രാവിലെ രണ്ടര മണി. തിരുവനന്തപുരം കടന്ന് തിരുനെൽവേലി ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു ബിലാസ്പൂർ എക്‌സ്പ്രസ്. പാറശാല റെയിൽവേ സ്‌റ്റേഷൻ എത്താൻ മീറ്ററുകൾ മാത്രം ബാക്കിനിൽക്കെ എൻജിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് എൻജിൻ പാളം തെറ്റിയതിനൊപ്പം ബോഗികളിൽ നിന്നും വേർപെട്ടു. എൻജിനും ബോഗികളും വേർപെട്ടെങ്കിലും തലനാരിഴയ്ക്കാണ് അത്യാഹിതം ഒഴിവായത്. ഇതോടെ ട്രെയിൻ ഗതാഗതം താറുമാറായി. നാല് പാസഞ്ചറുകൾ റദ്ദാക്കി. അഞ്ചര മണിക്കൂറിന് ശേഷമാണ് തടസംനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. എട്ട് ട്രെയിനുകൾ പുറപ്പെടാൻ വൈകുകയോ പാതിവഴിയിൽ നിർത്തിയിടുകയോ ചെയ്തു.
പാളത്തിന് പുറത്തേക്ക് ചാടിയ ട്രെയിൻ എൻജിൻ ഏഴര മണിയോടെ തിരികെ ട്രാക്കിലേക്ക് കയറ്റി പാറശ്ശാല സ്‌റ്റേഷനിലേക്ക് മാറ്റി. ട്രെയിനുകൾ റദ്ദാക്കിയതും പുറപ്പെടാൻ വൈകിയതും യാത്രക്കാരെ കാര്യമായി വലച്ചു. ബിലാസ്പൂർ ട്രെയിനിൻ്റെ ബോഗികൾ മറ്റൊരു എന്‍ജിന്‍ ഘടിപ്പിച്ച് നെയ്യാറ്റിൻകര സ്‌റ്റേഷനിലേക്ക് മാറ്റി. യാത്രക്കാരെ ബസ് മാർഗം ലക്ഷ്യസ്ഥാനത്തേക്ക് അയച്ചതായി റെയിൽവേ അറിയിച്ചു. ട്രാക്കിലെ മണ്ണ് നീക്കി 8.55 ഓടെ താംബരം തിരുവനന്തപുരം അമൃത് ഭാരതും, പിന്നാലെ കന്യാകുമാരി മംഗലാപുരം പരശുറാം എക്സ്പ്രസും കടത്തിവിട്ടു.