TOPICS COVERED

നിശബ്ദമായ ഒരു പരീക്ഷാഹാള്‍... ചിലര്‍ കുത്തിയിരുന്ന് പഠിച്ചത് പേപ്പറില്‍ പടര്‍ത്തുന്നു. ചിലര്‍ അന്തംവിട്ട് പേനയും കടിച്ചിരിക്കുന്നു. കോപ്പിയടിക്കുന്നവര്‍ ഒളികണ്ണിട്ട് ഇന്‍വിജിലേറ്ററെ നോക്കുന്നു. പെട്ടെന്നാണ് ഒരു ചുമ.. മറ്റൊരു ചുമ. വീണ്ടും ചുമ... തുടര്‍ച്ചയായ ചുമ.. വീണ്ടും നിശബ്ദ്ം. കുറച്ചുപേരെങ്കിലും ശ്രദ്ധിച്ചുകാണും.. കൗതുകകരമായ ഈ പ്രതിഭാസം

എന്നാല്‍ ഈ ചുമയ്ക്ക് വ്യക്തമായ ഒരു ശാസ്ത്രീയ അടിത്തറയുണ്ടെന്ന് അറിയാമോ..  അതിന് മുന്‍പ് ചുമ എന്താണെന്ന് അറിയേണ്ടാതയിട്ടുണ്ട്. ശ്വാസകോശത്തിലേക്കും ശ്വാസനാളത്തിലേക്കും കടന്നുപോകുന്ന അനാവശ്യ വസ്തുക്കളെയും കഫത്തെയും പുറന്തള്ളി, ശ്വസനവ്യവസ്ഥയെ ശുദ്ധിയാക്കാൻ നമ്മുടെ ശരീരം നടത്തുന്ന ഒരു സ്വാഭാവിക പ്രതിരോധ പ്രവർത്തനമാണ് ചുമ. 

 ശ്വാസനാളിയിൽ എന്തെങ്കിലും തടസ്സമോ അസ്വസ്ഥതയോ ഉണ്ടാകുമ്പോൾ, തലച്ചോറിലെ 'കഫ് സെന്‍റര്‍ എന്ന ഭാഗം ഉത്തേജിക്കപ്പെടുകയും അത് വയറിലെയും നെഞ്ചിലെയും പേശികൾക്ക് വേഗത്തിൽ സങ്കോചിക്കാൻ സന്ദേശം നൽകുകയും ചെയ്യുന്നു. ഇതിന്‍റെ ഫലമായി ശ്വാസകോശത്തിൽ നിന്ന് വായു ശക്തിയായി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇതാണ് ചുമയായി മാറുന്നത്.

ഒരാൾ ചുമയ്ക്കുമ്പോൾ അത് കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ മറ്റൊരാൾക്കും ചുമക്കാൻ തോന്നുന്നത് പ്രധാനമായും നമ്മളുടെ തലച്ചോറിന്‍റെ ഒരു പ്രത്യേക പ്രവർത്തന രീതിയും മനശാസ്ത്രപരമായ കാരണങ്ങളും കൊണ്ടാണ്. നമ്മളുടെ തലച്ചോറിലെ ചില പ്രത്യേക നാഡീകോശങ്ങളാണ് മിറർ ന്യൂറോണുകൾ. മറ്റൊരാൾ ഒരു കാര്യം ചെയ്യുന്നത് കാണുമ്പോഴോ കേൾക്കുമ്പോഴോ, നമ്മൾ സ്വയം ആ കാര്യം ചെയ്യുന്നത് പോലെ ഈ ന്യൂറോണുകൾ ഉത്തേജിക്കപ്പെടുന്നു. ഇതാണ് ചുമ, കോട്ടുവ എന്നിവയൊക്കെ മറ്റുള്ളവരിലേക്ക് പെട്ടെന്ന് 'പകരാൻ' കാരണമാകുന്നത്.  തലച്ചോറിന്‍റെ ചിന്താഗതി പ്രകാരം ചുമയ്ക്കാന്‍ ആ പ്രദേശത്ത് ഒരു കാരണമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതായത് അപകടകാരിയായ വൈറസുകളോ പുകയോ പൊടിയോ എന്നിങ്ങനെ. അപ്പോള്‍ ആ വസ്തു ശരീരത്തിലേക്കെത്തേണ്ട എന്ന മുന്നറിയിപ്പുകൂടി കണക്കിലെടുത്താകും ഈ ചുമ.

ഇതുകൂടാതെ ഒരാൾ ചുമയ്ക്കുന്നത് കാണുമ്പോൾ നമ്മൾ അറിയാതെ തന്നെ സ്വന്തം തൊണ്ടയിലെ അസ്വസ്ഥതകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തൊണ്ടയിൽ ചെറിയൊരു വരൾച്ചയോ തരിപ്പോ ഉണ്ടെങ്കിൽ പോലും, അത് വലിയൊരു അസ്വസ്ഥതയായി തോന്നുകയും നമ്മൾ ചുമയ്ക്കുകയും ചെയ്യുന്നു.

ഇതുകൂടാതെ സഹതാപവും ഒരു കൗതുകകരമായ കാരണമാണ്. മറ്റുള്ളവരുമായി കൂടുതൽ അടുപ്പവും സഹതാപവും പുലർത്തുന്നവരിൽ ഇത്തരം 'പകരുന്ന ചുമ' അല്ലെങ്കിൽ കോട്ടുവാ കൂടുതലായി കാണപ്പെടാറുണ്ടെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇനി ഏറ്റവും രസകരമായ കാരണമറിയാന്‍ തുടക്കത്തിലെ പരീക്ഷാഹാളിലേക്ക് മടങ്ങാം. ചുമ ഒരു കമ്മ്യൂണിക്കേഷന്‍ മീഡിയം കൂടിയാണ്. അതായത് .. ചുമയ്ക്കുന്നു.. ഇതിനര്‍ഥം എന്നെ ഒന്ന് ശ്രദ്ധിക്കൂ. എന്നതാണ്. ഇതുകൂടാതെ മറ്റു വസ്തുക്കളിലേക്ക് ശ്രദ്ധ ആകര്‍ഷിപ്പിക്കാനും ഇതേ ചുമ ഉപയോഗിക്കാം. ചുരുക്കത്തില്‍ പറഞ്ഞാല്‍ ചുമകൊണ്ട് സങ്കീര്‍ണമായ ആശയവിനിമയം നടത്തുന്നവര്‍ നമുക്ക് ചുറ്റുമുണ്ടെന്നര്‍ഥം. 

എന്തായാലും അനാവശ്യമായി ചുമയ്ക്കുന്നവര്‍ ഒന്നോര്‍ക്കേണം. അധികം ചുമച്ചാല്‍ തൊണ്ട പൊട്ടാനും ഛര്‍ദിക്കാനും ഇന്‍ഫെക്ഷന്‍ വരാനും സാധ്യതയുണ്ട്. അതുകൊണ്ട് ഒരുമയത്തില്‍ ചുമയ്ക്കുക. പിന്നെ ചുമയ്ക്കുമ്പോള്‍ തൂവാലയോ കൈയോ കൊണ്ട് വാ പൊത്താനും മറക്കേണ്ട... 

ENGLISH SUMMARY:

fascinating insights into the surprising science and psychology behind why coughing is contagious in public settings. Understanding mirror neurons and psychological triggers helps explain this common yet curious reflex among humans.