മണ്ഡലകാലമാണ്. ശബരിമലയിലേക്ക് തീര്ഥാകടകര് നിരന്തരം വന്നുപോകുന്നവഴി. അവിടെയാണ് കാട്ടാനക്കൂട്ടം ഇറങ്ങി നിലയുറപ്പിച്ചത്. പത്തനംതിട്ട വടശേരിക്കര നഗരത്തെ ഒരു രാവും പകലും വിറപ്പിച്ചു നിര്‍ത്തിയത്.
പത്തനംതിട്ട ശബരിമല പാതയിലായിരുന്നു ഈ കാട്ടാനക്കൂട്ടം. ഇടശ്ശേരി മുക്ക് ഭാഗത്താണ് കാട്ടാനക്കൂട്ടം എത്തിയത്. കൂട്ടമായെത്തി സ്ഥലത്ത് നിലയിറപ്പിച്ചതോടെ നാട്ടുകാര്‍ ഭീതിയിലായി. യാത്രക്കാര്‍ വലഞ്ഞു. ബുധനാഴ്ച രാത്രിയോടെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഒരു രാവ് പിന്നിട്ട് ഉച്ചയോടടുത്തെങ്കിലും കാട്ടാനകള്‍ എങ്ങും പോയില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആനകളെ തുരത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇതിനിടെ ആനകള്‍ വീടുകള്‍ക്ക് സമീപത്തേക്ക് ഓടിയെത്താനും തുടങ്ങി. ജനജീവിതം ആശങ്കയുടെ മുള്‍മുനയില്‍ നിന്ന് നേരങ്ങള്‍.
തീർത്ഥാടന കാലമായതോടെ അതീവ തിരക്കേറിയ പത്തനംതിട്ട–ശബരിമല റോഡിന് തൊട്ടടുത്താണ് നാല് കാട്ടാനകളടങ്ങുന്ന കൂട്ടം തമ്പടിച്ചത്. മണിക്കൂറിൽ നൂറിലധികം വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയ്ക്ക് സമീപത്തെ കാട്ടാന സാന്നിധ്യം തീർത്ഥാടകരിലും പ്രദേശവാസികളിലും ഒരുപോലെ ആശങ്കയ്ക്കിടയാക്കി.
തുടർച്ചയായ വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ, ആനകളെ തുരത്താൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ സ്ഥലത്തെത്തിയ പഴകുളം മധു എംഎൽഎയും പ്രതിഷേധക്കാർ തടഞ്ഞു. അധികൃതരുടെ അനാസ്ഥ ആരോപിച്ച് പ്രതിഷേധവുമായി ബിജെപിയും ഇതേസമയം രംഗത്തെത്തി. കാട്ടാനശല്യം രൂക്ഷമായ ഈ പ്രദേശം ഇതിനോടകം തന്നെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി.
പ്രതിഷേധം ശക്തമായതോടെ എംഎൽഎ അടിയന്തരമായി വനംവകുപ്പ് മന്ത്രിയെ വിവരം അറിയിച്ചു. തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പ്രശ്നപരിഹാരത്തിനായി ശനിയാഴ്ച മന്ത്രിയുടെ നേതൃത്വത്തിൽ വടശ്ശേരിയിൽ വീണ്ടും ഉന്നതതല യോഗം ചേരുമെന്ന ഉറപ്പും എംഎല്‍എ പങ്കുവച്ചു. ഒടുവില്‍, വ്യാഴാഴ്ച രാത്രി ഇറങ്ങിയ നാല് ആനകളെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പിറ്റേന്ന് വൈകിട്ട് നാലുമണിയോടെ കാടുകയറ്റി.
ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയതിന്റെ ആശങ്കയിലാണ് പത്തനംതിട്ട വടശ്ശേരിക്കരയിലെ പ്രദേശവാസികൾ. ആനകളിങ്ങനെ ഇറങ്ങിയാല്‍ ജീവിതവും ഉപജീവനവും പ്രതിസന്ധിയിലാവും. കൃഷിയിടങ്ങള്‍ ഇപ്പോഴേ പാതിയിലേറെയും നശിപ്പിക്കപ്പെട്ടു. പരിഹാരനടിപടികളൊന്നും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ ആനകളെ ആകർഷിക്കുന്ന പൈനാപ്പിൾ കൃഷി അടിയന്തരമായി നീക്കം ചെയ്യാനും, പ്രദേശത്ത് കൂടുതൽ വാച്ചർമാരെയും ആർആർടി സംഘങ്ങളെയും നിയോഗിക്കാനുമാണ് തീരുമാനമെടുത്തത്. സ്ഥിതിഗതികൾ വിലയിരുത്താൻ വനംമന്ത്രി ശനിയാഴ്ച വടശ്ശേരിക്കരയിലെത്തുമ്പോള്‍ കൂടുതല്‍ വ്യക്തതയോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.
വനവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണവും പട്രോളിങ്ങും തുടരുകയാണ്. രാത്രിയായാൽ ഒന്ന് പുറത്തിറങ്ങാൻ പോലും ഭയന്ന് കഴിയുകയാണ് ഇവിടുത്തെ ജനങ്ങൾ. കാലങ്ങളായി തുടരുന്ന കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം.
കാട്ടാനകളെ ജനവാസ മേഖലയിൽ നിന്ന് അകറ്റാൻ ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കുമെന്ന് പഴകുളം മധു എംഎൽഎ മനോരമ ന്യൂസിനോട് പറഞ്ഞു. താൽക്കാലിക പരിഹാരമല്ല, ശാശ്വത പരിഹാരത്തിനുള്ള നടപടികൾ വേണമെന്നാണ് പഞ്ചായത്തിന്റെയും നിലപാട്. വടശ്ശേരിക്കരയിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ വനംമന്ത്രി നാളെ പ്രദേശത്തെത്തും. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ വടശ്ശേരിക്കരയിൽ പ്രതിഷേധിച്ചു.
ആനപ്പേടിയിലെ വടശേരിക്കരക്കാരുടെ ആശങ്ക ഉയര്‍ന്ന് തുടങ്ങിയ അതേ സമയത്താണ് ഇടുക്കി ചിന്നക്കനാലിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെക്കാന്‍ അനുമതി നല്‍കുന്നത്. മയക്കുവെടി വച്ച് റേഡിയോ കോളർ സ്ഥാപിക്കാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി. റേഡിയോ കോളർ ഘടിപ്പിച്ചശേഷം ആനയെ ചിന്നക്കനാലിൽ തന്നെ തുറന്നു വിടും. കുങ്കി ആനകളെ എത്തിച്ച് ദൗത്യം തുടങ്ങാനാണ് തീരുമാനം. വിക്രം, ഭരത് എന്നി കുങ്കിയാനകളാണ് ദൗത്യത്തിന് എത്തുന്നത്. അക്രമകാരിയായ ചക്കകൊമ്പനെ പിടികൂടി മാറ്റുന്നത് ആലോചിക്കുമെന്ന് നേരത്തെ വനംമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതോടെയാണ് റേഡിയോ കോളർ ഘടിപ്പിച്ച് സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തന്നെ തുറന്നു വിടാൻ തീരുമാനിച്ചത്.