെ കേന്ദ്രമായി പ്രവർത്തിച്ചത്. എൻവിഡിയയുടെ മുൻഗണനാ ക്ലൗഡ് പങ്കാളിപദവിയും കമ്പനിക്കു ലഭിച്ചു. എഐ രംഗത്ത് ഉപയോഗിക്കപ്പെടുന്ന ഉയർന്നശേഷിയുള്ള ചിപ്പായ എച്ച്100 ഉൾപ്പെടെയുള്ളവ കയറ്റുമതി ചെയ്തെന്ന് റിപ്പോർട്ട് പറയുന്നു.ആലീസ് ഹുവാങ് ചൈനീസ് ചാരവനിതയാണെന്ന അഭ്യൂഹം മാധ്യമങ്ങളിലൂടെ പരന്നതിനു പിന്നാലെ ചൈനയുടെ ചാരസംഘടനയായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയും ശ്രദ്ധ നേടി. ആലീസ് എംഎസ്എസ് അംഗമാണെന്നാണു റിപ്പോർട്ടുകളിലെ ആരോപണം. ചൈനീസ് ഇന്റലിജൻസ് സർവീസസ് എന്ന പൊതുപ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ചൈനീസ് ചാരസ്ഥാപനങ്ങൾക്കു വ്യത്യസ്തമായ രീതികളാണ്. സിവിലിയൻ രീതിയിലുള്ള വിവരശേഖരണം പ്രധാനമായും എംഎസ്എസ് ആണു നടത്തുന്നത്. ചൈനയുടെ ചാരവലയത്തിലെ ഏറ്റവും ശക്തമായ കണ്ണി ഇവരാണ്. ബെയ്ജിങ്ങിലാണ് ആസ്ഥാനമെങ്കിലും ചൈനയിലുടനീളം നഗരങ്ങളിലും പട്ടണങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്. ചൈനീസ് നിയമത്തിലെ നാലാം ആർട്ടിക്കിൾ എംഎസ്എസിനു ശക്തമായ അധികാരങ്ങൾ നൽകുന്നു. ചാരസംഘടന എന്നതിനപ്പുറം രഹസ്യപ്പൊലീസ് എന്ന നിലയിലും പ്രവർത്തിക്കാൻ എംഎസ്എസിനു പറ്റും. ചൈനീസ് സിവിലിയൻമാരെ അറസ്റ്റ് ചെയ്യാനും രഹസ്യത്തടങ്കലിൽ വയ്ക്കാനുമൊക്കെ ഇവർക്കു സാധിക്കും. സൈബർ ചാരവൃത്തിയാണ് എംഎസ്എസിന്റെ പ്രധാനപ്പെട്ട ആയുധം. നിഗൂഢ സൈബർഗ്രൂപ്പുകളായ ഗോഥിക് പാണ്ടയുടെയൊക്കെ പിന്നിൽ എംഎസ്എസാണെന്ന് 2017ൽ യുഎസ് സ്ഥിരീകരിച്ചിരുന്നു. യുഎസിൽ മാത്രം മൂവായിരത്തിലേറെ കമ്പനികളെ സാമ്പത്തിക ചാരവൃത്തിക്കായി എംഎസ്എസ് ഉപയോഗിക്കുന്നുണ്ടെന്നും എഫ്ബിഐ സ്ഥിരീകരിച്ചിരുന്നു. 

വിവാദത്തെപ്പറ്റി ജെൻസെൻ ഹുവാങ്ങിന്റെ ജന്മനാടായ തയ്‌വാനിൽ സമ്മിശ്ര പ്രതികരണമാണുണ്ടായത്. ചിലർ ഇതു വിശ്വസിക്കാനാകുന്നില്ലെന്നു പറഞ്ഞപ്പോൾ, ചിലർ ജെൻസെനെ പിന്തുണച്ചു. തയ‍്‍വാനിൽ ജെൻസെനെ ആരാധനയോടെ കാണുന്ന അനേകായിരങ്ങളുണ്ട്. തൈനാനിലാണ് അദ്ദേഹം ജനിച്ചത്. കുട്ടിക്കാലത്തുതന്നെ കുടുംബത്തോടൊപ്പം യുഎസിലേക്കു കുടിയേറുകയായിരുന്നു.

ആരോപണം പുറത്തുവന്നതിന് പിന്നാലെ ആദ്യ രണ്ട് വ്യാപാരദിനങ്ങളിലായി ഏകദേശം 400 ബില്യൻ ഡോളറിന്റെ (37.50 ലക്ഷം കോടി രൂപ) വിപണി മൂല്യമാണ് യുഎസ് ചിപ്പ് ഭീമന് നഷ്ടപ്പെട്ടത്. ഒടുവില്‍ ഉത്തരവാദിത്തങ്ങളേറ്റെടുത്ത് നവംബര്‍ 12ന് ജെൻസെൻ ഹുവാങ് രാജിവച്ചു. പ്രസിഡന്റ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം എന്നീ സ്ഥാനങ്ങളും ഒഴിഞ്ഞു. രാജിവാർത്ത വന്നതോടെ എൻവിഡിയ ഓഹരിവില ഒരു ഘട്ടത്തിൽ 14.35% വരെ ഇടിഞ്ഞ് 148.80 ഡോളറിലെത്തി. ധനകാര്യവിഭാഗം മേധാവി കൊലെറ്റ് ക്രെസിനെ കമ്പനിയുടെ ഇടക്കാല സിഇഒ ആയി നിയമിച്ചു. അതിനിടെ, എൻവിഡിയയുടെ ഹെൽത്ത്കെയർ വൈസ് പ്രസിഡന്റ് കിംബർലി പവലുമായും ജെൻസനു വിവാഹേതരബന്ധമുണ്ടായിരുന്നെന്നു ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തിയതോടെ രാജിയല്ലാതെ വഴിയില്ലെന്നായി. ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ സഹസ്ഥാപകനായ ജെൻസെന് നിലവിൽ 3.61% ഓഹരികൾ സ്വന്തമായുണ്ട്; കമ്പനിയിലെ ഏറ്റവും വലിയ നാലാമത്തെ ഓഹരിയുടമയാണ് എൻവിഡിയ ചിപ്പുകൾ വാങ്ങി ക്ലൗഡ് വഴി ഉപയോക്താക്കൾക്ക് നൽകുന്ന കോർവീവ് 10.9 ശതമാനം ഇടിഞ്ഞു. മെമ്മറി ചിപ്പുകൾ വിൽക്കുന്ന മൈക്രോൺ ടെക്‌നോളജി 3.1 ശതമാനവും, എഐ ഡേറ്റാ സെന്ററുകളെ സഹായിക്കുന്ന ജിഇ വെർനോവ 0.8 ശതമാനവും ആ ദിവസം താഴ്ന്നു. 

ജെന്‍സനെ പുറത്തുനിര്‍ത്തി എന്‍വിഡിയയ്ക്ക് മുന്നോട്ടുപോകാനാകുമോയെന്നത് ന്യായമായ സംശയമായിരുന്നു. ജെന്‍സനെ തിരികെ വിളിക്കണമെന്ന് കമ്പനിക്കകത്തുനിന്നും പുറത്തുനിന്നും ആവശ്യമുയര്‍ന്നു. ഒപ്പം ട്രംപിന്റെ പൂര്‍ണപിന്തുണയും. ഒടുവില്‍ ജെന്‍സെനെ സി.ഇ.ഒയായി തിരിച്ചെടുക്കാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഐകകണ്ഠ്യേന തീരുമാനിച്ചു.  പിന്നാലെ എന്‍വിഡിയ ഓഹരികളുടെ മൂല്യം 40 ശതമാനത്തോളം ഉയര്‍ന്നു. ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെട്ട ആലീസ് ഹുവാങ്ങുമായി വിവാഹേതര ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ രാജിവച്ച് പത്തുദിവസം പിന്നിട്ടപ്പോള്‍ വീണ്ടും ജെന്‍സന്‍ തലപ്പത്തേക്ക് മടങ്ങിയെത്തി. ജെന്‍സെന്റെ ബന്ധം വഴി സുരക്ഷാഭീഷണികള്‍ ഉണ്ടായിട്ടില്ലെന്ന് യു.എസ് ഏജന്‍സികള്‍ അറിയിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നിയമിക്കുന്നതെന്നുമാണ് എന്‍വിഡിയ ബോര്‍ഡ് ഓഫ് ഡയറ്ക്ടേസ് വിശദീകരിച്ചത്. ബോര്‍‍ഡ് അംഗങ്ങള്‍ ഏകകണ്ഠേയമായാണ് ജെന്‍സെനെ പുനര്‍നിയമിക്കാന്‍ തീരുമാനിച്ചത്. എന്‍വിഡിയയെ നയിക്കാനുള്ള ഹുവാങ്ങിന്റെ കഴിവില്‍ ബോര്‍ഡ് പൂര്‍ണതൃപ്തരാണെന്നും പ്രസ്താവനയില്‍ പറയുന്നു.  തീരുമാനത്തില്‍ സന്തോഷമെന്നും കമ്പനിയെ കൂടുതല‍്‍ മികവിലേക്ക് നയിക്കാന്‍ പ്രയത്നിക്കുമെന്നും ജെന്‍സെന്‍ പ്രതികരിച്ചു.  പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പംനിന്നവര്‍ക്കും പിന്തുണ നല്‍കിയ കുടുംബത്തിനും ജെന്‍സെന്‍ നന്ദി അറിയിച്ചു. എന്‍വിഡിയ തലപ്പത്ത് ജെന്‍സെന്‍ വേണമെന്നത് അമേരിക്കന്‍ താല്‍പര്യമാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ശരിയായ തീരുമാനമെന്ന് ഇലോണ്‍ മസ്കും പ്രതികരിച്ചു. ജെന്‍സെന്റ തിരിച്ചുവരവിന് പിന്നാലെ എന്‍വിഡിയ ഓഹരിമൂല്യം 40 ശതമാനം ഉയര്‍ന്നത് കമ്പനിയില്‍  ജെന്‍സെന്റെ അനിഷേധ്യ സ്ഥാനം ഉറപ്പിക്കുന്നതാണ്. ജെന്‍സന്‍ വീണ്ടും ഓഫിസിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആര്‍പ്പുവിളികളോടെയാണ് സഹപ്രവര്‍ത്തകര്‍ സ്വീകരിച്ചത്. സഹപ്രവര്‍ത്തകരോട് മാപ്പപേക്ഷിച്ച ജെന്‍സന്‍, കൂടുതല്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി.

ജെൻസെനെ സിഇഒയായി വീണ്ടും നിയമിക്കണമെന്ന് എൻവിഡിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനോട് ടെക് രംഗത്തെ പ്രമുഖ വ്യവസായികളടക്കം 1.75 ലക്ഷം പേർ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എൻവിഡിയയിലെ 8745 ജീവനക്കാരും 1576 മുൻജീവനക്കാരും കത്തിൽ ഒപ്പുവച്ചിരുന്നു. കമ്പനി സ്വതന്ത്രാന്വേഷണം ഉറപ്പുവരുത്തണമെന്നും അന്തിമതീരുമാനത്തിനു മുൻപ് ആരോപണവിധേയനു വിശദീകരിക്കാൻ അവസരമൊരുക്കണമെന്നും standwithjensen.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ജെന്‍സന്‍ മടങ്ങിയെത്തിയത്. ജെന്‍സെന്റെ തിരിച്ചുവരിന് പിന്നാലെ എന്‍വിഡിയ ഒഹരികള്‍ 31.48 ശതമാനം ഉയര്‌‍ന്ന് 165.05 ഡോളറില്‍ ക്ലോസ് ചെയ്തു. ഒറ്റദിവസംകൊണ്ട് വിപണിമൂല്യം 950 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 3.98 ട്രില്യണ്‍ ഡോളര്‍ കടന്നു. എന്‍വിഡിയയുടെ ഈ കുതുച്ചുചാട്ടം നാസ്ഡാക്ക് സൂചികയെ 6.5ശതമാനം ഉയര്‍ത്താനും ആഗോള ടെക് ഓഹരികളില്‍ വന്‍ മുന്നേറ്റത്തിനും കാരണമായി. ഓഹരിവില ഇടിഞ്ഞുനിന്ന ദിവസങഅങളില്‍ ധൈര്യപൂര്‍വം ഓഹരികള്‍ വാങ്ങിക്കൂട്ടിയ നിക്ഷേപകര്‍ക്കും ട്രേഡര്‍മാര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ നേടാനായാത് വന്‍ ലാഭം. ജെന്‍സെന്‍ ഹുവാങ്ങിന്റെ വ്യക്തിഗത ആസ്തിയിലും ഏകദേശം 35 ബില്യണ്‍ ഡോളറോളം വര്‍ധനവുണ്ടായി. 

എന്തുകൊണ്ടാണ് യുഎസ് സുരക്ഷയുടെ കാര്യമായിട്ടുപോലും ട്രംപ് ജെന്‍സെനെ പിന്തുണച്ചത്? ധാര്‍മികതയുടെ പേരിലും ആക്രമിക്കപ്പെട്ടിട്ടും ജെന്‍സെനെ ട്രംപ് കൈവിടാതിരുന്നത്? അതിനെല്ലാം ക‍ൃത്യമായ കാരണങ്ങളുണ്ട്. എന്‍വിഡിയയും എഐ ചിപ് നിര്‍മാണവും യുഎസ് ചൈന മല്‍സരത്തിന്റെ ഭാഗമാണ്. ആ മല്‍സരത്തില്‍ മുന്നേറണമെങ്കില്‍ യുഎസിന് ജെന്‍സനാണ് ആദ്യവഴികളിലൊന്ന്. അത് ആരെക്കാളും നന്നായറിയാനുന്നത് ട്രംപിനാണ്. യുഎസ് ഭരണകൂടത്തിനാണ്. ‘ഈ തീരുമാനത്തില്‍ പ്രസിഡന്റ് ട്രംപിന് വലിയ പങ്കുണ്ട്. നമ്മുടെ പ്രതിഭകളെ നാം സംരക്ഷിക്കേണ്ടതുണ്ട്’ ജെന്‍സെന്‍ ഹുവാങ്ങിനെ തിരിച്ചെടുക്കാനുള്ള എന്‍വിഡിയ ബോര്‍ഡ് തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ വൈറ്റ്ഹൗസ്  കമ്യൂണിക്കേഷന്‍സ്  ഡയറക്ടര്‍ സ്റ്റീഫന്‍ ച്യൂങ് നടത്തിയ പ്രതികരണത്തില്‍ എല്ലാം വ്യക്തമാണ്. ജെന്‍സന്റെ തിരിച്ചുവരവിനെ ആദ്യം സംശയത്തോടെ കണ്ട യുഎസ് സര്‍ക്കാര്‍ പിന്നീട് അനുകൂല നിലപാടിലേക്ക് മാറുകയായിരുന്നു. പുതിയ സി.ഇ.ഒയെ കമ്പനിക്ക് പുറത്തുനിന്ന് കണ്ടെത്തണമെന്നായിരുന്നു ട്രഷറി സെക്രടട്റി സ്കോട്ട് ബെസന്റ് നിര്‍ദേശിച്ചത്. ജെന്‍സെന്റെ തിരിച്ചുവരവ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാരുമെന്ന് കരുതുന്നില്ലെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് തെളിവില്ലെന്നും അറ്റോര്‍ണി ജനറല്‍ സ്ഥിരീകരിച്ചതും അനുകൂലമായി. യുഎസിന്റെ ഏറ്റവും പ്രധാനപ്പെട്ട എ.ഐ ചിപ് നിര്‍മാണ കമ്പനിയായ എന്‍വിഡിയയുടെ തലപ്പത്ത് ജെന്‍സെന്‍ തുടരേണ്ടതിന്റെ ആവശ്യവും ചൈനയുമായുള്ള മല്‍സരത്തില്‍ യുഎസിനുള്ള താല്‍പര്യവുമാണ് ഈ നിലപാട് മാറ്റത്തിന് കാരണം. ഹുവാങ്ങിന്റെ അഭാവം  എഐ പോരാട്ടത്തില്‍ ചൈനയ്ക്ക് മുന്നില്‍ യുഎസിനെ പിന്നിലാക്കുമെന്ന ആശങ്ക ട്രംപിനുണ്ടായിരുന്നു. ഒപ്പം എന്‍വിഡിയയില്‍ ട്രംപിന് വലിയ വ്യക്തിഗത നിക്ഷേപവുമുണ്ട്. 

ആധുനിക സെമികണ്ടക്ടർ സാങ്കേതികവിദ്യയുടെ ആധിപത്യത്തിനായി യുഎസും ചൈനയും നടത്തുന്ന കിടമത്സരമാണു 'ചിപ് വാർ' എന്നറിയപ്പെടുന്നത്. ഡിജിറ്റൽ ഉപകരണങ്ങൾ, എഐ തുടങ്ങിയ മേഖലകളിലെല്ലാം തന്നെ പ്രാധാന്യമുള്ളതിനാൽ സെമികണ്ടക്ടർ മേഖല നിർണായകമാണ്. ചൈനയുമായി ഉരസി നിൽക്കുന്ന തയ്‌വാൻ ലോകത്തെ വൻകിട ചിപ് നിർമാതാക്കളാണെന്നത് ഈ മത്സരത്തെ ലോകരാഷ്ട്രീയതലത്തിലേക്ക് ഉയർത്തുന്നു. ചൈനയുടെ സാങ്കേതികവളർച്ച തടയാൻ യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ, ചിപ് നിർമാണത്തിൽ സ്വയംപര്യാപ്തത നേടാനാണു ചൈനയുടെ ശ്രമം.ചുരുക്കത്തില്‍ വ്യക്തിപരമായ വീഴ്ചകളും ദേശിയ സുരക്ഷാ ആശങ്കയും ഒരുവശത്തും കോടിക്കണക്കിന് ഡോളറിന്റെ വിപണി താല്‍പര്യങ്ങളും ആഗോള എഐ മേധാവിത്വവും മറുവശത്തും നിന്ന പോരാട്ടത്തില്‍ വിജയം കണ്ടത് വിപണിയുടെ പ്രായോഗികതയാണ്. 

എന്‍വിഡിയ എന്ന കമ്പനി ജെന്‍സെന്‍ ഹുവാങ്ങിന്റെ മികവിന്റെ അടയാളമാണ്. തായ്‍വാനില്‍ ജനിച്ച് യുഎസിന്റെ ചിപ് നിര്‍മാണ മേഖലയില്‍ സമാനതകളില്ലാത്ത നേതൃശേഷി കൊണ്ടും ആരെയും ആകർഷിക്കുന്ന പരിവേഷംകൊണ്ടും ടെക് സാമ്രാജ്യത്തിലെ കിരീടം വയ്ക്കാത്ത രാജാവായിരിക്കെയാണ് വീഴ്ചയും ഉയര്‍ത്തെഴുന്നേല്‍പും. പക്ഷേ, ഈ മികവിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. വംശീയഅധിക്ഷേപങ്ങൾ നേരിടേണ്ടിവന്ന നേരേചൊവ്വോ ഇംഗ്ലീഷ് സംസാരിക്കനറിയാത്ത ഒരു കാലമുണ്ടായിരുന്നു ജെന്‍സന്‍ ഹുവാങ്ങിന്. 1963ൽ തയ്‌വാനിലെ ചരിത്രനഗരമായ തൈനാനിലാണ് ജെൻസെൻ വുഹാങ് ജനിച്ചത്. പിതാവ് കെമിക്കൽ എൻജിനീയറായിരുന്നു, മാതാവ് അധ്യാപികയും. പിതാവിന്റെ നിർബന്ധപ്രകാരമാണ് ഒൻപതാം വയസ്സിൽ യുഎസിലേക്ക് എത്തിയത്. ഇംഗ്ലിഷ് ഭാഷ പോലും ശരിയായി വശമായിരുന്നില്ല. വാഷിങ്ടനിലെ ടാകോമയിൽ ജീവിച്ചിരുന്ന ബന്ധുവിന്റെ കുടുംബത്തിനൊപ്പമാണ് ജെൻസെനും സഹോദരനും അന്നു താമസിച്ചിരുന്നത്. യാങ്കിനാട്ടിലെ ആദ്യകാല ജീവിതം ജെൻസെന് അത്ര സുഗമമായിരുന്നില്ല. പഠനത്തിനായി മാതാപിതാക്കൾക്ക് തയ്‌വാനിലെ സ്വത്തുവകകളെല്ലാം വിൽക്കേണ്ടി വന്നു. വംശീയഅധിക്ഷേപങ്ങൾ ഏറ്റുവാങ്ങിയായിരുന്നു ജെൻസെന്റെ സ്കൂൾ ജീവിതം. പിൽക്കാലത്ത് ജെൻസെന്റെ മാതാപിതാക്കളും യുഎസിലെത്തി. കുടുംബം ഓറിഗണിലെ ബീവർടൺ പട്ടണത്തിൽ പുതുജീവിതം തുടങ്ങി. മിടുക്കനായ വിദ്യാർഥിയായിരുന്നു ജെൻസെൻ. പ്രോഗ്രാമിങ്ങിലൊക്കെ അനന്യമായ കഴിവ് പ്രകടിപ്പിച്ചു. ഓറിഗൺ സ്റ്റേറ്റ് സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് സിലിക്കൺ വാലിയിൽ വിവിധ ജോലികൾ. പ്രശസ്ത ചിപ്പ് കമ്പനികളായ എഎംഡിയിലും എൽഎസ്ഐ ലോജിക്കിലുമൊക്കെ ജോലി ചെയ്തു. എൽഎസ്ഐയിൽവച്ചാണ് ക്രിസ് മലക്കോവ്സ്കി, കർട്ടിസ് പ്രീം എന്നീ എൻജിനീയർമാരെ പരിചയപ്പെടുന്നത്. 

1993ൽ അവർക്കൊപ്പം ജെൻസെൻ എൻവിഡിയ സ്ഥാപിച്ചു, സംരംഭകജീവിതവും അവിടെ തുടങ്ങി. കംപ്യൂട്ടറുകളിലും വിഡിയോ ഗെയിമുകളിലും മികച്ച ഗ്രാഫിക്സ് സാധ്യമാക്കുന്ന ചിപ്പുകൾ വികസിപ്പിക്കുകയായിരുന്നു കമ്പനിയുടെ ആദ്യ ലക്ഷ്യം. തുടക്കകാലം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. തെറ്റായ തീരുമാനങ്ങൾ കമ്പനിയെ പാപ്പരത്തത്തിന്റെ വക്കിലെത്തിച്ചു. ജീവനക്കാരെ പിരിച്ചുവിടേണ്ടിവന്നു. കമ്പനിയെ നിലനിർത്താൻ സാമ്പത്തികസഹായവും തേടേണ്ടിവന്നു. എന്നാൽ ജെൻസെന്റെ നേതൃശേഷി പ്രതിസന്ധികളിൽനിന്ന് കമ്പനിയെ കരകയറ്റി. അദ്ദേഹം കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായി മാറി. 1999ൽ എൻവിഡിയ ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ് അവതരിപ്പിച്ചു. കംപ്യൂട്ടർ ഗ്രാഫിക്സ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഈ സാങ്കേതികവിദ്യ പിന്നീട് കമ്പനിയുടെ വളർച്ചയ്ക്ക് അടിത്തറയായി. വിഡിയോ ഗെയിമുകൾക്കപ്പുറത്തേക്ക് ജിപിയു സാധ്യതകൾ ജെൻസെൻ തിരിച്ചറിഞ്ഞു. വലിയ അളവിലുള്ള വിവരങ്ങൾ ഒരേസമയം പ്രോസസ് ചെയ്യാനുള്ള ജിപിയുവിന്റെ കഴിവ് ശാസ്ത്രഗവേഷണം, സൂപ്പർകംപ്യൂട്ടിങ്, എഐ മേഖലകൾക്കു പ്രയോജനപ്പെടുമെന്ന് മനസ്സിലാക്കി. നൂതന എഐ സംവിധാനങ്ങളെ പരിശീലിപ്പിക്കുന്നതിൽ എൻവിഡിയയുടെ ജിപിയുകൾ നിർണായകമായി. 2022ൽ ജനറേറ്റീവ് എഐ പ്രബലമായതോടെ എഐ സാങ്കേതികവിദ്യയ്ക്ക് ആഗോളതലത്തിൽ വലിയ സ്വീകാര്യത ലഭിച്ചു. ഇതോടെ എൻവിഡിയ ചിപ്പുകൾക്ക് ആവശ്യക്കാരേറി. 2023ൽ കമ്പനിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി ഡോളർ കടന്നു. പിന്നീടത് 4 ലക്ഷം കോടി ഡോളറിനടുത്തെത്തി. ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളിലൊരാളായി ജെൻസെൻ മാറി. കറുത്ത ലെതർ ജാക്കറ്റും ആവേശകരമായ ഉൽപന്നഅവതരണങ്ങളും ജെൻസെനെ സിലിക്കൺ വാലിയിലെ താരമാക്കി. എഐ വിപ്ലവത്തിന്റെ മുഖ്യശിൽപിയെന്ന വിശേഷണവും ലഭിച്ചു. റോബട്ടിക്സ്, സ്വയംനിയന്ത്രിത വാഹനങ്ങൾ, ആരോഗ്യപരിചരണം തുടങ്ങിയ മേഖലകളിലും കമ്പനിക്കു സാന്നിധ്യമുണ്ട്.

ജെന്‍സന്‍ മടങ്ങിയെത്തിയതോടെ ഇനി അന്വേഷണത്തിന്റെ ഗതി എന്താകുമെന്ന് കണ്ടറിയണം. ട്രംപിന്റെ ഗുഡ് ബുക്കിലിടം നേടിയ സി.ഇ.ഒയെ കോണ്‍ഗ്രസ് പിടിച്ചടക്കിയ ഡെമോക്രാറ്റുകള്‍ എങ്ങനെ പരിഗണിക്കുമെന്നതും ഭാവിയിലറിയാം. ആലിസ് ഹുവാങ്ങിന്റെ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയും ചിപ് കയറ്റുമതിയില്‍ കൂടുതല്‍ പരിശോധന നടത്തിയുമാണ് യുഎസ് നിലവിലെ സാഹചര്യങ്ങളെ നേരിടുന്നത്. ജെന്‍സെന്‍ ഹുവാങ്എന്‍വിഡിയ തലപ്പത്തേക്ക് മടങ്ങിയെത്തിയതിനിടെ വിവാദ നായിക ആലീസ് ഹുവാങ്ങിന്റെ കമ്പനിയെ യു.എസ് കരിമ്പട്ടികയില്‍ പെടുത്തി. ചിപ്പുകളുടെ വ്യാപാരത്തിലും കയറ്റുമതിയിലും യു.എസ് കടുത്തനിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മെഗാസ്പീഡിനെതിരായ നടപടി. ആലീസ് ഹുവാങ്ങിന്റെ മുൻ തൊഴിലുടമയായ മെഗാസ്‌പീഡിനെയും അലിബാബയുടെ സിംഗപ്പൂർ സബ്സിഡിയറിയെയും യുഎസ് ട്രേഡ് വിഭാഗം കരിമ്പട്ടികയില്‍ ഉൾപ്പെടുത്തി. ആരോപണങ്ങൾ തെറ്റാണെന്ന് അലിബാബ പറഞ്ഞു. നിയമപരമായ ബിസിനസ്സാണ് നടത്തുന്നതെന്ന് മെഗാസ്‌പീഡും വ്യക്തമാക്കി.  മെഗാസ്‌പീഡിനെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്ന് സിംഗപ്പൂർ പ്രധാനമന്ത്രിയും വ്യക്തമാക്കി. അതിനിടെ, ആലീസ് ഹുവാങ് കഴിഞ്ഞവർഷം ഓഗസ്റ്റിൽ തങ്ങളുടെ കമ്പനി വിട്ടിരുന്നെന്ന് സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് ഇന്റർനാഷനൽ അറിയിച്ചു. നിലവിൽ കമ്പനിയിൽ അവർക്ക് യാതൊരു ചുമതലയുമില്ലെന്നും മെഗാസ്പീഡ് വ്യക്തമാക്കി. ഏഷ്യ-പസിഫിക് മേഖലയിൽ എൻവിഡിയയുടെ പ്രധാന ബിസിനസ് പങ്കാളികളിലൊന്നാണ് മെഗാസ്പീഡ്. യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന് എൻവിഡിയയുടെ നൂതന ചിപ്പുകൾ ചൈനീസ് കമ്പനികൾക്ക് ലഭ്യമാക്കാൻ മെഗാസ്പീഡ് സഹായിച്ചെന്നായിരുന്നു പ്രധാന ആരോപണം. 

ഇതു സ്ഥിരീകരിക്കാൻ തക്കവണ്ണമുള്ള തെളിവുകളൊന്നും തങ്ങളുടെ ആഭ്യന്തര അന്വേഷണത്തിൽ ലഭിച്ചില്ലെന്നാണു മെഗാസ്പീഡിന്റെ നിലപാട്. അതേസമയം, തെറ്റായ വിവരങ്ങൾ നൽകിയതിനും കയറ്റുമതി ചട്ടങ്ങൾ ലംഘിച്ചുവെന്ന സംശയത്തെത്തുടർന്നും നടന്ന പൊലീസ് അന്വേഷണത്തിനൊടുവില്‍ ആലീസ് ഹുവാങ്ങിന് സിംഗപ്പൂരിൽ വിലക്കേർപ്പെടുത്തി. പൊലീസിന് മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകിയെന്നും മെഗാസ്പീഡ് കമ്പനിയിലെ പങ്ക് മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് കർശന താക്കീത് നൽകുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തത്. ആലീസുമായി ബന്ധമുള്ള കമ്പനികൾക്ക് പ്രമുഖ ചൈനീസ് എഐ കമ്പനിയായ ഡീപ്സീക്കിൽ നിക്ഷേപമുണ്ടെന്ന വിവരവും കഴിഞ്ഞദിവസം പുറത്തുവന്നു. അതേസമയം ജെന്‍സെനെ തിരിച്ചെടുത്തെങ്കിലും ആരോപണങ്ങളില്‍ അന്വേഷണം തുടരുമെന്നാണ് യു.എസ് അധികൃതര്‍ പറയുന്നത്. അടുത്തയാഴ്ച യു.എസ് കോണ്‍ഗ്രസ് സമിതികള്‍ ജെന്‍സെനെ ചോദ്യം ചെയ്യും. ജെന്‍സനെ തിരിച്ചെടുത്തതില്‍ ചില ഡെമോക്രാറ്റിക് നേതാക്കള്‍ക്കെങ്കിലും എതിര്‍പ്പുണ്ട്. അതിനാല്‍ത്തന്നെ കോണ്‍ഗ്രസിലെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്.

 

അങ്ങനെ 10–11 ദിവസം മാത്രം നീണ്ടുനിന്നൊരു രാജിയെന്ന പതനത്തില്‍നിന്നും ജെന്‍സന്‍ ഹുവാങ് കരകയറി. യുഎസ് ദേശീയ സുരക്ഷയെ ബാധിക്കുന്നതൊന്നും സംഭവിച്ചില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍ ഇനിയുള്ള അന്വേഷണത്തില്‍ അതില്‍അധികമായി എന്ത് കണ്ടെത്തുമെന്നത് നിര്‍ണായകമാണ്. എഐ ചിപ്പുകളുടെ നിര്‍മാണ കയറ്റുമതിയുടെ കാര്യത്തില്‍ ചൈനയുമായുള്ള മല്‍സരം കടുക്കുന്ന സാഹചര്യത്തില്‍ ജെന്‍സന്റെ ഇടപെടലുകള്‍ വരുംകാലത്ത് കൂടുതല്‍ നിരീക്ഷിക്കപ്പെടും. അതിനപ്പുറം എന്‍വിഡിയയ്ക്കോ ജെന്‍സനോ നിലവില്‍ വലിയ വെല്ലുവിളികളോ പ്രശ്നങ്ങളോ ഉണ്ടാകില്ലെന്നതാണ് യാഥാര്‍ഥ്യം

Jensen Huang's Dramatic Return to Nvidia:

Jensen Huang has returned as the CEO of Nvidia after a brief resignation following controversies involving ties with Alice Huang and US-China export tensions. This high-stakes drama underscores the critical intersection of personal accountability, national security, and global AI dominance