ചാലയില്‍ ചില്ലറകളിയല്ല നടന്നത്. അതിന്റെ വിശദവിവരങ്ങള്‍ പുറത്തുവന്ന ദിവസമാണിന്ന്. ബിസിനസ് കുടിപ്പക തീര്‍ക്കാര്‍ സ്വര്‍ണ ഏജന്റും സ്വര്‍ണം മോഷ്ടിച്ച് എക്സ്പീരിയന്‍സുള്ള ക്രിമിനലുകളും സംഘംചേര്‍ന്ന് നടപ്പാക്കിയ കൃത്യമായ തിരക്കഥയുള്ള കവര്‍ച്ച. അതിന് ചുക്കാന്‍ പിടിച്ചത് തൊട്ടടുത്ത് തന്നെയുള്ള മറ്റൊരു ജ്വല്ലറി ഉടമ. കവര്‍ച്ചയ്ക്ക് തയാറെടുത്തത് ഒരുമാസത്തോളം നീണ്ട ആസൂത്രണത്തിന് ഒടുവില്‍. അത് നടപ്പാക്കുന്നതിന് മുന്നോടിയായി രണ്ടുതവണ ട്രയല്‍ റണ്‍. പക്ഷെ പ്ലാനിങ് സ്വല്‍പം പാളി, തിരക്കഥയില്‍ ഇല്ലാതിരുന്ന പൊലീസ് രംഗപ്രവേശനം ചെയ്തതോടെ കഥ എഴുതിയവരും ജീവിച്ചവരുമെല്ലാം അഴിക്കുള്ളിലായി. പ്ലാന്‍ പാളിയെങ്കിലും പറയാതിരിക്കാനാകില്ല, ചാലയിലേത് ചില്ലറ കളിയല്ലായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച, നവംബര്‍ 12ന് രാത്രിയാണ് തലസ്ഥാനത്തെ ഞെട്ടിച്ച കവര്‍ച്ച നടക്കുന്നത്. രാത്രി പത്തരയോടെ കടയടച്ച് വീട്ടിലേക്ക് മടങ്ങിയ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറാണ് കവര്‍ച്ചയ്ക്ക് ഇരയായത്. സ്കൂട്ടറില്‍ പോകവെ ബൈക്കിലെത്തിയ സംഘം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. മരക്കട റോഡില്‍വച്ച് നടന്ന കവര്‍ച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചിരുന്നു. രണ്ട് ബൈക്കുകളില്‍ എത്തിയവരാണ് കവര്‍ച്ച നടത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. എന്നാല്‍ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. രണ്ടുകിലോ സ്വര്‍ണമാണ് നഷ്ടമായതെന്ന് പൊലീസ് അറിയിച്ചു. കടയടച്ച് ഇറങ്ങി അധികം വൈകാതെയാണ് മോഷണം നടന്നതെന്നും ബൈക്കില്‍ എത്തിയവര്‍ സ്വര്‍ണം അടങ്ങിയ ബാഗ് തട്ടിപ്പറിക്കുകയായിരുന്നെന്നും ജ്വല്ലറിയുടമ.

സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച സംഘം അതുമായി ബൈക്കില്‍ രക്ഷപ്പെട്ടു. പിന്നാലെ തന്റെ സ്കൂട്ടറില്‍ നന്ദകുമാറും. എന്നാല്‍ ഒപ്പം ഓടിയെത്താനായില്ല. ഇതിനിടെ കണ്ട പൊലീസ് സംഘത്തിന്റെ അടുക്കല്‍ കവര്‍ച്ചയുടെ വിവരങ്ങള്‍ പറഞ്ഞു. നന്ദകുമാര്‍ കാട്ടിയ വഴിയിലൂടെ പൊലീസ് പരിശോധിച്ച് പോയെങ്കിലും സ്വര്‍ണം കട്ടവരെ കിട്ടിയില്ല. പിറ്റേന്ന് വിശദമായ അന്വേഷണത്തിന് പൊലീസെത്തി. നന്ദകുമാറിന്റെ ജ്വല്ലറിയിലും കവര്‍ച്ച നടന്ന മരക്കട റോഡിലെ എസ്.ബി.ഐ എ.ടി.എമ്മിന് സമീപവും പൊലീസ് പരിശോധിച്ചു. മോഷണം നടന്നയിടത്ത് ജ്വല്ലറി ഉടമയെയും എത്തിച്ച് മൊഴി രേഖപ്പെടുത്തി. കടയടച്ച് നന്ദകുമാര്‍ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ബൈക്കിലെത്തിയ സംഘം കവര്‍ച്ച നടത്തിയത്. പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്ന് പൊലീസ് സംശയിച്ചു. നന്ദകുമാറിന്റെ യാത്രകള്‍ അറിയാവുന്നവരാകാം കവര്‍ച്ചയ്ക്ക് പിന്നിലെന്ന് അനുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നന്ദകുമാറിന്റെ കടയിലെ ജീവനക്കാരെയും കവര്‍ച്ച നടന്ന വ്യാഴാഴ്ച ജ്വല്ലറിയില്‍ എത്തിയവരെയും സ്ഥിരം ഇടപാടുകാരെയുമൊക്കെ ചോദ്യംചെയ്യാനും നിരീക്ഷിക്കാനും പൊലീസ് തീരുമാനിച്ചു.

സ്വര്‍ണത്തിന്‍റെ അളവ് സംബന്ധിച്ചാണ് മറ്റൊരു ആശയക്കുഴപ്പം. പൊലീസുകാരുടെ അടുക്കല്‍ രണ്ടുകിലോ സ്വര്‍ണം നഷ്ടമായെന്ന് ആദ്യം പറഞ്ഞ നന്ദകുമാര്‍, മാധ്യമങ്ങളുടെ അടുക്കല്‍ അത് 15 പവനെന്ന് മാറ്റിപറഞ്ഞു. കവര്‍ച്ച നടന്ന ദിവസം പ്രതികള്‍ക്ക് പിന്നാലെ പാഞ്ഞ നന്ദകുമാര്‍ വഴിയരികില്‍ കണ്ട പൊലീസിന്റെയടുക്കല്‍ പ്രതികള്‍ പോയതെന്ന് പറഞ്ഞ് കാട്ടികൊടുത്ത വഴി തെറ്റായിരുന്നു. നന്ദകുമാര്‍ കാണിച്ച വഴിയിലൂടെയല്ല പ്രതികള്‍ സഞ്ചരിച്ചതെന്ന് സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. നഷ്ടമായ സ്വര്‍ണത്തിന്റെ അളവ് മാറ്റിപറഞ്ഞതും കൂടിയായതോടെ നന്ദകുമാറിന്‍റെ മൊഴികളില്‍ സംശയം ഉയര്‍ന്നിരുന്നു. നന്ദകുമാറിന്റെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നെങ്കിലും കേസില്‍ പ്രഥമ പരിഗണന പ്രതികളെ കണ്ടെത്തുന്നതില്‍ എന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. അങ്ങനെയിരിക്കെ 14–ാം തിയതി വൈകിട്ട്, മോഷണം നടന്ന് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പ്, ആ നിര്‍ണായക വാര്‍ത്തയെത്തി.

തിരുവനന്തപുരം സ്വദേശികളായ അനൂപ്, അനില്‍, ആന്‍റണി വിനോദ് എന്നിവരാണ് വയനാട്ടില്‍ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന ശ്രാവണ്‍ പൊലീസിനെ കണ്ടതോടെ രക്ഷപ്പെട്ടിരുന്നു. ഇതിനിടെ അമോല്‍, ദിലീപ് എന്നിവര്‍ തിരുവനന്തപുരത്ത് പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. കേസിലെ മുഖ്യസൂത്രധാരനായിരുന്നു സ്വര്‍ണ ഏജന്റ് കൂടിയായ അമോല്‍. ഇയാളുടെ സുഹൃത്തും മുന്‍പ് സ്വര്‍ണമോഷണ കേസുകളില്‍ പ്രതിയായ അനൂപും ചേര്‍ന്നാണ് കവര്‍ച്ചയുടെ തിരക്കഥ രചിച്ചത്. വയനാട്ടില്‍ പിടിയിലായവരില്‍ നിന്നും തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തവരില്‍ നിന്നും നിര്‍ണായക വിവരങ്ങളാണ് ചോദ്യംചെയ്യലിനിടെ പൊലീസിന് കിട്ടിയത്. ഇതോടെ കവര്‍ച്ച സാമ്പത്തിക നേട്ടത്തിനല്ല, മറിച്ച് ബിസിനസ് കുടിപ്പകയുടെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞു. നന്ദകുമാറിന്റെ ബിസിനസ് തകര്‍ക്കുകയായിരുന്നു കവര്‍ച്ചയിലൂടെ ലക്ഷ്യമിട്ടതെന്നും പ്രതികള്‍ പൊലീസിന് മൊഴിനല്‍കി. കവര്‍ച്ചയുടെ സൂത്രധാരന്‍ എന്നനിലയില്‍ പ്രവര്‍ത്തിച്ച സ്വര്‍ണ ഏജന്റ് അമോലിന്റെയും സുഹൃത്ത് ദിലീപിന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 

ഇതിനിടെ ചാലയിലെ മാളവിക ജ്വല്ലറി ഉടമ ജയറാമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നന്ദകുമാറിന്റെ വൈഷ്ണവി ജ്വല്ലറിയുടെ നേരേ എതിര്‍വശത്താണ് മാളവിക ജ്വല്ലറിയുടെ പ്രവര്‍ത്തനം. അമോലുമായി ജയറാം നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പടെ നടന്നിരുന്നെന്നും പൊലീസ് കണ്ടെത്തി. ജയറാമിനും നന്ദകുമാറിനും ഇടയില്‍ ഉടലെടുത്ത ബിസിനസ് വൈരാഗ്യമാണ് കവര്‍ച്ചയിലേക്ക് എത്തിയതെന്ന് പൊലീസ് കണ്ടെത്തി. പൊലീസിന്റെ ആരോപണങ്ങള്‍ ജയറാം തള്ളിയെങ്കിലും കൃത്യമായ തെളിവുകള്‍ നിരത്തി അറസ്റ്റിലേക്ക് നീങ്ങി അന്വേഷണസംഘം. സ്വര്‍ണക്കവര്‍ച്ചയ്ക്ക് ചരടുവലിച്ചത് ജയറാമാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു.

സിനിമാക്കഥയെ വെല്ലുന്ന കവര്‍ച്ച. പിന്നില്‍ കൃത്യമായ തിരക്കഥയും പ്ലാനിങ്ങും ഉണ്ടായിരുന്നു. ആസൂത്രണത്തിന് നേതൃത്വം നല്‍കിയത് മാളവിക ജ്വല്ലറി ഉടമ ജയറാം. മുഖ്യസൂത്രധാരന്‍ സ്വര്‍ണ ഏജന്റ് അമോല്‍. ഒരുമാസത്തോളം നീണ്ട ആസൂത്രണം ഉണ്ടായിട്ടും പ്ലാന്‍ മുഴുവന്‍ പാളിയത് നന്ദകുമാര്‍ പൊലീസിനെ സമീപിച്ചതോടെയാണ്. വയനാട്ടില്‍ നിന്ന് രക്ഷപ്പെട്ട ശ്രാവണ്‍ കല്‍പ്പറ്റ പൊലീസിനുമുന്നില്‍ കീഴടങ്ങി. ഇതോടെ കേസിലാകെ ഏഴുപേര്‍ പിടിയിലായി. തെളിവെടുപ്പ് ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തിലാക്കാനാകും ഇനി പൊലീസിന്റെ ശ്രമം. ഒപ്പം, ബാക്കി സ്വര്‍ണം കണ്ടെത്താനും ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന സംശയങ്ങള്‍ക്ക് ഉത്തരം തേടാനും.

Chalai Gold Heist: A Cinematic Plot by Rival Jewellers:

Thiruvananthapuram gold robbery in Chalai was masterminded by a rival jeweller and a gold agent to settle business scores, according to police investigation details. Malayala Manorama Online News provides comprehensive coverage of this high-profile heist