പഴയ നോട്ടുപുസ്തകങ്ങളുണ്ടെങ്കില്‍ ഒന്ന് തുറന്ന് നോക്കുക. അതിന്‍ അവസാനത്തെ പേജുകളിലോ എവിടെയെങ്കിലുമൊക്കെയോ നിങ്ങള്‍ കുത്തിവരച്ച ചെറിയ എന്തെങ്കിലും ചിത്രങ്ങള്‍ കാണാം. ഡൂഡ്ലിങ് എന്ന ഒരു ആര്‍ട്ടാണ് അന്ന് ചെയ്തിരുന്നത് എന്ന് നമ്മള്‍ക്ക് അന്ന് ഒരുപക്ഷെ അറിയില്ലായിരുന്നു.
നമ്മളുടെ ആ ചിത്രങ്ങള്‍ കണ്ട് പലരും നമ്മളെ കളിയാക്കിയിട്ടുണ്ടാകും. നമ്മള്‍ തന്നെ അയ്യേ ഇതെന്താണ് ഞാന്‍ വരച്ചു വച്ചിരിക്കുന്നത് എന്ന് പറഞ്ഞു കാണണം.
എന്നാല്‍ കേള്‍ക്കേണ്ട കഥയാണ് ജോ വേലിന്‍റേത്...
ഡൂഡ്ലിലിങ്ങുകളുടെ രാജകുമാരന്‍റെ കഥ കേട്ടാല്‍ നിങ്ങള്‍ ചിലപ്പോള്‍ വീണ്ടുമൊന്ന് കുത്തിവരച്ചുപോയെന്നിരിക്കും.
2009ലാണ് ഇംഗ്ലണ്ടിലെ ഗ്രെഗ്ഗ് നെസ്സ ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞ് പിറക്കുന്നത്. അവന് അവര്‍ ജോ എന്ന് പേരിട്ടു. കിന്‍റര്‍ഗാര്‍ഡനില്‍ പഠിക്കുന്ന സമയം തൊട്ട് കുഞ്ഞ് ജോയ്ക്ക് കുത്തിവരകളോട് പ്രിയമായിരുന്നു. മറ്റ് കുട്ടികള്‍ ക്രെയോണുകള്‍ ഉപോയാഗിച്ച് മഴവില്ലും വീടും കുന്നുകളും വരച്ചപ്പോള്‍ ജോയ്ക്ക് പ്രിയം കറുത്ത ക്രെയോണിനോടായിരുന്നു. അവന്‍ ഇടംവലം കുത്തിവരയ്ക്കാന്‍ തുടങ്ങി. ജോ എന്താണ് വരയ്ക്കുന്നതെന്ന് ജോയ്ക്ക് പോലും അറിയില്ല. ചിലപ്പോള്‍ അത് നായക്കുട്ടികളാകാം, തവളയാകാം, പുഴുവാകാം, പൂക്കളാകാം, മിഠായി കവറുകളാകാം, തെരുവിലെ സൈന്‍ബോര്‍ഡുകളുമാകാം.
വലിയ ക്ലാസുകളിലെത്തിയപ്പോള്‍ കണക്കു ടീച്ചര്‍മാര്‍ ജോയെക്കൊണ്ട് പൊറുതിമുട്ടി. വരയില്ലാത്ത പുസ്തകങ്ങളുടെ പേജുകളില്‍ ജോ തന്‍റെ വരകള്‍ തീര്‍ത്തു. പേജുകളില്‍ കണക്കിനും കാല്‍ക്കുലേഷനുകള്‍ക്കും പകരം നിറഞ്ഞത് കറുത്ത കുത്തിവരച്ച രൂപങ്ങളായിരുന്നു. ജോയുടെ കൂട്ടുകാര്‍ ജോയെ കളിയാക്കാനും വികൃതി കാട്ടാനും തുടങ്ങി.
ടീച്ചര്‍മാര്‍ ജോയുടെ അച്ഛനമ്മമാരെ സമീപിച്ചു. മകന്‍ പഠിക്കുന്നില്ല, കുത്തിവരയാണ് പണി. ഒരു ശരാശരി മാതാപിതാക്കളാണെങ്കില്‍ ജോയുടെ പണി അപ്പോള്‍ കഴിഞ്ഞു എന്ന് കരുതിയാല്‍ മതി. പക്ഷെ ജോയുടെ രക്ഷിതാക്കള്‍ പെരുമാറിയത് അങ്ങനെയായിരുന്നില്ല. ജോയുടെ പിതാവ് ഗ്രെഗ്ഗ് ഒരു ചിത്രകാരനായിരുന്നു. തന്‍റെ മകന്‍ കൊച്ചുപ്രായത്തില്‍ വരയ്ക്കുന്ന ചിത്രങ്ങളുടെ ആഴവും ഡീറ്റെയിലിങ്ങും കണ്ട് ഗ്രെഗ്ഗ് അന്തംവിട്ടു.
തന്‍റെ മകന്‍ ഒരപൂര്‍വ്വ കഴിവുള്ള കലാകാരനാണെന്ന് തിരിച്ചറിയാന്‍ ഗ്രെഗ്ഗിന് അധികം സമയം വേണ്ടിവന്നില്ല. ഗ്രെഗ്ഗും നെസ്സയും ജോയെ ചിത്രം വര പഠിപ്പിക്കാന‍് തീരുമാനിച്ചു. ആവര്‍ അവനെ സ്കൂളിന് ശേഷം ആര്‍ട്ട് ക്ലാസിന് വിട്ടു.
ജോ വരച്ച ചിത്രങ്ങള്‍ ഗ്രെഗ്ഗ് തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ജോയുടെ വരകള്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തു.
തുടര്‍ന്ന് കളി മാറി. ജോയുടെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഉയര്‍ന്നുവന്നു. ഒരു ഹോട്ടല്‍ അവരുടെ എട്ടടി ഉയരമുള്ള ചുവരില്‍ വരയ്ക്കാനായി ജോയെ സ്വീകരിച്ചു. മികച്ച പ്രതിഫലവും വാഗ്ദാനം ചെയ്തു. ജോയുടെ ചിത്രങ്ങള്‍ക്ക് ആവശ്യക്കാരേറി. ലക്ഷങ്ങള്‍ ലേലത്തിന് ചിത്രങ്ങള്‍ വിറ്റുപോകുന്ന അവസഥയായി. ഈ പണം ജോയുടെ ചിത്രകലാ പഠനത്തിനായി സ്വരുക്കൂട്ടി വയ്ക്കുകയാണ് ഗ്രെഗ്ഗും നെസ്സയും .
13–ാം വയസില്‍ ലോകപ്രശസ്ത സ്പോര്‍ട്ട് ബ്രാന്‍ഡായ നൈക്കി ജോയെ തിരഞ്ഞെത്തി. തങ്ങള്‍ക്കായി ചിത്രം വരയ്ക്കാന‍് അവര്‍ ജോയോട് പറഞ്ഞു. നൈക്കിക്കായി ജോ വരച്ചു. ജോ വരച്ച ചിത്രങ്ങളോടെ നൈക്കി ഷൂകള്‍ ഇറക്കാന‍് തുടങ്ങി. വന്‍ ഡീലാണ് നൈക്കി ജോയ്ക്കായി ഒരുക്കിയത്.
വിഖ്യാത ചിത്രകാരനായ പാബ്ലോ പിക്കാസോയുമായി ജോയെ താരതമ്യം ചെയ്യുന്നവരുണ്ട്. ഡൂഡ്ലിങ് ബോയ് എന്ന പേരും ജോയ്ക്കുണ്ട്.
പറയാനുള്ളത് നമ്മളോട് തന്നെയാണ്. ഒന്നിനെയും കുറച്ച് കാണരുത്, കുത്തിവരയ്ക്കാനും വേണം ഒരു കഴിവ്. ഉള്ള കഴിവുകള്‍ കളയാതെ സൂക്ഷിക്കുക തിരിച്ചറിയുക. അതായിരിക്കാം ചിലപ്പോള്‍ നമ്മളെ രക്ഷിക്കുക.