ഒരു സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. അതിനെച്ചൊല്ലി മറ്റൊരു ക്യാംപസിൽ മന്ത്രിക്കെതിരെ പ്രതിഷേധം. ഒടുവിൽ ബിരുദദാന ചടങ്ങിനിടെ വാഗ്വാദം, നാടകീയ രംഗങ്ങൾ... പ്രസംഗം പൂർത്തിയാക്കാതെ വേദി വിടുന്ന മന്ത്രി..!
കേരളത്തിലെ ക്യാംപസ് രാഷ്ട്രീയം വീണ്ടും കലുഷിതമാവുകയാണ്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ തുടങ്ങിയ വിദ്യാർത്ഥി സമരത്തിന്റെ അലയൊലികൾ മഹാരാജാസ് കോളേജിലേക്കും പടരുമ്പോൾ, കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ വീണ്ടും ചോദ്യങ്ങൾ ഉയരുകയാണ്. തങ്ങള്‍ക്കുനേരെയെടുത്ത നടപടിക്കെതിരെ വിദ്യാർത്ഥികൾ തെരുവിലിറങ്ങുമ്പോൾ, പ്രതിഷേധം മന്ത്രിയെ തടയുന്നതിലേക്കു വരെ എത്തിയത് എന്തുകൊണ്ട്? വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടമോ, അതോ രാഷ്ട്രീയ പോരിന്റെ പുതിയൊരു അധ്യായമോ? ക്യാംപസുകളിൽ ഉയരുന്ന മുദ്രാവാക്യങ്ങൾക്കപ്പുറം, ഈ പ്രതിഷേധങ്ങളുടെ രാഷ്ട്രീയം എന്താണ്?
ഈ സമരങ്ങളുടെ തുടക്കം എവിടെയാണ്? കാലടി സംസ്കൃത സർവകലാശാലയിൽ 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയാണ് മഹാരാജാസിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ എസ്.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കണമെന്നും അധ്യാപക ഒഴിവുകൾ നികത്തണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ സമരമാണ് പിന്നീട് വിവാദത്തിലേക്ക് നീങ്ങിയത്. സമരത്തിന്റെ ഭാഗമായി അവതരിപ്പിച്ച തെരുവുനാടകവും, പ്രതീകാത്മക ശവമഞ്ചവുമായി ബന്ധപ്പെട്ട പ്രതിഷേധവും സർവകലാശാലാ അധികൃതരും വിദ്യാർത്ഥി സംഘടനയും തമ്മിലുള്ള തർക്കം രൂക്ഷമാക്കി.
മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനെത്തിയപ്പോഴായിരുന്നു മന്ത്രി റോജിക്കു നേരെ എസ്എഫ്ഐയുടെ പ്രതിഷേധം. വിസിക്ക് എതിരെ പ്രതിഷേധിച്ച് സസ്പെൻഷനിലായ കാലടി സംസ്കൃത സർവകലാശാലാ വിദ്യാർഥികളെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പരിപാടി കഴിഞ്ഞ് മറുപടി പറയാമെന്ന് മന്ത്രി. ഇപ്പോൾ വേണമെന്ന് വിദ്യാർഥികൾ. പ്രതിഷേധം കനത്തപ്പോൾ പൊലീസ് എത്തി. ഇതോടെ നിലപാട് പറഞ്ഞ് മന്ത്രി വേദി വിട്ടു.
പിന്നാലെ പരിപാടി അലങ്കോലപ്പെടുത്തിയ SFI പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. വിദ്യാർഥി പ്രശ്നമാണ് ഉയർത്തിയതെന്നും പരിപാടി അലങ്കോലമാക്കിയിട്ടില്ലെന്നും SFI. പ്രതിഷേധം ജനാധിപത്യപരമായ അവകാശമാണെന്ന് മന്ത്രി പറയുമ്പോഴും സമരത്തിന്റെ പേരിൽ അക്രമമോ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന നടപടികളോ അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം, തങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി തേടുക മാത്രമായിരുന്നു ലക്ഷ്യമെന്നും പ്രതിഷേധം സമാധാനപരമായിരുന്നു എന്നുമാണ് എസ്.എഫ്.ഐയുടെ വിശദീകരണം. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പരാതികൾ മന്ത്രിയോട് നേരിട്ട് ചോദിക്കാനുള്ള അവകാശമില്ലേ എന്ന ചോദ്യത്തിനൊപ്പം തന്നെ മറ്റൊരു കൂട്ടം വിദ്യാർത്ഥികളുടെ ജീവിതത്തിലെ സുപ്രധാന നിമിഷമായ ബിരുദദാന ചടങ്ങ് പ്രതിഷേധത്തിന്റെ വേദിയാക്കുന്നത് എത്രത്തോളം ശരിയാണെന്നും ചോദ്യമുയരുന്നു. വിദ്യാർത്ഥികളുടെ അവകാശങ്ങളും സർവകലാശാലകളുടെ അച്ചടക്കവും തമ്മിലുള്ള അതിർവരമ്പ് എവിടെയാണ് ? ജനാധിപത്യപരമായ പ്രതിഷേധവും പ്രതിഷേധത്തിന്റെ പേരിലുള്ള അതിരുകടക്കലും തമ്മിലുള്ള വ്യത്യാസം എന്താണ് ? സമരമോ, അധികാരത്തോടുള്ള ചോദ്യംചെയ്യലോ, അതോ ക്യാമ്പസ് രാഷ്ട്രീയത്തിലെ പുതിയൊരു ഏറ്റുമുട്ടലോ ? ഇതെല്ലാം പരിശോധിക്കുമ്പോൾ, കേരളത്തിലെ ക്യാംപസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന ചോദ്യം പ്രസക്തമാകുന്നു.