TOPICS COVERED

ഇസ്രയേലിലെ നിലവിലെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് വീണ്ടുമൊരു അവസരമില്ലാതെ തിരഞ്ഞെടുപ്പ് ഫലം. നെതന്യാഹുവിന്റെ പാര്‍ട്ടിയായ ലിക്കുഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സഖ്യത്തിന് കേവലഭൂരിപക്ഷം തികയ്ക്കാനായില്ല. പ്രതിപക്ഷസഖ്യത്തിനും കേവലഭൂരിപക്ഷമില്ലാതായതോടെ 19 സീറ്റുകള്‍ നേടിയ അറബ് സഖ്യത്തിന്റെ നിലപാടുകള്‍ നിര്‍ണായകമായി. എന്താണ് തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്? എന്താണ് ഇസ്രയേലില്‍ ഇനി സംഭവിക്കാന്‍ പൊകുന്നത്? നെതന്യാഹുവിന്‍റെ ഭാവിയെന്ത്?

ഒക്ടോബര്‍ 27നായിരുന്നു ഇസ്രയേലില്‍ പൊതുതിരഞ്ഞെടുപ്പ്. ‌2023ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനും തുടര്‍ന്ന് ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കും ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. രാജ്യത്ത് അഴിമതി ആരോപണങ്ങളും രാജ്യത്തിന് പുറത്ത് യുദ്ധക്കുറ്റമടക്കം കേസുകളും നേരിടുന്ന പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വിധിയെഴുത്ത്. 12000 പോളിങ് സ്റ്റേഷനുകളിലായി 73 ലക്ഷം വോട്ടര്‍മാര്‍. മറ്റുരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വ്യക്തികള്‍ക്കല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ഇസ്രയേലില്‍ ജനം വോട്ടുചെയ്യുന്നത്. ഏറ്റവും വലിയ ഒറ്റക്കകക്ഷി എന്നതിനപ്പുറം കൂട്ടുസഭയാണ് പതിവ്. പല ചെറിയ പാര്‍ട്ടികള്‍ മല്‍സരിക്കുകയും തിര​ഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപീകരിക്കുകയും ചെയ്യുന്നതാണ് ഇസ്രയേലിലെ സംവിധാനം. 2022 ലെ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിന്‍റെ നാലിലൊന്നും നേടിയാണ് നെതന്യാഹുവിന്റെ സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയത്. 1988നുശേഷം ആദ്യമായാണ് ഇസ്രയേലില്‍ ഒരു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്.  അങ്ങനെ ലോകം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പിന്റെ ഫലം പക്ഷേ, ഭരണപ്രതിപക്ഷ സഖ്യങ്ങള്‍ക്ക് അനുകൂലമായിരുന്നില്ല. രണ്ടുസഖ്യങ്ങള്‍ക്കും കേവലഭൂരിപക്ഷമായ 61 തികയ്ക്കാനായില്ല. എട്ട് സീറ്റുകള്‍ നേടിയ റാം പാര്‍ട്ടിയും 11 സീറ്റുകളുള്ള ജോയിന്റ് ലിസ്റ്റും അടങ്ങിയ അറബ് സഖ്യത്തിലായി ശ്രദ്ധ മുഴുവന്‍.

ജൂതരാഷ്ട്രമാണ് വേണ്ടതെന്നും ദ്വിരാഷ്ട്രം അംഗീകരിക്കാനാകില്ലെന്നും നിലപാടെടുക്കുന്ന നെതന്യാഹുവും ഗാദി ഐസന്‍കോട്ടും. ഹമാസിനെ ഭീകരരായി കാണുന്ന രണ്ട് സഖ്യങ്ങള്‍. പക്ഷേ, കേവലഭൂരിപക്ഷം കടന്ന് അധികാരത്തിലേറണമെങ്കില്‍ ഈ നിലപാടുകളെ എതിര്‍ക്കുന്ന, അംഗീകരിക്കാത്ത അറബ് സഖ്യത്തിന്റെ പിന്തുണ വേണം. ആശയങ്ങള്‍ എതിര്‍ധ്രുവത്തിലായവര്‍ എങ്ങനെ ഒരുമിച്ച് സര്‍ക്കാരുണ്ടാക്കും? പക്ഷ, അറബ് സഖ്യത്തിന് മുന്നില്‍ ഒറ്റ ലക്ഷ്യമായിരുന്നു. നെതന്യാഹുവിനെ അധികാരത്തില്‍‌ നിന്ന് പുറത്താക്കണം.

120 അംഗ പാര്‍ലമെന്റില്‍ 61പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 53 സീറ്റുകള്‍ നേടിയ നെതന്യാഹുവിന്റെ മുന്നണിയില്‍ നിന്ന് ഏഴ് സീറ്റ് നേടിയ തോറ ജൂഡായിസം പിന്‍വാങ്ങിയതോടെ സീറ്റെണ്ണം 46 ആയി ഒതുങ്ങി. മറുവശത്ത് 67പേരുടെ പിന്തുണയുണ്ടെന്ന് യാഷര്‍ പാര്‍ട്ടി നേതാവ് ഗാദി ഐസന്‍കോട്ട് അറിയച്ചതോടെയാണ് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്. യാഷര്‍ പാര്‍ട്ടിക്ക് 21, മുൻപ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യയ്ർ ലപീദും നയിക്കുന്ന ടുഗെതറിന് 12, യൈര്‍ ഗോലന്റെ ഡെമോക്രാറ്റ്സിന് എട്ട്, അവിഗ്ദോർ ലീബർമാന്റെ ഇസ്രയേൽ ഔർ ഹോം പാർട്ടിക്ക് ഏഴ്. അങ്ങനെ 48 സീറ്റുകള്‍ ഉറപ്പിച്ച ഐസന്‍കോട്ടിന് 19 സീറ്റുകളുള്ള അറബ് സഖ്യം പുറത്തുനിന്നുള്ള പിന്തുണ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ സംവിധാനമാകും ഇസ്രയേലിലുണ്ടാകാന്‍ പോകുന്നത്. അതായത് അറബ് സഖ്യം പുറത്തുനിന്നുള്ള പിന്തുണനല്‍കുകയും സര്‍ക്കാരിന്റെ ഭാഗമാകാതിരിക്കുകയും ചെയ്യുന്ന സംവിധാനം.

 പക്ഷേ, അറബ് പാര്‍ട്ടികളുടെ പിന്തുണ നേടുമ്പോള്‍ അത് ജൂതവിഭാഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പിന് കാരണമാകുമോയെന്ന് ഐസന്‍കോട്ടിന് ആശങ്കയുണ്ട്. അതിനാലാണ് വിശാലസഖ്യമെന്ന സാധ്യതയും ഐസന്‍കോട്ട് തേടുന്നത്. ഇസ്രയേല്‍ ഭരണഘടന പ്രകാരം ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരുമിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനാകും. അത്തരത്തില്‍ വിശാലസഖ്യം രൂപീകരിക്കാമെന്ന ആദ്യ വാഗ്ദാനം വന്നത് നെതന്യാഹുവില്‍ നിന്നായിരുന്നു. എന്നാല്‍, താന്‍ പ്രധാനമന്ത്രിയായി നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുടെ പിന്തുണയോടെ വിശാലസഖ്യം രൂപീകരിക്കാന്‍ തയാറെന്നാണ് ഐസന്‍കോട്ട് നിലപാടറിയിച്ചത്. അങ്ങനെ ജൂതപാര്‍ട്ടികള്‍ ഒരുമിച്ചുനിന്നാല്‍ അറബ് സഖ്യത്തെ ഭരണത്തിന്റെ ഭാഗമാകുന്നതില്‍ നിന്ന് ഒഴിവാക്കാനാകുമെന്ന് ഐസന്‍കോട്ടും കരുതുന്നു. അങ്ങനെ ന്യൂനപക്ഷ സര്‍ക്കാര്‍, അല്ലെങ്കില്‍ വിശാല സര്‍ക്കാര്‍ എന്നീ രണ്ട് സാധ്യതകളാണ് ഐസന്‍കോട്ടിന് മുന്നിലുള്ളത്. അറബ് സഖ്യത്തിന്റെ പിന്തുണ പുറത്തുനിന്നുപോലും തേടില്ലെന്ന നിലപാടുള്ള നെതന്യാഹുവിന് മുന്നില്‍ ഒരു സാധ്യത മാത്രം. ഐസന്‍കോട്ടിനെ കൂടെച്ചേര്‍ത്ത് വിശാല സഖ്യം. പക്ഷേ, ആ സാധ്യത ഐസന്‍കോട്ട് നേരത്തേ തള്ളിയതിനാല്‍ നിലവില്‍ നെതന്യാഹുവിന് മുന്നില്‍ വഴിയടഞ്ഞുഎന്നുതന്നെ പറയാം. 

ഗാദി ഐസന്‍കോട്ട് അറബ് സഖ്യത്തിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ എന്ത് സംഭവിക്കും? ഇപ്പോള്‍ അധികാരത്തിലേറിയില്ലെങ്കില്‍ നെതന്യാഹുവിന്റെ ഭാവി എന്താകും? സങ്കീര്‍ണവും അസ്ഥരവുമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ പതിവായ ഇസ്രയേലില്‍ കാര്യങ്ങള്‍ പ്രവചനാതീതമാണ്. ജനങ്ങള്‍ വോട്ടുചെയ്യുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണെങ്കിലും സഖ്യ രൂപീകരണത്തില്‍ നേതാക്കളുടെ താല്‍പര്യങ്ങള്‍ക്കാണ് പ്രാധാന്യം. അതുകൊണ്ടാണ് ജൂതവികാരം ഉയര്‍ത്തിക്കാട്ടുന്ന, ഒരേ ലക്ഷ്യത്തിനായി ഭരണം ആഗ്രഹിക്കുന്ന നെതന്യാഹുവും ഐസന്‍കോട്ടും നേര്‍ക്കുനേര്‍ പോരാടുന്നത്. 

2021 ജൂണില്‍ നഫ്താലി ബെന്നറ്റും യയ്‌ർ ലപീദും ചേര്‍ന്നുണ്ടാക്കിയ സര്‍ക്കാരില്‍ ഇസ്രയേല്‍ ചരിത്രത്തിലാദ്യമായി ഒരു അറബ് പാര്‍ട്ടി, മന്‍സൂര്‍ അബ്ബാസിന്റെ റാആം പാര്‍ട്ടി ഭാഗമായിരുന്നു. അന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡ് പാർട്ടിയുടെ തലവനായ നെതന്യാഹുവിനെയായിരുന്നു സർക്കാരുണ്ടാക്കാൻ പ്രസിഡന്റ് ആദ്യം ക്ഷണിച്ചത്. എന്നാൽ ആവശ്യമായ പിന്തുണ നേടിയെടുക്കാൻ കഴിയാതെ വന്നതോടെ രണ്ടാമത്തെ വലിയ കക്ഷിയായ യെഷ് അതീദ് പാർട്ടിയുടെ തലവനായ ലപീദിനെ ക്ഷണിച്ചു. അങ്ങനെയാണ് നഫ്താലി ബെന്നറ്റിനെ പ്രധാനമന്ത്രിയാക്കി സര്‍ക്കാര്‍രൂപീകരിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അറബ് പാര്‍ട്ടികള്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ, പുറത്തുനിന്നുള്ള പിന്തുണപോലും തേടുന്നതില്‍ ജൂതവിരോധം ഏല്‍ക്കേണ്ടിവരുമെന്ന ആശങ്കയിലാണ് ഐസന്‍കോട്ട്. പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന ഐസന്‍കോട്ടിന് മുന്നില്‍ ഡിസംബര്‍ ആറ് വരെ സമയമുണ്ട്, അതിനകം രൂപീകരിച്ചില്ലെങ്കില്‍ പരമാവധി 14 ദിവസം കൂടി പ്രസിഡന്റ് സമയം അനുവദിക്കും. എന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ നെതന്യാഹുവിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ക്ഷണിക്കും. 

നെതന്യാഹുവിനും സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ്. നിലവിലെ സൂചനകള്‍പോലെ അറബ് സഖ്യത്തിന്റെ പിന്തുണയോടെ ഐസന്‍കോട്ട്  ഭരണത്തിലേറിയാല്‍ സ്പീക്കര്‍തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പാണ്. പക്ഷേ, മുന്നോട്ടുള്ള നയരൂപീകരണങ്ങളില്‍ അറബ് സഖ്യം എതിര്‍നിലപാട് സ്വീകരിച്ചാല്‍ ഐസന്‍കോട്ടിന് വെല്ലുവിളിയാകും. 2021 ജൂണില്‍ അറബ് പാര്‍ട്ടി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും കൃത്യം ഒരുവര്‍ഷം മാത്രമായിരുന്നു ആയുസ്. 2022 ജൂലൈയില്‍ സര്‍ക്കാര്‍ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായി.  മതപരമായ മൂല്യങ്ങൾ കൈവിടുന്നെന്ന് ആരോപിച്ച് ഭരണസഖ്യ വിപ്പ് ഈഡിത് സിൽമാൻ രാജിവച്ചതോടെ ആ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 1967ൽ വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാർക്കു നിയമസാധുത നൽകുകയും പലസ്തീൻകാരെ 5 വർഷം കൂടുമ്പോൾ പുതുക്കേണ്ട പ്രത്യേക നിയമപരിധിയിലാക്കുകയും ചെയ്തിരുന്നു. പലസ്തീൻകാർക്കുള്ള നിയമം പുതുക്കേണ്ട സമയമായപ്പോഴാണു സർക്കാരിലെ ഭിന്നത പുറത്തുവന്നത്. ഇങ്ങനൊരു ചരിത്രത്തിലാണ് നെതന്യാഹുവിന്റെ പ്രതീക്ഷ. അറബ് പാര്‍ട്ടികളെ കൂടെക്കൂട്ടിയുള്ള സര്‍ക്കാരുകള്‍ അധികംവാഴില്ലെന്നും അതിനാല്‍തന്നെ ഉടന്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറാമെന്നും നെതന്യാഹു കണക്കുകൂട്ടുന്നു. 

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള പിന്തുണ. ഹമാസിനെ തച്ചുതകര്‍ത്തെന്ന അവകാശവാദം. എന്നിട്ടും നെതന്യാഹുവിനെ എന്തുകൊണ്ട് ജനം പിന്തുണച്ചില്ല. ഒരുവര്‍ഷം മുന്‍പ് മാത്രം രൂപീകരിച്ച പാര്‍‌ട്ടിയുമായെത്തിയ ഗാദി ഐസന്‍കോട്ട് എങ്ങനെ നെതന്യാഹുവിന്റെ എതിരാളിയായി. ഐസന്‍കോട്ടിനെ ജനം എന്തുകൊണ്ട് വിശ്വസിച്ചു? രണ്ടുപേരും ജൂതവികാരം ഉയര്‍ത്തിയാണ് വോട്ടുതേടിയതെങ്കിലും നിലപാടുകളില്‍ വ്യത്യാസമുണ്ട്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന ഇസ്രയേല്‍ മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായിരുന്നു. നെതന്യാഹു ഈ വാര്‍ത്ത തള്ളുകയും യുഎഇ സ്ഥിരീകരിക്കാതിരിക്കുകയും ചെയ്തെങ്കിലും മുന്നറിയിപ്പുണ്ടായിട്ടും രാജ്യത്തെ രക്ഷിക്കാന്‍ നെതന്യാഹുവിനായില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. എന്നാല്‍, ചരിത്രത്തില്‍ ഇതുവരെയില്ലാത്തവിധം ഹമാസിനെ തച്ചുടച്ചത് വലിയ വിജയമാണെന്നായിരുന്നു നെതന്യാഹുവിന്റെ അവകാശവാദം. ഒപ്പം ഇറാനെതിരായി ട്രംപുമായി ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളെയും നെതന്യാഹു രാജ്യസുരക്ഷയ്ക്കായെടുത്ത നടപടിയെന്ന പേരില്‍ പ്രചരണവിഷയമാക്കി. 

നെതന്യാഹുവിന് വോട്ടുചെയ്യണമെന്ന് ഇസ്രയേല്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുറന്നകത്തെഴുതി.  രാജ്യത്തിന്റെ ഏകരക്ഷകന്‍ താനാണെന്നാണ് നെതന്യാഹു ആവര്‍ത്തിച്ചത്. എന്നാല്‍ മറുപക്ഷത്ത്, രാജ്യം നേരിട്ട വലിയ ആക്രമണത്തെ തടയാനാകാത്ത, അഴിമതി ആരോപണങ്ങള്‍ നേരിടുന്ന, വിലക്കയറ്റമടക്കം പ്രശ്നങ്ങളെ കാണാത്ത ഭരണാധികാരിയാണ് നെതന്യാഹുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ആ ആരോപണങ്ങളില്‍ ജനം ഒരുപരിധി വരെയെങ്കിലും വിശ്വസിച്ചതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. ഗാസയിലെ യുദ്ധങ്ങളുടെ പേരില്‍ രാജ്യാന്തര നീതിന്യായ കോടതി നെതന്യാഹുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. പക്ഷേ, ഗാസയില്‍ ഹമാസിനെതിരെ ചെയ്യുന്നതിനെ എതിര്‍ത്താല്‍ അത് ജൂതവികാരത്തിന് എതിരാകുമെന്നതിനാല്‍ ഐസന്‍കോട്ടിന്റെ സഖ്യം അത് ചോദ്യം ചെയ്തില്ലെന്നതാണ് യാഥാര്‍ഥ്യം.

ഇസ്രയേലിന്റെ മുന്‍സൈനികമേധാവി ഗാദി ഐസന്‍കോട്ട് ഇസ്രയേലിന്റെ ഭരണതലപ്പത്തേക്ക് ചുവടുവയ്ക്കുന്നു. ഹമാസ്, ഇസ്രയേല്‍ വിഷയങ്ങളില്‍ നെതന്യാഹുവിനേക്കാള്‍ കടുപ്പക്കാരന്‍. ഗാസ യുദ്ധത്തില്‍ സ്വന്തം മകന്‍ കൊല്ലപ്പെട്ടതിന്റെ വൈകാരികത. ജൂതരാഷ്ട്രം ലക്ഷ്യമിട്ട് രൂപീകരിക്കപ്പെട്ട യാഷാര്‍ പാര്‍ട്ടി നേതാവില്‍ നിന്ന് ലോകം പ്രതീക്ഷിക്കുന്നതെന്താണ്.  ഇറാന്‍റെ കാര്യത്തിലും ഐസന്‍കോട്ടിന് കടുത്തനിലപാടാണുള്ളത്. ഇറാൻ ഒരു നിരന്തരമായ തന്ത്രപരമായ ഭീഷണിയാണെന്നാണ് ഐസന്‍കോട്ടിന്റെ വിലയിരുത്തല്‍. ആ ഭീഷണിയെ തകര്‍ത്താന്‍ മുന്‍ സൈന്യാധിപന്‍ എന്ന നിലയില്‍ സൈനികപരമായ ചില നടപടികളും നിര്‍ദേശിക്കുന്നുണ്ട്. ഇറാനുയര്‍ത്തുന്ന ആണവഭീഷണി ശാശ്വതമായി അവസാനിപ്പിക്കാന്‍ സൈനികനടപടി ആവശ്യമാണെന്നാണ് ഐസന്‍കോട്ടിന്റെ വാദം. ഇറാന്റെ  ബാലിസ്റ്റിക് മിസൈൽ ശേഷിയെ ലക്ഷ്യമിട്ട് മൊസാദിന്റെ രഹസ്യ ഓപ്പറേഷനുകൾ വിപുലീകരിക്കണമെന്നും ഐസന്‍കോട്ട് ആവശ്യമുന്നയിക്കുന്നുണ്ട്. നയതന്ത്ര പരിഹാരത്തിന് മുൻഗണന നൽകുമ്പോഴും, നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ യുഎസ് ഉപരോധങ്ങളും വിപുലമായ രഹസ്യ നടപടികളും ഐസന്‍കോട്ടിന്റെ പദ്ധതിയിലുണ്ട്. അതായത് നെതന്യാഹുവിനേക്കാള്‍ സൈനികപരമായി ഒരുപിടി കടന്നാണ് ഇറാന്റെ കാര്യത്തില്‍ ഐസന്‍കോട്ടിന്റെ പദ്ധതികള്‍. ഇറാന്‍ പ്രധാനശത്രുവെന്ന നിലപാടില്‍ നെതന്യാഹുവും ഐസന്‍കോട്ടും തമ്മില്‍ വ്യത്യാസമില്ല. 

ഇസ്രയേലിന്‍റെ ഗോഡ്ഫാദറായ യുഎസുമായുള്ള സമീപനവും വരുംകാലങ്ങളില്‍ നിര്‍ണായകമാണ്. യുഎസ് കോണ്‍ഗ്രസില്‍ ട്രംപിന്റെ സ്വാധീനം കുറഞ്ഞുതുടങ്ങുന്നു. ഇസ്രയേല്‍ നയത്തെ എതിര്‍ത്ത് യുഎസ് വൈസ് പ്രസിഡന്റ് പോലും മുന്നോട്ടുവരുന്ന സാഹചര്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നെതന്യാഹുവിന് ശേഷവും രണ്ട് വര്‍ഷം കഴിഞ്ഞ് ട്രംപിന് ശേഷവും എങ്ങനെയായിരിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നു. ഇസ്രായേലിന് പ്രതിവർഷം നൽകിവരുന്ന നാല് ബില്യൺ ഡോളറിന്റെ ധനസഹായം നിർത്തുകുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. നെതന്യാഹുവുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിയതായും ട്രംപ് അവകാശപ്പെടുന്നു പറഞ്ഞു. നെതന്യാഹുവിനും ഐസൻകോട്ടും നയങ്ങളുടെ കാര്യത്തിൽ സമാനമായ കാഴ്ചപ്പാടാണുള്ളതെന്നാണ് ട്രംപ് വിലയിരുത്തുന്നത്. ട്രംപ് ഇത്തരമൊരു തീരുമാനമെടുത്തത് നെതന്യാഹുവിന്റെ പിടിപ്പുകേടെന്നാണ് ഐസന്‍കോട്ട് ആരോപിക്കുന്നത്. നെതന്യാഹു മാറി ഐസന്‍കോട്ട് വരുമ്പോള്‍ ട്രംപുമായുള്ള ബന്ധം അതേപടി തുടര്‍ന്നേക്കും. പക്ഷേ, ഇസ്രയേലിന് വഴിവിട്ട സഹായങ്ങള്‍ നല്‍കാന്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള യുഎസ് കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് ഉറപ്പാണ്. ഒപ്പം ട്രംപിനെ ചോദ്യം ചെയ്യുന്ന ശക്തിയായ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് മുന്നോട്ടുവന്നതും ട്രംപിന്റെ ഇസ്രയേല്‍ നയത്തിന് തിരിച്ചടിയാണ്.

യുഎസ് ഇസ്രയേല്‍ ഇടപെടലുകള്‍ മിഡില്‍ ഈസ്റ്റ് രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. നെതന്യാഹുവിന്റെ കാലത്താണ് യുഎഇയും ബഹ്റൈനുംഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഇതേകാലത്താണ് യുഎസും ഇസ്രയേലും ആക്രമണം നടത്തിയെന്ന കാരണത്താല്‍ ഇറാന്‍ ആറ് ഗള്‍ഫ് രാജ്യങ്ങളും ആക്രമിക്കുന്നത്. നെതന്യാഹു മാറി ഐസന്‍കോട്ടെത്തുമ്പോള്‍ എന്തായിരിക്കും ഗള്‍ഫ് രാജ്യങ്ങളോടുള്ള സമീപനം. അബ്രഹാം അക്കോഡിലേക്ക് കൂടുതല്‍ രാജ്യങ്ങളെത്തുമോ? അതോ സുരക്ഷയുടെ പേരില്‍ ഇസ്രയേല്‍ ബന്ധം മുറിയുമോ? 2021 സെപ്റ്റംബര്‍ 15ന് ട്രംപിന്റെ മധ്യസ്ഥതയിലാണ് ചരിത്രത്തിലാദ്യമായി ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ നയതന്ത്രബന്ധം തുടങ്ങിയത്. വൈറ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽലത്തീഫ് അൽ സയാനിയുമാണ് കരാറുകളി‍ൽ ഒപ്പിട്ടത്.  മധ്യപൂർവദേശത്ത് ഇറാന്റെ മേധാവിത്തം തടയാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് യുഎസ് മധ്യസ്ഥതയിൽ ഗൾഫ് രാജ്യങ്ങൾ ഇസ്രയേലുമായി സൗഹൃദത്തിലായത്. കൂടുതല്‍ രാഷ്ട്രങ്ങള്‍ ഇസ്രയേലുമായി കരാറിലൊപ്പിടുമെന്ന് ട്രംപ് പറഞ്ഞെങ്കിലും അതിനിടെയാണ് ഗാസ യുദ്ധമുണ്ടാകുന്നത്. പിന്നീട് ഇറാനെ ആക്രമിച്ചതോടെ മേഖല പൂര്‍ണമായും യുദ്ധാന്തരീക്ഷത്തിലായതോടെ അത്തരം ചര്‍ച്ചകള്‍ വഴിമുട്ടി. 

ഐസന്‍കോട്ട് അധികാരത്തിലേറിയശേഷം നെതന്യാഹുവിനെതിരായ അഴിമതി ആരോപണങ്ങളും യുദ്ധവുമായി ബന്ധപ്പെട്ടെടുത്ത തീരുമാനങ്ങളും അന്വേഷണവിധേയമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജയില്‍ശിക്ഷ ഒഴിവാക്കാനാണ് നെതന്യാഹു തുടരെ യുദ്ധം നടത്തുന്നതെന്ന ആരോപണമുണ്ട്. അതിനാല്‍തന്നെ നെതന്യാഹുവിന്റെ പിന്തുണയില്ലാതെ അധികാരത്തിലേറിയാല്‍ ഐസന്‍കോട്ടെടുക്കുന്ന നിലപാട് നിര്‍ണായകമാകും. മറുവശത്ത് അറബ് സഖ്യങ്ങളെ കൂട്ടുപിടിച്ചതിനെതിരായി നെതന്യാഹുവും കടുത്തവിമര്‍ശനങ്ങളുന്നയിക്കാം. മറ്റൊരു സാധ്യതയായ വിശാല സര്‍ക്കാരാണ് രൂപീകരിക്കപ്പെടുന്നതെങ്കില്‍ നെതന്യാഹുവിനെതിരെ അത്തരം അന്വേഷണങ്ങള്‍ക്കുള്ള സാധ്യത അടയും. ഒരു കാര്യം ഉറപ്പാണ് നെതന്യാഹുവിന്റെ വഴി ഇപ്പോള്‍ അടഞ്ഞാലും ഉടന്‍ അടുത്തൊരു തിരഞ്ഞെടുപ്പെന്നൊരു സാധ്യത മുന്നിലുണ്ട്. അതിലേക്കായിരിക്കും വരും ദിവസങ്ങളില്‍ നെതന്യാഹുവിന്റെ ശ്രദ്ധ. അതേസമയം, യുഎസില്‍ റിപ്പബ്ലിക്കന്‍സ് മാറി ഡെമോക്രാറ്റുകള്‍ വന്നാലും ഇസ്രയേലിനെ പൂര്‍ണമായും ഉപേക്ഷിച്ചേക്കില്ല. ഒപ്പം നെതന്യാഹു മാറി ഐസന്‍കോട്ട് വന്നതുകൊണ്ട് ഇസ്രയേലെന്ന രാഷ്ട്രം ഇപ്പോള്‍ തുടരുന്ന നിലപാടുകളില്‍ മാറ്റം വരാന്‍ ഒരു സാധ്യതയുമില്ലെന്ന് മാത്രമല്ല, സൈനിക നടപടികളടക്കം കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായേക്കുമെന്നതാണ് യാഥാര്‍ഥ്യം. 

Israel Election Results Leave Netanyahu Without a Clear Majority:

Benjamin Netanyahu faces political uncertainty as Israel elections fail to deliver a clear majority for any coalition. The inconclusive results have made the Arab alliance's stance crucial for the future of the Israeli government