സംസ്ഥാനത്ത് ഒട്ടാകെ സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായി വര്‍ധിക്കുകയാണ്. ഈ വര്‍ഷത്തിലെ മാത്രം കണക്കെടുത്താല്‍ കോടികള്‍ വരും. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ പടം വച്ചുവരെ തട്ടിപ്പ്. ഇന്നു മാത്രം ആറു തട്ടിപ്പുകള്‍. ഉടന്‍ പണം മാത്രമല്ല, ഉടന്‍ പോകും പണമെന്ന് കൂടി മലയാളി പറയേണ്ട കാലം. കൊച്ചിയില്‍ രണ്ടുപേര്‍ക്കാണ് പല രീതിയില്‍ പണം നഷ്ടമായത്. ഓൺലൈൻ ട്രേഡിങ് വഴി ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് കൊച്ചി ഇടപ്പളളി സ്വദേശിയായ ഡോക്ടറുടെ ഒരുകോടി 57 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ സ്‌ത്രീ ദുബായ് അസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ട്രേഡിങ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പറഞ്ഞ കാലവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ ഡോക്ടർ പരാതിപ്പെട്ടു. കളമശേരി പൊലീസാണ് അന്വേഷണം നടത്തുന്നത്.  എറണാകുളം മുളവുകാട് ക്രെഡിറ്റ് കാർഡ് ആക്ടിവേഷന്റെ മറവിലും തട്ടിപ്പുണ്ടായി. മുളവുകാട് സ്വദേശിയിൽനിന്ന് 89,904 രൂപയാണ് തട്ടിയെടുത്തത്. ക്രെഡിറ്റ് കാർഡ് ആക്ടിവേഷന് ഒ.ടി.പി നമ്പർ ആവശ്യപ്പെട്ടാണ് മറ്റൊരു അക്കൗണ്ടിലെ പണം തട്ടിയത്. 

കണ്ണൂരിലേക്ക് വന്നാല്‍, വിചിത്രമായ തട്ടിപ്പാണ് നടന്നത്. മൊബൈല്‍ ഫോണ്‍ സിസ്റ്റം തനിയെ അപ്ഡേറ്റായ ശേഷം ബാങ്ക് അക്കൗണ്ടില്‍ നിന്ന് 46,000 രൂപ നഷ്ടപ്പെട്ടെന്നാണ് പരാതി വന്നിരിക്കുന്നത്. കണ്ണൂര്‍ പാപ്പിനിശേരിയില്‍ ജോലി ചെയ്യുന്ന അസംകാരന്‍ റോഫിഖുല്‍ ഇസ്ലാമിനാണ് രണ്ട് തവണയായി പണം നഷ്ടമായത്. ഫോണ്‍ സിസ്റ്റം അപ്ഡേറ്റ് ആയതിന് പിന്നാലെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. 

കാസര്‍കോട് വയോധികനാണ് സൈബര്‍ തട്ടിപ്പിനിരയായത്. രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി പെരിയ സ്വദേശി യൂസഫ് മൊയ്തുവിന്റെ  1.65ലക്ഷമാണ് നഷ്ടമായത്. നവംബർ 6-നും 8-നും ഇടയിലാണ് തട്ടിപ്പ് നടക്കുന്നത്. യൂസഫിന്റെ  ഫോണിലേക്ക് ലൈവ് ടിവിയുടെ ലിങ്ക്  മെസ്സേജ് വരികയും അതിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്തതോടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പണം നഷ്ടമാവുകയായിരുന്നു.

Surge in Cyber Frauds Across Kerala: Crores Lost:

a massive surge in cyber frauds across Kerala, resulting in crores of rupees being stolen through online trading scams, credit card frauds, and fake app installations. Victims from Kochi, Kannur, and Kasaragod have lost significant amounts to sophisticated digital financial crimes